
ഒരു ക്രോസ് ഓവർ എസ്‌യുവിയായി ഹ്യൂണ്ടായി ഇന്ത്യയിൽ എത്തിച്ച വാഹനമാണ് എക്സ്റ്റർ. അവതരിപ്പിച്ച സമയത്ത് വലിയ ഹൈപ്പ് നേടിയെങ്കിലും റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ചെറിയ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ കമ്പനി പുറത്തുവിട്ട അടുത്തിടെയുള്ള കണക്ക് പ്രകാരം, എക്സ്റ്ററിന് ഡിമാൻഡ് വർദ്ധിക്കുന്നതായാണ് മനസിലാക്കുന്നത്. നവംബർ മാസത്തിൽ മാത്രം 5705 യൂണിറ്റുകളാണ് ബ്രാൻഡ് വിൽപന നടത്തിയത്. എന്നാൽ ജിഎസ്ടി ഇളവ് കാരണമുണ്ടായ വിൽപന മുന്നേറ്റം വാഹനത്തിന് നേടാൻ സാധിച്ചില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
ഹ്യുണ്ടായ് നിരയിൽ വെന്യു കോംപാക്ട് എസ്‌യുവിക്ക് താഴെയായിട്ടാണ് എക്സ്റ്ററിന്റെ സ്ഥാനം. ഗ്രാൻഡ് ഐ10 നിയോസിനും മുകളിലാണ് ഈ മോഡൽ. ദക്ഷിണ കൊറിയയിൽ വിൽക്കുന്ന കാസ്പർ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഹ്യൂണ്ടായിയുടെ എൻട്രി ലെവൽ എസ്‌യുവിയാണ് എക്സ്റ്റർ.
ഗ്രാൻഡ് ഐ10 നിയോസിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിച്ചത്. വാഹനത്തിന്റെ ഡിസൈനിൽ പുതുമ കൊണ്ടുവരാനും ബ്രാൻഡിനായിട്ടുണ്ട്. കറുപ്പിൽ തീർത്ത ഗ്രിൽ, സ്പ്ലിറ്റ് ഹെഡ്ലാമ്പ് ക്ലസ്റ്റർ, എച്ച് ആകൃതിയിലുള്ള എൽഇഡി സിഗ്‌നേച്ചർ ഡിആർഎൽ, ഡ്യുവൽടോൺ വീലുകൾ, ഫോക്സ് സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവയാണ് വാഹനത്തിന്റെ മറ്റ് പ്രത്യേകതകൾ.
ആറ് സിംഗിൾടോൺ കളർ ഓപ്ഷനുകളിലും മൂന്ന് ഡ്യുവൽടോൺ നിറങ്ങളിലും ഹ്യുണ്ടായി എക്സ്റ്റർ ലഭ്യമാകും. പുതിയ റേഞ്ചർ കാക്കി ഷേഡാണ് ഇതിൽ കമ്പനി എടുത്ത് കാണിക്കുന്നത്. ഫീച്ചർ ലിസ്റ്റിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടോപ്പ് എൻഡ് വേരിയന്റുകളിൽ ഒന്നിലധികം എയർബാഗുകൾ തുടങ്ങിയവ ഉൾപ്പെടും.
ഗ്രാൻഡ് ഐ10 നിയോസ് വഴി ഏറെ പരിചിതമായ 1.2 ലിറ്റർ എൻ.എ പെട്രോൾ എൻജിൻ ഓപ്ഷനാണ് ഈ മൈക്രോ എസ്‌യുവിക്ക് നൽകിയത്. ഇത് പരമാവധി 84 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി ഓട്ടോമാറ്റിക്കും ഗിയർബോക്സുകളായി ഉണ്ടാകും. എക്സ്റ്ററിനൊപ്പം 1.0 ലിറ്റർ ത്രീപോട്ട് ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകളുമുണ്ടാകും. സിഎൻജി പതിപ്പിലും വാഹനം ലഭ്യമാണ്. എന്നാൽ സിഎൻജി പതിപ്പിൽ മാനുവൽ ഓപ്ഷൻ മാത്രമാണ് ഉണ്ടാകുക.
എക്സ്റ്ററിന്റെ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് ലിറ്ററിന് 19.4 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൾ എഎംടി പതിപ്പുകൾ ലിറ്ററിന് 19.2 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. കിലോഗ്രാമിന് 27.1 കിലോമീറ്ററാണ് എക്സ്റ്റർ സിഎൻജിയുടെ അവകാശപ്പെടുന്ന മൈലേജ്. ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ എക്സ്റ്ററിന്റെ പ്രാരംഭ വില 6 ലക്ഷത്തിൽ താഴെ എത്തിയിരുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ എക്സ്റ്ററിന്റെ അടിസ്ഥാന വില വേരിയന്റിന്റെ വില 5.68 ലക്ഷം രൂപയാണ്. അതേസമയം, ഇതിന്റെ ടോപ്പ് വേരിയന്റിന് 9.61 ലക്ഷം രൂപയാണ് വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |