
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഭരണത്തുടര്‍ച്ചയ്ക്ക് കര്‍മ്മപദ്ധതിയുമായി സിപിഎം. 110 സീറ്റുകളില്‍ വിജയം നേടി ഭരണം നിലനിര്‍ത്തുന്നതിന് മിഷന്‍ 110 എന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നേരിട്ടിറങ്ങാനാണ് മൂന്ന് മണിക്കൂര്‍ നീണ്ട പ്രത്യേക മന്ത്രിസഭാ യോഗത്തിലെ തീരുമാനം. 110 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിരിക്കുന്നത്.
അടുത്ത 50 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ മണ്ഡലത്തിലെയും ഏകോപന ചുമതല വിവിധ മന്ത്രിമാര്‍ക്കായി മുഖ്യമന്ത്രി വീതിച്ചു നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് തയ്യാറാക്കിയ ഈ പ്ലാന്‍ അനുസരിച്ച്, ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ഇതുവരെ ഉണ്ടായ പോരായ്മകള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്ന വിശ്വാസത്തിലും ആത്മവിശ്വാസത്തിലുമാണ് കോണ്‍ഗ്രസും യുഡിഎഫും. വലിയ ആത്മവിശ്വാസത്തോടെയുള്ള പ്രതികരണങ്ങളാണ് യുഡിഎഫ് നേതാക്കള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഉള്‍പ്പെടെ നടത്തുന്നത്. യുഡിഎഫ് തരംഗം എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഒരുപരിധിവരെ കോണ്‍ഗ്രസിന് കഴിയുന്നുണ്ട്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് മിഷന്‍ 110യിലൂടെ മുഖ്യമന്ത്രിയും സിപിഎമ്മും നല്‍കുന്നത്.
രാഷ്ട്രീയ സംഘടനാ തലത്തിലുള്ള ഇടപെടലുകള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിനും പ്രത്യേക പദ്ധതി യോഗം ആസൂത്രണം ചെയ്തു. സമൂഹ മാദ്ധ്യമങ്ങളിലും നേരിട്ടും നടപ്പിലാക്കുന്ന കര്‍മപദ്ധതിയിലൂടെ ഭരണവിരുദ്ധ വികാരമെന്ന പ്രതീതി മാറ്റാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |