SignIn
Kerala Kaumudi Online
Wednesday, 27 May 2020 12.02 PM IST

മന്ത്രിയുടെ ഒാഫീസ് വെട്ടിത്തിരുത്തി; കേരളയിലെ പരീക്ഷകൾ താളംതെറ്രി

kerala-university

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാക്കിയ അടിക്കടിയുള്ള പരീക്ഷകൾക്കും തുടർന്നുള്ള കേസുകൾക്കും കാരണമായത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്റെ അനാവശ്യ ഇടപെടൽ. സിൻഡിക്കേറ്റ് യോഗത്തിന് സമർപ്പിച്ച മിനിട്ട്സിലാണ് ഈ വെളിപ്പെടുത്തൽ.

2019-20 വർഷത്തേക്ക് സർവകലാശാല തയ്യാറാക്കിയ അക്കാഡമിക് കലണ്ടർ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചെന്നും, മന്ത്രിയുടെ ഓഫീസിന്റെ ആവശ്യപ്രകാരം മൂല്യനിർണയ ക്യാമ്പുകളുടെ തീയതികളിലടക്കം വ്യത്യാസം വരുത്തിയെന്നുമാണ് അക്കാഡമിക്, പരീക്ഷാ കലണ്ടർ തിരുത്തലുകളെക്കുറിച്ചുള്ള മിനിട്ട്സിലുള്ളത്.എല്ലാ സർവകലാശാലകളിലും പരീക്ഷകളും ഫലപ്രഖ്യാപനവും ഒരേസമയം നടത്തുമെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം നടപ്പാക്കാനാണ് അക്കാഡമിക് കലണ്ടറിലടക്കം വ്യത്യാസം വരുത്തിയത്. സർവകലാശാലയുടെ സ്വയംഭരണത്തിന് എതിരാണ് ഈ ഇടപെടലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

പരീക്ഷാനടത്തിപ്പിനുള്ള കമ്മിറ്രി തയ്യാറാക്കിയ അക്കാഡമിക് കലണ്ടർ എക്സാമിനേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് സമർപ്പിക്കാൻ വൈസ്ചാൻസലർ നിർദ്ദേശിച്ചിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റിയും പരീക്ഷാ കൺട്രോളറും ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷം സിൻഡിക്കേറ്റിന് സമർപ്പിച്ചു. ഭേദഗതികൾ സിൻഡിക്കേറ്റ് അംഗീകരിച്ച ശേഷമാണ് മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത്. നാല്, ആറ് സെമസ്റ്ററുകളുടെ മൂല്യനിർണയം, ടാബുലേഷൻ അടക്കം നടത്താനുള്ള തീയതികളിൽ വ്യത്യാസം വരുത്താൻ മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇതുപ്രകാരമുള്ള നടപടികളാണ് പിന്നീടുണ്ടായത്. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ മിനിട്ട്സിൽ 78-ാം തീരുമാനത്തിലാണ് മന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം പരാമർശിച്ചിട്ടുള്ളത്.

. നിയമപ്രകാരം അക്കാഡമിക്കായും ഭരണപരമായും സ്വതന്ത്ര സ്ഥാപനമായ കേരള സർവകലാശാല ഒരു സർക്കാർ വകുപ്പ് പോലെ പ്രവർത്തിക്കുന്നതായാണ് ആക്ഷേപം. പുതിയ തസ്തികകൾ സൃഷ്ടിക്കൽ, വിദേശയാത്രകൾ, ഫണ്ട് ഉപയോഗം എന്നിങ്ങനെ ചുരുക്കം കാര്യങ്ങൾക്ക് മാത്രമേ സർവകലാശാല ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി തേടേണ്ടതുള്ളൂ. എന്നാൽ, മന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകുകയും അക്കാര്യം സർവകലാശാലാ രേഖകളിൽ പോലും ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ് ആക്ഷേപങ്ങൾക്കിടയാക്കിയത്. സർവകലാശാലയുടെ മൂല്യനിർണയ ക്യാമ്പിൽ മന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ പരിശോധന നടത്തിയതായി നേരത്തേ പരാതിയുണ്ടായിരുന്നു.

സെമസ്റ്റർ ദിനങ്ങൾ കുറച്ച് പരീക്ഷകൾ നേരത്തേ നടത്താനും നേരത്തേ ഫലം പ്രഖ്യാപിക്കാനുമുള്ള സർവകലാശാലയുടെ അനാവശ്യ തിടുക്കം വിവാദമായിരുന്നു. തോന്നിയത് പോലെ എൽ.എൽ.ബി പരീക്ഷ നടത്തുന്നതിന് മനുഷ്യാവകാശ കമ്മിഷൻ സർവകലാശാലയ്ക്കെതിരെ കേസെടുത്തു. എൽ.എൽ.ബി പരീക്ഷകൾ ലോകായുക്ത തടയുകയും ചെയ്തിരുന്നു.

കേരള സർവകലാശാലയിലെ ഒരദ്ധ്യാപികയുടെ വിദേശയാത്രയ്ക്ക് അനുമതി നൽകിയ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവും വിവാദമായി. ഈ അദ്ധ്യാപികയ്ക്ക് വകുപ്പു തന്നെ ഡ്യൂട്ടിലീവ് അനുവദിച്ചത് നിയമലംഘനമാണെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ല. കോഴ്സുകളുടെ ഫീസ് വർദ്ധിപ്പിച്ച് ഇറക്കിയ ഉത്തരവിൽ 'സാങ്കേതിക' വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സർവകലാശാലകൾ എന്ന തെറ്റായ പരാമർശവും കടന്നുകൂടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.