
കൊച്ചി: വൈകാരികതയും വിവാദങ്ങളും നിറഞ്ഞ വിചാരണ. പ്രോസിക്യൂട്ടർമാരുടെ രാജി. നീതിപീഠത്തിലേക്കു നീണ്ട ചോദ്യമുനകൾ. പ്രളയവും കൊവിഡും കടന്ന കാലം. തുടരന്വേഷണത്തിന്റെ കോലാഹലം. നടിയെ ആക്രമിച്ച കേസ് സംഭവബഹുലമായിരുന്നു. കടുത്ത സമ്മർദ്ദത്തിലും ഒരാൾ മാത്രം ഇളകാതെ നിന്നു. കേസിൽ വിധി പറഞ്ഞ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസ്.
ജഡ്ജിയെ ഇളക്കാൻ പല ശ്രമങ്ങളുമുണ്ടായി. ഒട്ടേറെ ആരോപണങ്ങളും. സി.പി.എം സംസ്ഥാന സമിതിയംഗവും തൃശൂർ മുൻ ജില്ലാ സെക്രട്ടറിയുമായ എം.എം. വർഗീസിന്റെ മകളാണ് ഹണി. കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധം മുൻനിറുത്തിയും പ്രചാരണമുണ്ടായി. അപ്പോഴെല്ലാം ഉന്നത കോടതികൾ താങ്ങായി. കേസ് കേൾക്കുന്ന ചുമതലയിൽ നിലനിറുത്തി. എഴുന്നൂറിലധികം ദിവസങ്ങളിലെ സിറ്റിംഗുകളിലൂടെ വിചാരണ പൂർത്തിയാക്കി.
2018 മാർച്ച് 8ന്, ഇപ്പോൾ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിചാരണ തുടങ്ങിവച്ചത്. വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കേസ് ഹണിയിലേക്കെത്തിയത്. അന്ന് എറണാകുളം ജില്ലയിലെ വിചാരണക്കോടതികളിലെ ഏക വനിതാ ജഡ്ജിയെന്ന നിലയിലാണ് സി.ബി.ഐ പ്രത്യേക കോടതിയിലെ അഡിഷണൽ സെഷൻസ് ജഡ്ജിയായിരുന്ന ഹണിക്ക് ഈ നിയോഗം വന്നത്. പിന്നീട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടി കോടതി മാറിയപ്പോഴും കേസ് മാറ്റിയില്ല.
അതിനിടെ, അതിജീവിത ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. വിചാരണ പക്ഷപാതപരമാണെന്നും ദിലീപുമായി ജഡ്ജിക്ക് പരിചയമുണ്ടെന്നും മറ്റുമായിരുന്നു ആരോപണം. കോടതി മുറിയിൽ പലതവണ കരയേണ്ട സാഹചര്യം പോലുമുണ്ടായി എന്നടക്കം നടി പരാതിപ്പെട്ടു. പ്രോസിക്യൂഷനും അതിജീവിതയുടെ ആവശ്യത്തിനൊപ്പം നിന്നു. എന്നാൽ ഹൈക്കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല.
വിചാരണ പൂർത്തിയാക്കാൻ പരമോന്നത കോടതി നൽകിയ സമയപരിധി പലതവണ കഴിഞ്ഞുപോകുന്ന സ്ഥിതിയുമുണ്ടായി. ഈ പരീക്ഷണങ്ങളെല്ലാം അതിജീവിച്ചായിരുന്നു വിധി പ്രസ്താവം.
പ്രോസിക്യൂട്ടർമാരുടെ രാജി
രഹസ്യവിചാരണയ്‌ക്കിടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ പിണങ്ങിപ്പിരിഞ്ഞ സംഭവവും ഉണ്ടായി. എസ്. സുരേശൻ, വി.എൻ.അനിൽകുമാർ എന്നിവരാണ് ഒഴിഞ്ഞത്. അഡ്വ. വി.അജകുമാറാണ് പ്രോസിക്യൂഷൻ വാദങ്ങൾ പൂർത്തിയാക്കിയത്. പൊലീസ് കൊണ്ടുവരുന്ന എല്ലാ പ്രതികൾക്കും ശിക്ഷ വാങ്ങി നൽകുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് പൊതുചടങ്ങിൽ ഹണി എം.വർഗീസ് പ്രസംഗിച്ചതും വാർത്തയായി. ജാമ്യത്തിന് പ്രതിക്ക് അർഹതയുണ്ടെങ്കിൽ പ്രോസിക്യൂട്ടർ അത് അംഗീകരിക്കണമെന്നാണ് ഹണി സൂചിപ്പിച്ചത്.
മെമ്മറി കാർഡ് വിവാദം
കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ അനധികൃതമായി പരിശോധിച്ചെന്ന പരാതിയുമായി അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങൾ ചോർത്തുമെന്ന ആശങ്ക പങ്കുവച്ചു. പരാതി രാഷ്ട്രപതിക്കും നൽകി. മാദ്ധ്യമശ്രദ്ധ നേടിയ കേസിൽ ജഡ്ജിക്ക് സമ്മർദ്ദങ്ങളുണ്ടാകാം, എന്നാൽ, അനാവശ്യ ആരോപണങ്ങളുന്നയിച്ച് മനോവീര്യം തകർക്കരുതെന്നാണ് സുപ്രീംകോടതി പരാമർശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |