തിരുവനന്തപുരം: 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും സിപിഎം ഭരണത്തിലേറിയിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാത്രമാണ് അന്ന് കോണ്‍ഗ്രസിന് ഒപ്പം നിന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഭരണം കയ്യാളിയിരുന്ന അഞ്ചില്‍ നാലിടത്തും സിപിഎമ്മിനെ ജനം കൈവിട്ടു. കോഴിക്കോട് മാത്രമാണ് സിപിഎമ്മിന് ആശ്വാസമുള്ളത്.
കാലങ്ങളായി ഭരണത്തിലുണ്ടായിരുന്ന തിരുവനന്തപുരത്തും ശക്തികേന്ദ്രമായ കൊല്ലത്തും സിപിഎം ബഹുദൂരം പിന്നിലാണ്. കഴിഞ്ഞ തവണ ഭരണം തിരികെ പിടിച്ച കൊച്ചിയും തൃശൂരും ഇത്തവണ വലത്തേക്ക് ചാഞ്ഞു. ചരിത്രത്തിലാദ്യമായി തലസ്ഥാന നഗരസഭയില്‍ ബിജെപി അധികാരത്തിലേക്ക് എത്തി. സിപിഎമ്മും യുഡിഎഫും ഒരുമിച്ച് നിന്നാലും ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ തവണ തിരികെ പിടിച്ച കൊച്ചി കൈവിടുമെന്ന് സിപിഎം പ്രതീക്ഷിച്ചതല്ല. മേയറെന്ന നിലയില്‍ എം അനില്‍ കുമാറിന്റെ പ്രവര്‍ത്തനം. നഗരത്തിന്റെ സ്ഥിരം പ്രശ്‌നമായ വെള്ളക്കെട്ടും മാലിന്യവും ഒരു പരിധിവരെ പരിഹരിച്ചെന്ന് അവകാശപ്പെട്ട് വോട്ട് ചോദിച്ചെങ്കിലും കേരളത്തിന്റെ മെട്രോ നഗരം സിപിഎമ്മിനെ തള്ളുകയായിരുന്നു. തിരുവനന്തപുരത്ത് കാലങ്ങളായി ഭരണത്തിലുള്ള സിപിഎം ഏത് പ്രതികൂല സാഹചര്യത്തിലും 45 സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെ 30 സീറ്റിന് താഴെയാണ് ജനം പാര്‍ട്ടിക്ക് നല്‍കിയത്.
മുന്‍സിപ്പാലിറ്റികളിലേക്ക് വന്നാലും സിപിഎമ്മിന് വലിയ നഷ്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പൊതുവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെന്ന് പറയുമ്പോഴും ശക്തികേന്ദ്രമായ കൊല്ലം നഗരസഭയില്‍ മേയറും മുന്‍ മേയറും തോറ്റത് സിപിഎം പ്രതീക്ഷിക്കാത്തതാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് അവര്‍ പോലും കണക്ക് കൂട്ടിയതിലും വലിയ വിജയമാണ് ജനം സമ്മാനിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |