
ബംഗളൂരു: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനുള്ള നീക്കത്തിനിടെ പൊലീസ് പിടിയിൽ. കർണാടകയിലെ റായ്‌ചൂരിലാണ് സംഭവം. കൊപ്ല സ്വദേശിയായ യുവതിയുടെ പരാതിയിലാണ് റായ്‌ചൂർ സ്വദേശിയായ റിഷഭിനെ അറസ്റ്റു ചെയ്തത്. ബെല്ലാരിയിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയം സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിൽ കുടുക്കിയ ശേഷം വഞ്ചിക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. റായ്ച്ചൂർ വനിതാ പൊലീസാണ് യുവാവിനെതിരെ നടപടിയെടുത്തത്. റിഷഭിന്റെ കല്യാണ ദിവസമായിരുന്നു പൊലീസിന്റെ നടപടി.
പ്രണയത്തിലായ ശേഷം വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചെന്നും പിന്നീട് നിർബന്ധിപ്പിച്ച് ഗർഭചഛിദ്രത്തിന് നിർബന്ധിപ്പിച്ച് വിധേയമാക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഒരു ക്ഷേത്രത്തിൽ എത്തിച്ച് റിഷഭ് തന്നെ താലി ചാർത്തിയെന്നും യുവതി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും യുവതി പൊലീസിനു കൈമാറി. ഇതിനു പിന്നാലെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷം റിഷഭിനെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി യുവതിയിൽ നിന്നും ഇയാൾ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു.
ഇതിനിടെ മറ്റൊരു വിവാഹത്തിന് റിഷഭ് തയ്യാറെടുക്കുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വിവാഹക്ഷണക്കത്തിലൂടെ അറിഞ്ഞതോടെയാണ് യുവതി കൊപ്ലയിൽ നിന്ന് റായ്ച്ചൂരിലെത്തി പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് എത്തിയപ്പോൾ റായ്ച്ചൂർ സിറ്റിയിൽ റിഷഭിന്റെ വിവാഹ ഒരുക്കങ്ങൾ നടക്കുകയായിരുന്നു. എന്നാൽ പൊലീസെത്തി ഇയാളെ അറസ്റ്റു ചെയ്തതോടെ വിവാഹം നിർത്തി വച്ചു. കോടതിയിൽ ഹാജരാക്കിയ റിഷഭിനെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |