SignIn
Kerala Kaumudi Online
Saturday, 11 July 2020 8.35 AM IST

പെട്രോകെമിക്കൽ ഹബ്ബാകാൻ കൊച്ചി, ബി.പി.സി.എൽ പെട്രോകെമിക്കൽ പദ്ധതി കമ്മിഷനിംഗിലേക്ക്

bpcl

കൊച്ചി: ബി.പി.സി.എൽ കൊച്ചി റിഫൈനറിക്ക് അനുബന്ധമായി 5,246 കോടി രൂപ ചെലവിൽ ഒരുക്കുന്ന പ്രൊപ്പിലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ പ്രൊജക്‌ടിന്റെ (പി.ഡി.പി.പി) കമ്മിഷനിംഗ് ഈ മാസം 15ന് ആരംഭിക്കും. അടുത്ത മാർച്ച്-ഏപ്രിലോടെ കമ്മിഷനിംഗ് പൂർണമാകും.

പി.ഡി.പി.പിയുടെ ഉത്‌പന്നങ്ങളായ അക്രിലിക് ആസിഡ് ഡിസംബറിലും അക്രിലേറ്റ് 2020 മാർച്ച്-ഏപ്രിലിലും വിപണിയിലെത്തുമെന്ന് കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പ്രസാദ് കെ. പണിക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിഷ് പെട്രോകെമിക്കലുകൾ ഉത്‌പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റിഫൈനറിയാണ് കൊച്ചി ബി.പി.സി.എൽ. നിലവിൽ, നിഷ് പെട്രോകെമിക്കലുകൾ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വർഷം 4,500 കോടി രൂപയുടേതാണ് ഇറക്കുമതി. പി.ഡി.പി.പി കമ്മിഷൻ ചെയ്യുന്നതോടെ, ഈ ചെലവ് ലാഭിക്കാം.

മൂന്ന് യൂണിറ്റുകളാണ് പി.ഡി.പി.പിയിലുള്ളത്. ഇതിൽ പ്രതിവർഷം 160 കിലോടൺ ശേഷിയുള്ള അക്രിലിക് ആസിഡ് യൂണിറ്റ് ലോകത്തെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെയുമാണ്. 212 കിലോടൺ ശേഷിയുള്ള ഓക്‌സോ ആൽക്കഹോൾ യൂണിറ്റ്, 190 കിലോടൺ ശേഷിയുള്ള അക്രിലെറ്റ്‌സ് യൂണിറ്റ് എന്നിവയാണ് മറ്റു യൂണിറ്റുകൾ. ഓക്‌സോ ആൽക്കഹോൾ യൂണിറ്റ് ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തേതുമാണ്.

ജനറൽ മാനേജർ (പ്രൊജക്‌ട് ടെക്‌നിക്കൽ) എ.എൻ. ശ്രീറാം, ജനറൽ മാനേജർ (പി.ആർ ആൻഡ് അഡ്‌മിൻ) ജോർജ് തോമസ്, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ (റിഫൈനറി ഓപ്പറേഷൻസ്) പി. മുരളി മാധവൻ, ചീഫ് ജനറൽ മാനേജർ (പ്രൊജക്‌ട്‌സ്) സുരേഷ് ജോൺ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

കേരളത്തിന് വൻ നേട്ടം

പെയിന്റ്, കോട്ടിംഗ്‌സ്, മഷി, പശ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഔഷധങ്ങൾ, ഡിറ്റർജന്റുകൾ തുടങ്ങിയവയുടെ അസംസ്‌കൃത വസ്‌തുക്കളാണ് അക്രിലിക് ആസിഡ്, അക്രിലേറ്റ്‌സ് തുടങ്ങിയവ. നിലവിൽ ഇവ ഇറക്കുമതി ചെയ്യുകയാണ്. പി.ഡി.പി.പി സജ്ജമാകുന്നതോടെ ആ ചെലവ് ലാഭിക്കാം.

പെട്രോകെമിക്കൽ പാർക്ക്

പി.ഡി.പി.പിക്ക് അനുബന്ധമായി സംസ്ഥാന സർക്കാർ 1,700 കോടി ചെലവിട്ട് പെട്രോകെമിക്കൽ പാർക്ക് സജ്ജമാക്കുന്നുണ്ട്. ഇതിനായി ഫാക്‌ടിൽ നിന്ന് കിൻഫ്രയ്‌ക്ക് സ്ഥലം കൈമാറും. പെയിന്റ്, മഷി കമ്പനികൾക്ക് അവിടെ യൂണിറ്റുകൾ തുറക്കാം. ഇതിലൂടെ 15,000 കോടിയുടെ നിക്ഷേപവും 5,000 പേർക്ക് തൊഴിലും പ്രതീക്ഷിക്കുന്നു.

132 ഏക്കർ

റിഫൈനറിയോട് ചേർന്ന് 132 ഏക്കറിലാണ് പി.ഡി.പി.പി.

16,500 കോടി

റിഫൈനറി വിപുലീകരണ പദ്ധതിയുടെ (ഐ.ആർ.ഇ.പി) ചെലവ് 16,500 കോടി രൂപ. റിഫൈനറിയിലെ ഉത്‌പാദനശേഷി 15.5 ദശലക്ഷം ടണ്ണായി ഉയർത്തുന്ന പദ്ധതി നേരത്തേ കമ്മിഷൻ ചെയ്‌തിരുന്നു. പി.ഡി.പി.പിക്കുള്ള അസംസ്‌കൃത വസ്‌തുമായ പ്രൊപ്പിലീൻ അഞ്ചുലക്ഷം ടൺ ഇവിടെ ഉത്‌പാദിപ്പിക്കാം.

75%

ഇന്ത്യൻ കമ്പനികൾക്ക് വേണ്ട അക്രിലിക് ആസിഡ്, അക്രിലെറ്ര് എന്നിവയുടെ 75 ശതമാനം നൽകാൻ പി.ഡി.പി.പിക്ക് കഴിയും.

വിതരണത്തിന് മൂന്നു വഴികൾ

1. ഓട്ടോമാറ്റിക് ഡ്രം ഫില്ലിംഗ്

2. പരമ്പരാഗത ട്രക്ക് മാർഗം

3. തുറമുഖം, റോഡ്, റെയിൽ കണ്ടെയ്‌നറുകളിൽ

250

പി.ഡി.പി.പിയിൽ നേരിട്ട് 250 പേർക്കും പരോക്ഷമായി 750-800 പേർക്കും ജോലി

പോളിയോൾ പദ്ധതിക്ക് 11,300 കോടി

ഫുഡ് ഫ്ളേവറുകൾ, ഓയിൻമെന്റ്, കോസ്‌മെറ്രിക്കുകൾ തുടങ്ങിയവയുടെ അസംസ്‌കൃത വസ്‌തുക്കളായ പ്രൊപ്പിലീൻ ഓക്‌സൈഡ്, പോളിയോളിസ്, മോണോ എതിലീൻ ഗ്ളൈക്കോൾ, പ്രൊപ്പിലീൻ ഗ്ളൈക്കോൾ എന്നിവ നിർമ്മിക്കുന്ന പോളിയോൾ പദ്ധതി 2023-24ൽ കമ്മിഷൻ ചെയ്യും.11,300 കോടിയാണ് ചെലവ്. ഇന്ത്യയിലെ ആദ്യ പോളിയോൾ പദ്ധതിയാണിത്.

10,000 പേർക്ക് തൊഴിൽ

പോളിയോൾ പദ്ധതിയുടെ നിർമ്മാണഘട്ടത്തിൽ 10,000 പേർക്കും പ്രവർത്തന ഘട്ടത്തിൽ ആയിരത്തിലേറെ പേർക്കും തൊഴിൽ.

ബി.എസ്-6 ഫെബ്രുവരിയിൽ

ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ നിന്ന് ബി.എസ് - 6 പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഫെബ്രുവരിയോടെ വിപണിയിലെത്തും.

എൽ.പി.ജി പൈപ്പ്‌ലൈൻ മുന്നോട്ട്

ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് ബി.പി.സി.എൽ കൊച്ചി മുതൽ സേലം വരെ നടപ്പാക്കുന്ന എൽ.പി.ജി പൈപ്പ്‌ലൈൻ പദ്ധതി പുരോഗമിക്കുകയാണ്. പാലക്കാട്ടും തൃശൂരും പൈപ്പ്‌ലൈൻ പൂർത്തിയായി. എറണാകുളത്ത് പുരോഗമിക്കുന്നു. തമിഴ്നാട് സർക്കാരിന്റെ അനുമതി ലഭിച്ചാൽ പാലക്കാട് - സേലം പൈപ്പ്‌ലൈനും പൂർത്തിയാക്കാനാകും. ആയിരം കോടി രൂപയാണ് ചെലവ്. പദ്ധതി പൂർത്തിയായാൽ പാചകവാതക ട്രക്ക് നീക്കം പ്രതിദിനം 80-90 ശതമാനം വരെ കുറയ്‌ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, BPCL, BPCL KOCHI REFINERY, PDPP, PETROCHEMICAL PARK
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.