
ന്യൂഡൽഹി: ടിക്കറ്റ് റിസർവേഷൻ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി സംശയാസ്‌പദമായ 3.02 കോടി ലോഗിൻ ഐഡികൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ. അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടി വരുന്നവർക്കായുള്ള റെയിൽവേയുടെ തത്ക്കാൽ ബുക്കിംഗ് സേവനം ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് നടപടി. യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുൻപാണ് തത്ക്കാൽ ബുക്കിംഗ് സേവനം ലഭ്യമായി തുടങ്ങുന്നത്. ഈ സമയത്തുതന്നെ ഓട്ടോമേറ്റഡ് ബോട്ടുകളുടെയും സോഫ്‌റ്റ്‌വെയറുകളുടെയും സഹായത്തോടെ തട്ടിപ്പുകാർ വലിയ അളവിൽ ടിക്കറ്റ് സ്വന്തമാക്കുകയും പിന്നീട് കൂടിയ വിലയിൽ ആവശ്യക്കാർക്ക് മറിച്ചുവിൽക്കുകയും ചെയ്യുന്നു. ഇത് തടയാനുള്ള നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ.
വ്യാജ ഉപയോക്താക്കളെ തടയുന്നതിനായി ആന്റി ബോട്ട് സേവനം റെയിൽവേ നടപ്പാക്കി. തത്ക്കാൽ ബുക്കിംഗിനായി ആധാർ നമ്പർ വേരിഫിക്കേഷനിലൂടെയുള്ള ഒടിപി സ്ഥിരീകരണം റെയിൽവേ നിർബന്ധമാക്കിയിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഇക്കാര്യം പാർലമെന്റിൽ അറിയിച്ചിരുന്നു.
ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലെ തട്ടിപ്പുകൾ കുറയ്‌ക്കുന്നതിനും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും റെയിൽവേ കൂടുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. നെറ്റ്‌വർക്ക് ഫയർവാളുകൾ, നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള സംവിധാനങ്ങൾ, വെബ് ആപ്ലിക്കേഷൻ ഉൾപ്പടെയുള്ള സോഫ്‌റ്റ്‌വെയർ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ റെയിൽവേ തയ്യാറാക്കിയിട്ടുള്ളതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. സംശയകരമായി ബുക്ക് ചെയ്‌തവരുടെ പിഎൻആർ നമ്പർ ഉപയോഗിച്ച് സൈബർ ക്രൈം വിഭാഗത്തിൽ പരാതി ഫയൽ ചെയ്‌തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |