SignIn
Kerala Kaumudi Online
Saturday, 11 July 2020 7.45 AM IST

ആഞ്ഞുപിടിച്ച് അവസാന ലാപ്പ്, പത്താംനാൾ പോർമുഖം

election

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചരണം അവസാനലാപ്പിലേക്ക് നീങ്ങവേ, എൻ.എസ്.എസ് പ്രഖ്യാപിച്ച 'ശരിദൂര' സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച് ശബരിമല വിവാദത്തെ കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവരാൻ യു.ഡി.എഫ് ശ്രമം. ബി.ജെ.പി ഏറ്റുപിടിച്ചതോടെ ഇത് സജീവചർച്ചയായിട്ടുണ്ടെങ്കിലും അത് ഗൗനിക്കാതെയും സംസ്ഥാനസർക്കാരിന്റെ വികസനനേട്ടങ്ങളും മുൻ ഭരണകാലത്തെ അഴിമതിയും സജീവചർച്ചയാക്കിയും എൽ.ഡി.എഫ് നീങ്ങുന്നു.

മന്ത്രിമാരും മുൻനിര നേതാക്കളും പങ്കെടുക്കുന്ന കുടുംബയോഗങ്ങളിൽ ഇടതുമുന്നണി പ്രധാനമായും ഊന്നുന്നത് ഇത്തരം കാര്യങ്ങളിലാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ഉൾപ്പെടെ കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന നടപടികളും സാമ്പത്തികമാന്ദ്യവുമടക്കമുള്ളവ പറഞ്ഞ് ജനകീയവിഷയങ്ങളിലേക്ക് കടക്കാനും അവർ ശ്രമിക്കുന്നു. പരസ്യപ്രചരണത്തിന് ഇനി ഒമ്പത് നാൾ മാത്രം ശേഷിക്കെ, ആവനാഴിയിലെ സകല അസ്ത്രങ്ങളുമെടുത്ത് പയറ്റുകയാണ് മുന്നണികൾ.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പറഞ്ഞതും പാലായിൽ പ്രഖ്യാപിക്കാതിരുന്നതുമായ 'ശരിദൂര നിലപാട് ' ഇപ്പോൾ എൻ.എസ്.എസ് പ്രഖ്യാപിച്ചത് ഗുണമാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നുണ്ട്. എന്നാൽ, ഇത് അതേപടി പ്രതിഫലിക്കാനിടയില്ലെന്ന് ഇടതുമുന്നണി കരുതുന്നു. ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ കാഠിന്യം കുറഞ്ഞിട്ടുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ. ഇപ്പോൾ വിവാദങ്ങളൊഴിഞ്ഞു നിൽക്കുകയാണ്, ഈ സ്ഥിതിക്ക് മറ്റ് ജനകീയവിഷയങ്ങളാവും ചർച്ച ചെയ്യപ്പെടുകയെന്ന വിലയിരുത്തലിലാണ് ഇടതുനേതൃത്വം.

പാലാ ഫലം അവർക്ക് പ്രതീക്ഷ നൽകുന്നുമുണ്ട്. എന്നാൽ, പാലായിലേത് കേരള കോൺഗ്രസ് ആഭ്യന്തരതർക്കം കാരണമുണ്ടായ അസാധാരണസാഹചര്യം മാത്രമാണെന്നു പറയുന്ന യു.ഡി.എഫ് കേന്ദ്രങ്ങളാകട്ടെ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യം അതേ നിലയിൽ തുടരുകയാണെന്നാണ് വിലയിരുത്തുന്നത്.

ശബരിമലയിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്നത് യു.ഡി.എഫ് മാത്രമാണെന്നും ബി.ജെ.പിയും കേന്ദ്രസർക്കാരും വിശ്വാസികളെ വഞ്ചിച്ച് മുതലെടുപ്പ് നടത്തുകയായിരുന്നുവെന്നുമാണ് യു.ഡി.എഫ് പ്രചരണം. വിശ്വാസികളെ വ്രണപ്പെടുത്തുന്ന സമീപനമാണ് ഇടതു മുന്നണിയുടേതെന്നും കുറ്റപ്പെടുത്തുന്നു.

ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ കൊണ്ടുവന്ന സ്വകാര്യബില്ലിനോട് കേന്ദ്രസർക്കാർ കാട്ടിയ സമീപനമുൾപ്പെടെ പറഞ്ഞാണ് കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകുന്നില്ലെന്ന് അവർ ആവർത്തിക്കുന്നത്. എന്നാൽ സുപ്രീംകോടതിയിൽ നിലനിൽക്കുന്ന തർക്കവിഷയത്തിൽ തീരുമാനമാകാതെ നിയമനിർമ്മാണം പറ്റില്ലെന്നാണ് ബി.ജെ.പി നേതാവായ കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ളവരുടെ നിലപാട്. അതിനിടെ, കേന്ദ്രം നിയമനിർമ്മാണം നടത്തില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള കാസർകോട് പറഞ്ഞുവെന്ന പ്രചരണവും ചർച്ചയായി.

സംസ്ഥാനസർക്കാരിനെ കടന്നാക്രമിച്ചുള്ള എൻ.എസ്.എസ് ജനറൽസെക്രട്ടറി സുകുമാരൻ നായരുടെ പ്രതികരണം എൻ.എസ്.എസിന് സ്വാധീനമുണ്ടെന്ന് കരുതുന്ന വട്ടിയൂർക്കാവിലും ഒരു പരിധി വരെ കോന്നിയിലും തുണയാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ ഒഴിവാക്കപ്പെട്ടതിലൂടെ ഉരുത്തിരിഞ്ഞ പ്രത്യേക സാഹചര്യം എന്തു ചലനമുണ്ടാക്കുമെന്ന ആശങ്ക മൂന്നു മുന്നണികളിലും ഒരുപോലെയുണ്ട്.

കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ കുമ്മനം നേടിയ അധികവോട്ട് അതേപടി ബി.ജെ.പി ഇക്കുറി സമാഹരിക്കുമോ, വഴി മാറുമോ, എങ്കിൽ എങ്ങോട്ട് എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇവിടെ ഉയരുന്നു. ശക്തി ചോരാതെ കാക്കുമെന്നാണ് ബി.ജെ.പി അവകാശവാദം. എൻ.ഡി.എയ്ക്കായി പ്രചരണത്തിനിറങ്ങിയെങ്കിലും ബി.ഡി.ജെ.എസ് നിലപാടുകളിൽ ബി.ജെ.പിക്കകത്ത് മുറുമുറുപ്പില്ലാതില്ല. അരൂരും എറണാകുളത്തും ബി.ജെ.പി ജയിക്കില്ലെന്ന ബി.ഡി.ജെ.എസ് സംസ്ഥാനപ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണവും ബി.ജെ.പിയെ വെട്ടിലാക്കി. എൻ.ഡി.എയിൽ നിന്ന് അനുവദിച്ചിട്ടും അരൂർസീറ്റ് ഇക്കുറി നിരസിച്ചവരാണ് ബി.ഡി.ജെ.എസ് എന്നത് എടുത്തുപറയണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BYELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.