
ന്യൂഡൽഹി: എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങാൻ ശശിതരൂർ എംപി എത്തിയില്ല. തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ നിന്ന് എത്തിയത് സംഗീത സംവിധായകൻ എം ജയചന്ദ്രൻ മാത്രം. വി മുരളീധരൻ, റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് എന്നിവരാണ് പുരസ്‌കാരത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട മറ്റ് മലയാളികൾ. പുരസ്‌കാരം വിതരണം ചെയ്യാൻ നിശ്ചയിച്ചിരുന്ന രാജ്നാഥ് സിംഗും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ല. ഡൽഹിയാണ് അവാർഡ് ദാന ചടങ്ങിന്റെ വേദി.
ശശി തരൂർ എംപി ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. തരൂരിന് സവർക്കർ പുരസ്‌കാരം പ്രഖ്യാപിച്ചതിന്റെ പേരിൽ വിവാദങ്ങൾ ഉയർന്നിരുന്നു. എച്ച്ആർഡിഎസ് ഇന്ത്യയെന്ന സംഘടനയാണ് പുരസ്‌കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്. പൊതുസേവനത്തിലും സാമൂഹിക രാഷ്‌ട്രീയ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ദേശീയ, ആഗോള തലങ്ങളിലെ ഇടപെടലുകളാലാണ് തരൂരിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് എച്ച്‌ആർഡിഎസ് അറിയിച്ചിരുന്നു.
എന്നാൽ മാദ്ധ്യമങ്ങളിലൂടെയാണ് പുരസ്‌കാരത്തെക്കുറിച്ച് അറിഞ്ഞതെന്നായിരുന്നു തരൂരിന്റെ പ്രതികരണം. അവാർഡിന്റെ സ്വഭാവം എന്തെന്നോ അത് തരുന്ന സംഘടന ഏതെന്നോ അറിവില്ലാത്തതിനാൽ ഈ അവാർഡ് വാങ്ങുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്ന് തരൂർ എക്‌സിൽ കുറിച്ചിരുന്നു.
അതേസമയം തരൂർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയതായാണ് സംഘടന പറയുന്നത്. ഒരുമാസം മുൻപ് തരൂരിനെ നേരിട്ട് കണ്ട് അവാർഡിനെക്കുറിച്ച് പറഞ്ഞിരുന്നെന്നും അവാർഡ് ഏറ്റുവാങ്ങുമെന്ന് അദ്ദേഹം പ്രതികരിച്ചെന്നും അവർ വ്യക്തമാക്കി. ഡൽഹിയിലെ വസതിയിലെത്തിയാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അവർ പ്രതികരിച്ചു. എന്നാൽ ഇക്കാര്യം പറഞ്ഞ് തരൂരിനെ ആക്രമിക്കാൻ ഇല്ലെന്നാണ് എച്ച്ആർഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്‌ണൻ വ്യക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |