
കരയിലെ ആഘോഷങ്ങൾക്കിടയിലോ യാത്രക്കിടയിലോ അൽപം മിനുങ്ങുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ആകാശത്തെ യാത്രയിൽ ഇങ്ങനെ ചെയ്‌താൽ കുഴപ്പമാകുമോ? ഇന്ത്യയ്‌ക്കുള്ളിലെ ആകാശയാത്രയിൽ മദ്യം കൈയിൽ വെയ്‌ക്കുന്നതിന്റെ അളവ് എത്രയെന്ന് അറിയാമോ? യാത്രക്കിടെ മദ്യപാനം അനുവദിച്ചിട്ടുണ്ടോ? ഇതിന്റെയെല്ലാം ഉത്തരം ഇവിടെയറിയാം.
ആഭ്യന്തര യാത്രയിൽ ഡൊമസ്‌റ്റിക് ഫ്ളൈറ്റുകളിൽ ചെക്കിൻ ചെയ്യുമ്പോൾ നൽകുന്ന ചെക്ക്‌ഡ് ബാഗേജിൽ മദ്യം കരുതാം. 24 ശതമാനം മുതൽ 70 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ മദ്യമാണ് യാത്രയിൽ കൊണ്ടുപോകാവുന്നത്. 70 ശതമാനത്തിന് മുകളിലാണ് മദ്യത്തിലെ ആൽക്കഹോൾ അളവെങ്കിൽ ഒരു കാരണവശാലും അത് കൊണ്ടുപോകാനാകില്ല. അൽപം ഉപയോഗിച്ചതോ തുറന്നതോ ആയ മദ്യകുപ്പികളും യാത്രയിൽ കൊണ്ടുപോകാൻ അനുവാദമില്ല.
എയർലൈൻ കമ്പനികളും സെക്യൂരിറ്റി ചെക്‌പോയിന്റുകളിലെ ഉദ്യോഗസ്ഥരും മദ്യകുപ്പികൾ പാക് ചെയ്‌തിട്ടില്ലെങ്കിൽ അവ പിടികൂടും യാത്രയിൽ കടത്തിവിടില്ല. അവ തകരുന്നതിനോ ലീക്ക് ഉണ്ടാകാതിരിക്കാനോ ആണിത്. ചെക്ക്ഡ് ബാഗേജിൽ അഞ്ച് ലിറ്റർ മദ്യം കൊണ്ടുപോകാം. ഇതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
ഇന്ത്യയിൽ വിമാനയാത്രയിൽ ലൈറ്ററുകൾ, ആൽക്കഹോൾ കണ്ടന്റ് കൂടിയ മദ്യം, സ്‌പ്രേകൾ, മൂർച്ചകൂടിയ ആയുധങ്ങൾ, ബാറ്റുകൾ തുടങ്ങിയ നിരവധി വസ്‌തുക്കൾ കൊണ്ടുപോകാൻ അനുമതിയില്ല എന്നത് ഓർക്കണം. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദ്ദേശമനുസരിച്ച് വിമാനയാത്രയിൽ കൈയിൽ കരുതുന്ന ക്യാബിൻ ബാഗിൽ മദ്യം കൊണ്ടുപോകാൻ അനുമതിയില്ല. എന്നാൽ ഓരോ വിമാനക്കമ്പനികളിലും ഈ നിയമത്തിന് വ്യത്യാസമുണ്ട്.
എയർ ഇന്ത്യയിൽ ഈ നിയമം കർശനമാണ് കൈവശമുള്ള ബാഗിൽ മദ്യം പാടില്ല. എന്നാൽ ആകാശ എയർ, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ കമ്പനികൾ യാത്രക്കാരുടെ പരിശോധനക്ക് ശേഷം വാങ്ങിയ മദ്യമാണെങ്കിൽ ഒരുലിറ്റർ വരെ ബാഗിൽ കരുതാൻ അനുവദിക്കും. എന്നാൽ സ്‌പൈസ് ജെറ്റ് ഇത് പ്രത്യേകം പൊതിഞ്ഞ ബാഗിലേ സമ്മതിക്കുകയുള്ളൂ. ഏത് കമ്പനിയായാലും മദ്യകുപ്പി തുറക്കാൻ അനുമതിയില്ല. ഇത്തരം കാര്യം ശ്രദ്ധിക്കാതെ യാത്ര പുറപ്പെടുന്നത് ഒഴിവാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |