
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ നഷ്ടപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്. ഇടതുപക്ഷം തകരുന്നത് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴല്ല മറിച്ച് ഇടത് പക്ഷ മൂല്യങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും ഇടത് പ്രസ്ഥാനങ്ങളും ഇടതു പക്ഷക്കാരും അകലുമ്പോൾ മാത്രമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
'അധികാരം കിട്ടിയാലും ഇല്ലേലും പ്രത്യയശാസ്ത്രത്തിൽ ഊന്നിയുള്ള രാഷ്ട്രീയ പ്രവർത്തനത്തിനാകണം ഇടതുപക്ഷം നിലകൊള്ളേണ്ടത്. കേവലം തിരഞ്ഞെടുപ്പ് വിജയത്തിനായ് വർഗീയ വിഷം തുപ്പുന്ന സാമുദായിക നേതാക്കന്മാരെ പിൻതാങ്ങിയും, പലതരത്തിലുള്ള പ്രീണനങ്ങൾ നടത്തിയുമല്ല ഇടതുപക്ഷം പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം കണ്ടുകൊണ്ട് ഇന്നാട്ടിലെ ഇടത്പക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ ആത്യന്തികമായി സഹായിക്കുന്നത് തീവ്രവലതുപക്ഷ വാദികളെയാണ് എന്ന് അവർ തന്നെ തിരിച്ചറിയണം'. സൂരജ് സന്തോഷ് കൂട്ടിച്ചേർത്തു.
മുമ്പും സാമൂഹിക കാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങൾ വെട്ടിതുറന്നു പറയുന്ന കലാകാരനാണ് സൂരജ്. കഴിഞ്ഞ വർഷമാണ് അദ്ദേഹം ഗായകരുടെ സംഘടനയിൽ നിന്ന് രാജിവച്ചത്. അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും ആവശ്യപ്പെട്ട ഗായിക കെ.എസ്. ചിത്രയുടെ പ്രസ്താവനയെ സൂരജ് ശക്തമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ വൻ സൈബർ ആക്രമണമാണ് സൂരജിന് നേരിടേണ്ടി വന്നത്. സൈബർ ആക്രമണം ഉണ്ടായപ്പോൾ ഗായകരുടെ സംഘടന തനിക്ക് പിന്തുണ നൽകിയില്ലെന്ന് പറഞ്ഞാണ് സൂരജ് ഗായകരുടെ സംഘടനയിൽ നിന്നും രാജിവയ്ക്കാൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |