
ദുബായ് : കഴിഞ്ഞ മുപ്പത് വർഷമായി സാമൂഹ്യനീതിക്കായി പ്രവർത്തിച്ചുവരുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ പ്രഖ്യാപിച്ച് യു.എ.ഇയിലെ എട്ട് എസ്.എൻ.ഡി.പി യോഗം യൂണിയനുകൾ.
അജ്മാൻ ദുബായ് മെഡിക്കൽ ഓഡിറ്റോറിയത്തിൽ നടന്ന സംയുക്ത പ്രവർത്തക സംഗമത്തിലാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. യോഗത്തിൽ എസ്.എൻ.ഡി.പി യോഗം യു.എ.ഇ കോ-ഓർഡിനേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
വെള്ളാപ്പള്ളി നടേശനെതിരെ ചില ശക്തികൾ അസംബന്ധ ആരോപണങ്ങൾ ഉയർത്തുന്നതായി സിനിൽ മുണ്ടപ്പള്ളി ചൂണ്ടിക്കാട്ടി. വെള്ളാപ്പളളിയുടെ നേതൃത്വത്തിൽ സമൂഹത്തിന്റെ ശാക്തീകരണത്തിനായി യോഗം നിർണായക ഇടപെടലുകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 30 വർഷമായി യോഗത്തിന്റെ സാരഥ്യം വഹിക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ യോഗം തീരുമാനിച്ചു.
93 -മത് ശിവഗിരി തീർത്ഥാടനം ഭക്തിസാന്ദ്രമായി ആചാരാനുഷ്ടാനങ്ങളോടെ യു.എ.ഇയിൽ സംഘടിപ്പിക്കും. വിളംബര ഘോഷയാത്ര, സംയുക്ത പ്രവർത്തക യോഗങ്ങൾ പോഷകസംഘടന പ്രവർത്തക യോഗങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആദ്ധ്യാത്മിക സമ്മേളനങ്ങൾ തുടങ്ങി ഒരു വർഷം നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. 300 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. യു.എ.ഇയിലെ എട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പൂർണ്ണകായ വെങ്കല പ്രതിമ നിർമ്മിക്കാനും തീരുമാനിച്ചു.
സ്വാഗതസംഘം ചെയർമാനായി ബി. ജയപ്രകാശിനേയും വൈസ് ചെയർമാനായി സാജൻ സത്യയേയും സെക്രട്ടറിയായി ശ്രീധരൻ പ്രസാദിനേയും ട്രഷററായി ജെ.ആർ.സി. ബാബുവിനേയും ജനറൽ കൺവീനറായി സിജു മംഗലശ്ശേരിയേയും യോഗം ജനറൽ സെക്രട്ടറി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |