SignIn
Kerala Kaumudi Online
Sunday, 31 May 2020 8.13 PM IST

രണ്ടാം ഭർത്താവിനെയും മടുത്തു,​ ഷാജുവിനെയും തട്ടി മൂന്നാം കെട്ടിനും നോക്കി: ജോളിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്

koodathayi-

കോഴിക്കോട്: കൂടത്തായി കൂട്ടമരണ കേസിലെ മുഖ്യപ്രതി ജോളിയുടെ വെളിപ്പെടുത്തൽ കേട്ട് അന്വേഷണ സംഘത്തിനും ഞെട്ടൽ. കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് ചോദ്യം ചെയ്യലിൽ ജോളിയിൽനിന്ന് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. 'ജീവനെടുക്കുക' എന്നത് ഹരമായി കൊണ്ടുനടന്ന ക്രിമിനൽ സ്വഭാവമാണ് ജോളിയുടേതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തി രണ്ടാം ഭർത്താവായി സ്വീകരിച്ച ഷാജുവിനെ കൊലപ്പെടുത്തി മൂന്നാമതും വിവാഹം കഴിക്കാൻ പദ്ധതിയിട്ടു എന്ന ഞെട്ടിക്കുന്ന വിവരമാണ് ജോളിയിൽനിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ആദ്യ ഭർത്താവ് റോയി തോമസിനെയും ഷാജുവിന്റെ ഭാര്യ സിലിയെയും കൊലപ്പെടുത്തി രണ്ടാംവിവാഹമൊരുക്കിയത് പോലെ സുഹൃത്തായ ബി.എസ്.എൻ.എൽ ജീവനക്കാരൻ ജോൺസനെ സ്വന്തമാക്കുന്നതിനു വേണ്ടി രണ്ടാം ഭർത്താവ് ഷാജുവിനേയും ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ജോളി പദ്ധതിയിട്ടുവെന്നാണ് വിവരം. രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ നേരത്തെ ജോളി സമ്മതിച്ചിരുന്നു. അത് ഇവരാണെന്നാണ് ജോളി കഴിഞ്ഞ ദിവസം മൊഴി നൽകിയത്.

ജോളിയുടെ ആറുമാസത്തെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ജോൺസനുമായുള്ള ബന്ധത്തെ കുറിച്ചുള്ള അറിവ് പൊലീസിന് ലഭിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് കൂടത്തായിക്കാരനായ ജോൺസൺ ജോലി ചെയ്യുന്നത്. ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോൺസൺ കഴിഞ്ഞദിവസം പൊലീസിന് മൊഴി നൽകിയിരുന്നു. ജോളി ഏറ്റവും കൂടുതൽ തവണ ഫോൺ വിളിച്ചവരിൽ ഒരാൾ ജോൺസണാണ്. കൂടാതെ ഇയാളുടെ പേരിലുള്ള സിംകാർഡ് ഇവർ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ കോയമ്പത്തൂർ ബന്ധത്തെ കുറിച്ചുള്ള അന്വേഷണവും എത്തിയത് ജോൺസണിലേക്കാണ്. ജോൺസനെ കാണാനാണത്രെ ഇവർ കഴിഞ്ഞ ഓണക്കാലത്തും മറ്റും കോയമ്പത്തൂരിലേക്ക് പോയത്. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ജോൺസൺ മൊഴി നൽകിയിരുന്നു.

ഇക്കഴിഞ്ഞ ഓണക്കാലത്ത് ജോളി കുറച്ചുനാൾ വീട്ടിലില്ലായിരുന്നു എന്ന് ജോളിയുടെ മകൻ പൊലീസിനോട് പറഞ്ഞിരുന്നു. സ്വന്തംനാടായ കട്ടപ്പനയിലേക്ക് പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. കഴിഞ്ഞ ആറു മാസത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നാണ് ഇവർ നിരന്തരം കോയമ്പത്തൂർ സന്ദർശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്‌. ബി.എസ്.എൻ.എൽ ജീവനക്കാരനായ ജോൺസൺ താമസിച്ചിരുന്നത് കോയമ്പത്തൂരായിരുന്നു. ജോൺസന്റെയും ജോളിയുടെയും മക്കൾ ഒരേ സ്‌കൂളിൽ പഠിച്ചപ്പോഴുള്ള ബന്ധമാണ് പുതിയ തലത്തിലേക്ക് എത്തിയത്.

ഡി.ജി.പി കൂടത്തായിൽ

ഡി.ജി.പി ലോക്നാഥ് ബെഹ്റ കൂടത്തായിലെ കൂട്ടമരണം നടന്ന പൊന്നാമറ്റം വീട് സന്ദർശിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് ഡി.ജി.പി കൂടത്തായിലെത്തിയത്. കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താനാണ് ഡി.ജി.പി ഇന്ന് വടകരയിൽ എത്തിയത്. കൂടത്തായിൽനിന്ന് ഡി.ജി.പി വടകരയിലെത്തി അന്വേഷണ സംഘവുമായുള്ള യോഗം ചേർന്നു. ഇതേവരെയുള്ള പുരോഗതി യോഗം വിലയിരുത്തി. ജോളിയുടെ വീട്ടിൽ നിന്ന് ശേഖരിച്ച കീടനാശിനി സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

ലഭിച്ച സാധനം സയനൈഡ് എന്നുതന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള നടപടിയും തുടങ്ങി. പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് ഉച്ചവരെ നിറുത്തിവച്ചിരിക്കുകയാണ്. രാവിലെ തുടങ്ങിയ ഉന്നതതല യോഗത്തിന് ശേഷം മാത്രമെ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരൂ. വടകര റൂറൽ എസ്.പി കെ.ജി. സൈമൺ ഇതേവരെയുള്ള അന്വേഷണ പുരോഗതി യോഗത്തിൽ വിശദീകരിച്ചു. പ്രതികളുടെ മൊഴിയിലെ വൈരുധ്യങ്ങൾ ദൂരീകരിക്കാൻ പുതിയ ചോദ്യാവലി തയ്യാറായിട്ടുണ്ട്.

