
മുംബയ്: വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് ശേഷം ആദ്യമായി ഒരു പൊതു വേദിയെ അഭിമുഖീകരിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാന. ഡിസംബർ 21ന് ആരംഭിക്കുന്ന പരമ്പരയിൽ ശ്രീലങ്കയ്‌ക്കെതിരെ കളിക്കുന്ന ഇന്ത്യൻ ടി-ട്വന്റി ടീമിന്റെ വൈസ് ക്യാപ്റ്റനായി മന്ദാനയെ നിയമിച്ചു കഴിഞ്ഞു. നവംബർ രണ്ടിന് നടന്ന വനിതാ ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യയുടെ ആദ്യ ദ്വിരാഷ്ട്ര മത്സരമാണിത്.
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമൊന്നിച്ചുള്ള മന്ദിര ബേദിയുടെ അഭിമുഖ പരിപാടിയിൽ തന്റെ തുടർ പദ്ധതികളെക്കുറിച്ച് തുറന്ന് പറയുകയാണ് സ്‌മൃതി മന്ദാന. ജീവിതത്തിൽ ക്രിക്കറ്റിനപ്പുറം മറ്റൊന്നിനോടും സ്‌നേഹമില്ലെന്നും ബാറ്റ് ചെയ്യാൻ പോകുമ്പോ മറ്റൊരു ചിന്തയും മനസിലേക്ക് കടന്നുവരില്ലെന്നുമാണ് സ്‌മൃതി പറഞ്ഞത്.
'ജീവിതത്തിൽ ക്രിക്കറ്റിനേക്കാൾ അധികമായി മറ്റൊന്നിനെയും ഞാൻ ഇഷ്‌ടപ്പെടുന്നില്ലെന്ന് തോന്നുന്നു. അതിനാൽ, ബാറ്റ് ചെയ്യാൻ പോകുമ്പോഴോ രാജ്യത്തെ പ്രതിനിധീകരിക്കാൻ പോകുമ്പോഴോ, മനസ്സിൽ മറ്റ് ചിന്തകളൊന്നും ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യൻ ജേഴ്‌സി ധരിക്കുമ്പോൾ, ചെയ്യാൻ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം ഇന്ത്യയെ പ്രതിനിധീകരിക്കുകയും രാജ്യത്തിനായി മത്സരം ജയിക്കുകയും ചെയ്യുക എന്നതാണ്' മന്ദാന പരിപാടിയിൽ പറഞ്ഞു.
ടീമിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനും സ്‌മൃതി മന്ദാന മറുപടി നൽകി. എല്ലാവരും രാജ്യത്തിനുവേണ്ടി കളി ജയിക്കാൻ ആഗ്രഹിക്കുന്നതിനാൽ താൻ അതിനെ ഒരു പ്രശ്‌നമായി കാണുന്നില്ലെന്നായിരുന്നു സ്‌മൃതിയുടെ പ്രതികരണം. രാജ്യത്തിനുവേണ്ടി എങ്ങനെ കളി ജയിക്കണമെന്ന് എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ടെന്നും മന്ദാന കൂട്ടിച്ചേർത്തു.
'എന്തെങ്കിലും കാര്യത്തിൽ നമുക്ക് വിയോജിപ്പുള്ള തരത്തിലുള്ള ചർച്ചകൾ ഇല്ലെങ്കിൽ, അതിനർത്ഥം ടീമിനുവേണ്ടി മത്സരം ജയിക്കാൻ നമുക്ക് അത്ര അഭിനിവേശമില്ല എന്നാണ്. അതിനാൽ, തീർച്ചയായും ഞങ്ങൾക്ക് അത്തരം ചർച്ചകൾ ഉണ്ട്' മന്ദാന പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |