കൊല്ലം: ഇന്ദ്രപ്രസ്ഥം അടക്കിവാണ നൂറംഗ ക്രിമിനൽ സംഘത്തിന്റെ തലവനെ കേരളാ പൊലീസ് പുഷ്പം പോലെ പിടിച്ചതിന്റെ ആശ്വാസത്തിലാണ് ഡൽഹി പൊലീസ്. രണ്ട് കൊലപാതകം ഉൾപ്പടെ 70 ഓളം കേസുകളിൽ പ്രതിയായ ഡൽഹി സീമാപുരി പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന സാത്തെ എന്ന സത്യദേവിന്റെ (40) അറസ്റ്റാണ് ഡൽഹി പൊലീസിന് ആശ്വാസമായത്.
സെപ്തംബർ 24 നാണ് സത്യദേവിന്റെ നേതൃത്വത്തിലുള്ള നാൽവർ സംഘം കേരളത്തിലേക്ക് കാറിൽ പുറപ്പെടുന്നത്. 27ന് കൊല്ലം ബീച്ചിലെത്തി റൂട്ടും തന്ത്രങ്ങളും മെനഞ്ഞു. അന്ന് രാത്രി കുണ്ടറ ഭാഗത്തേക്കും മറ്റും കാറിൽ യാത്ര ചെയ്തു. 28ന് രാവിലെ കുണ്ടറ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ബൈക്ക് ഹെൽമറ്റ് സഹിതം മോഷ്ടിച്ചാണ് മാല റാഞ്ചൽ ആരംഭിച്ചത്. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12. 30 വരെ കൊല്ലം റൂറൽ - സിറ്റി പൊലീസ് പരിധികളിലായി തോക്ക് ചൂണ്ടി സ്ത്രീകളെയും നാട്ടുകാരെയും ഭയപ്പെടുത്തി ആറ് മോഷണങ്ങൾ. ഇതിൽ കൊല്ലം സിറ്റിയിലെ വെസ്റ്റ് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്നത് മാത്രം മുക്കുപണ്ടമായിരുന്നു. ബാക്കി മോഷണങ്ങളിലൂടെ പതിനാലര പവനാണ് അപഹരിച്ചത്. ഏറ്റവും ഒടുവിൽ കടപ്പാക്കടയിൽ അവസാന ഓപ്പറേഷനും പൂർത്തിയാക്കി രണ്ട് മോഷ്ടാക്കൾ പ്രസന്ന വദനരായി നടന്നുപോകുന്നതിന്റെ കാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിൽ നിന്ന് മോഷ്ടാക്കൾ ഇതര സംസ്ഥാനക്കാരാണെന്ന് ഏകദേശം സ്ഥിരീകരിച്ചു.
കറുത്ത കാർ തുമ്പായി
രണ്ടുപേർ സഞ്ചരിച്ച ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമായതോടെ വണ്ടി നമ്പറിന് പിന്നാലെ പോകുന്നത് പ്രയോജനമില്ലെന്ന് പൊലീസിന് ബോദ്ധ്യമായി. എന്നാൽ എല്ലാ ക്രൈം സീനുകളിലും ബൈക്കിന് പിന്നാലെ ഒരു കറുത്ത കാറിന്റെ സാന്നിദ്ധ്യം തെളിയിക്കുന്ന അരണ്ട ദൃശ്യങ്ങളിലേക്ക് കൊല്ലം എ.സി.പി എ. പ്രതീപ് കുമാറിന്റെ കണ്ണ് എത്തിയതാണ് പ്രതികളിലേക്കുള്ള അകലം കുറച്ചത്. ഉത്തരാഖണ്ഡ് രജിസ്ട്രേഷനുള്ള യു.കെ 07 ഡി എഫ് 0200 എന്ന ഫാൻസി നമ്പർ കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി കേരളം വിട്ട കാർ കേരളത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഈ വാഹനം ഡൽഹിയിൽ നിന്ന് വന്നതാണെന്ന് വ്യക്തമായി.
കൊല്ലം റൂറൽ എസ്. പി ഹരിശങ്കർ ആറംഗ സംഘത്തെ അന്വേഷണത്തിന് ഡൽഹിയിലേക്ക് അയച്ചു. പ്രതികൾ റോഡ് മാർഗം എത്തുന്നതിന് മുമ്പേ കേരളാ പൊലീസ് ഡൽഹിയിലെത്തി. കൊല്ലത്ത് നിന്ന് ലഭ്യമായ രണ്ടുപേരുടെ ചിത്രങ്ങളും വാഹന ഉടമയെയും തിരിച്ചറിഞ്ഞ ഡൽഹി പൊലീസ് ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് സ്ഥിരീകരിച്ചു. കേരളത്തിൽ നിന്ന് മടങ്ങിയ കറുത്ത സ്കാേർപ്പിയോ പോയത് ഡൽഹിയോട് ചേർന്നുകിടക്കുന്ന യു.പിയിലെ ഷാഹിദാബാദ് എന്ന ഗ്രാമത്തിലെ ഒരു കാർ സർവീസ് കേന്ദ്രത്തിലേക്കായിരുന്നു.
ഡൽഹിയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും ആറായിരത്തിൽപ്പരം കിലോമീറ്റർ ഓടിയ കാർ സർവീസ് ചെയ്ത് തിരികെയെടുക്കാൻ വരവെ പ്രതിയെ കുടുക്കാമെന്ന ആസൂത്രണത്തിൽ കേരളാ ടീമും ഡൽഹി പൊലീസും എത്തി. സദാ ആയുധധാരിയായി നടക്കുന്ന സത്യദേവിനെ ബലം പ്രയോഗിച്ച് കീഴടക്കുന്നത് സുരക്ഷിതല്ലെന്ന നിഗമനത്തിൽ പൊലീസ് സംഘം ക്ഷമയോടെ കാത്തുനിന്നു. ഒക്ടോബർ 3ന് രാത്രി സത്യദേവ് വാഹനം എടുക്കാൻ വന്നപ്പോൾ തോക്കിൻ മുനയിൽ നിറുത്തി കീഴടക്കുകയായിരുന്നു. സത്യരാജിനെ കീഴടക്കിയ വിവരം കാട്ടുതീ പോലെ പടർന്നതോടെ ജനം തടിച്ചുകൂടി. തുടർന്ന് സുരക്ഷാ പ്രശ്നം മൂലം അടിയന്തരമായി സീമാപുരി പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് ഡൽഹി മെട്രോപോളിറ്റൻ കോടതിയിലേക്കും സത്യദേവിനെ മാറ്റി.
ഡൽഹിയിൽ വൈറൽ
പിടിച്ചുപറി, തട്ടിക്കൊണ്ട് പോകൽ, വധശ്രമം തുടങ്ങി ഡൽഹിയിൽ മാത്രം 70 ഓളം കേസുകളടങ്ങുന്നതായിരുന്നു സത്യദേവിന്റെ ക്രൈം പ്രൊഫൈൽ. ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് പണ്ട് ഒരുതവണ സത്യദേവിനെ നൂറോളം പേരടങ്ങുന്ന സംഘം മോചിപ്പിച്ച കഥയും എതിർ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ പൊലീസ് കസ്റ്റഡിയിൽ നിരായുധനായ സത്യദേവിന്റെ ജീവന് ഭീഷണി ഉയരാനുള്ള സാദ്ധ്യതയും കേരളാ പൊലീസിന് മറ്റൊരു വെല്ലുവിളിയായി. ട്രാൻസിറ്ര് വാറന്റ് നേടി കേരളത്തിലേക്ക് കൊണ്ടുവരാൻ മെട്രോപോളിറ്റൻ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ തന്നെ സത്യദേവിന്റെ വൻ അനുയായി വൃന്ദം അവിടെ നിലയുറപ്പിച്ചെങ്കിലും പൊലീസ് നടപടികൾ പൂർത്തിയാക്കി കേരളത്തിലേക്ക് പ്രതിയെയും കൊണ്ട് വിമാനം കയറുകയായിരുന്നു.
കൊല്ലത്ത് എത്തിയതിന് പിന്നിൽ..
കൊല്ലത്തുള്ള ഒരു ഉത്തരേന്ത്യൻ സുഹൃത്ത് വഴിയാണ് സത്യദേവും സംഘവും കൊല്ലത്ത് എത്തിയതെന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചു. കേരളത്തിലെ ആൾക്കാരുടെ ആഭരണ ഭ്രമവും സ്വർണത്തിന്റെ പ്രദർശനപരതയുമാണ് ഓപ്പറേഷന് കേരളം തിരഞ്ഞെടുക്കാൻ കാരണമായതത്രെ. പിടിക്കപ്പെടുമ്പോൾ സത്യദേവിന്റെ പക്കൽ ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നു. രണ്ടര ലക്ഷത്തോളം വിലമതിക്കുന്ന വിദേശ നിർമ്മിത റിവോൾവർ വച്ചാണ് കൂട്ടുപ്രതികളായ രണ്ടുപേർ സ്ത്രീകളെയും നാട്ടുകാരെയും ഭയപ്പെടുത്തിയതെന്നും സത്യദേവ് സമ്മതിച്ചു. ഈ തോക്ക് ഉപയോഗിക്കാൻ സത്യദേവിന് ലൈസൻസ് ഇല്ല. ഈ സാഹചര്യത്തിൽ ഡൽഹി പൊലീസ് ആംസ് ആക്ട് പ്രകാരവും കേസെടുത്തു. തോക്കും സ്കോർപ്പിയോ കാറിൽ നിന്ന് കണ്ടെടുത്തു. ഡൽഹിയിലേക്കുള്ള മടക്കയാത്രയിൽ തെലങ്കാനയിൽ വച്ചും സമാന സാഹചര്യത്തിൽ ഒരു സ്ത്രീയുടെ 30 ഗ്രാം തൂക്കമുള്ള മാല കവർന്നു.
കുണ്ടറ എസ്.ഐ വിദ്യാധിരാജൻ, റൂറൽ എസ്.പി യുടെ ഷാഡോ ടീമിലെ എ.എസ്.ഐ അജയകുമാർ എന്നിവരാണ് വിമാനത്തിൽ പ്രതിയെ കേരളത്തിലെത്തിച്ചത്. എഴുകോൺ എസ്.ഐ ബാബു കുറുപ്പ്, ഷാഡോ എസ്.ഐ എ.സി.ഷാജഹാൻ, ഷാഡോ എ.എസ്.ഐ ആശിഷ് കോഹൂർ, എസ്.സി.പി.ഒ കെ.കെ.രാധാകൃഷ്ണ പിള്ള എന്നിവർ മറ്റ് മൂന്ന് പ്രതികളെ കണ്ടെത്താനായി ഡൽഹിയിൽ ക്യാമ്പ് ചെയ്യുകാണ്. ബൈക്കിലെത്തി മാല കവർന്ന രണ്ടുപേരും കാറിൽ സത്യദേവിനൊപ്പം ഉണ്ടായിരുന്ന സഹായിയുമാണ് പിടിയിലാകാനുള്ളത്.