കസ്റ്റഡിയിലുള്ള ജോളിക്ക് സയനൈഡ് കൈമാറിയതായി പറയുന്ന ബന്ധു മാത്യുവിനെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. കൊലപാതകങ്ങൾ മാത്യുവിന് അറിയാമെന്ന് ജോളി തെളിവെടുപ്പിനിടെ പറഞ്ഞിരുന്നു. മാത്യുവിന് സയനൈഡ് നല്കിയ കസ്റ്റഡിയിലുള്ള പ്രജികുമാറിൽ നിന്നല്ലാതെ വേറെ എവിടുന്നെങ്കിലും സയനൈഡ് എത്തിച്ച് ജോളിക്ക് നൽകിയോ എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. റോയിയുടെ മാതാവായ അന്നമ്മയെ കീടനാശിനി നൽകിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി തെളിവെടുപ്പിനിടെ മൊഴി നൽകിയിട്ടുണ്ട്. ടോം തോമസ് മുതലുള്ള കൊലപാതകങ്ങൾക്കാണ് സയനൈഡ് ഉപയോഗിച്ചത്. എന്നാൽ ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയില്ലെന്നു ജോളി പറഞ്ഞെങ്കിലും പൊലീസ് നേരത്തെയുള്ള സാക്ഷിമൊഴി ചൂണ്ടിക്കാട്ടിയതോടെ ഇവർ സമ്മതിച്ചതായാണ് പുറത്തുവരുന്ന വിവരം. തുടർ അന്വേഷണത്തിൽ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

കട്ടപ്പനയിലും അന്വേഷണം

കൂടത്തായി കൊലപാതകങ്ങൾ സംബന്ധിച്ച കേസിലെ പ്രതി ജോളിയുടെ പൂർവ്വകാല ജീവിതം അറിയാൻ പൊലീസ് അന്വേഷണം കട്ടപ്പനയിലും. കട്ടപ്പന വാഴവരയിലാണ് ജോളിയുടെ കുടുംബ വീട്. ജോളിയുടെ പഠന കാലത്തുള്ള മാനസികാവസ്ഥ, കൂട്ടുകെട്ട്, ചെറുപ്പകാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നോ, അക്കാലത്തെ മാനസികാവസ്ഥ എങ്ങനെ ആയിരുന്നു തുടങ്ങിയവയാണ് പൊലീസ് അന്വേഷിക്കുന്നത്. ജോളി 1997ലാണ് റോയിയെ വിവാഹം ചെയ്തു കൂടത്തായിയിലെത്തുന്നത്. പൊന്നാമറ്റത്തെത്തി അഞ്ചുവർഷം കൊണ്ട് അന്നമ്മയെ കൊലപ്പെടുത്തിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തുടർന്ന് കുടുംബത്തിലെ ഓരോരുത്തരെയായി വകവരുത്തിയ ഇവരുടെ ആദ്യകാല ജീവിതം അന്വേഷണത്തിൽ നിർണായകമാണ്.

സയനൈഡ് ഉപയോഗിക്കാൻ ആര് പഠിപ്പിച്ചു?​

മുഖ്യപ്രതി ജോളി സയനൈഡ് ഉപയോഗിച്ച് ആളുകളെ കൊല്ലാൻ പഠിച്ചത് എവിടെനിന്നാണെന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ ഉയർന്നുവരുന്ന മറ്റൊരു കാര്യം. സയനൈഡ് നഖത്തിനിടയിൽ മുറിവില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം നുള്ളിയെടുത്ത് ഭക്ഷണത്തിൽ കലർത്തുകയായിരുന്നുവത്രെ. ഒരാളുടെ മരണത്തിന് എത്രമാത്രം സയനൈഡ് കലർത്തണം,​ സയനൈഡ് ഉള്ളിൽ ചെന്നാലുടൻ മരിക്കാതിരിക്കാൻ എത്ര അളവ് വേണം എന്നിവയൊക്കെ ഇവർ മനസിലാക്കിയിരുന്നുവെന്ന് വേണം കരുതാൻ. സിലിയെ കൊലപ്പെടുത്താൻ രണ്ട് തവണ സയനൈഡ് കലർത്തിയ മരുന്ന് നേരത്തെ നല്കിയെന്നും ഇവരുടെ മൊഴിയുണ്ടായി. ഇങ്ങനെയൊക്കെ ചെയ്യാൻ ആരാണ് ഇവരെ പഠിപ്പിച്ചതെന്നത് വലിയ ചോദ്യമാകുകയാണ്. പിടിക്കപ്പെടില്ലെന്നാണ് അവസാനംവരെ കരുതിയിരുന്നത്. കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ എന്നിൽ ഉണ്ടായിരുന്നു എന്നും ജോളി അന്വേഷണ സംഘത്തിന് മുന്നിൽ ഏറ്റുപറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, PONNAMATTAM, CRIME, JOLLY, NEW DRESS, KERALA POLICE, KOODATHAYI MURDER, SHAJU, JOLLY JOSEPH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.