
കോഴിക്കോട്: നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്ന് പോകുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്‍റെ ടയർ കയറിയതിനെ തുടർന്ന് പൊട്ടിയതാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം. സ്കൂൾ ബസ് കടന്നുപോയ ഉടനെ പൊട്ടിത്തെറി ഉണ്ടായി. ഉഗ്രശബ്ദം കേട്ടതിനെത്തുടർന്ന് ഡ്രൈവർ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് മനസിലായത്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചതിന് ശേഷമാണ് ഡ്രൈവർ സംഭവം പൊലീസിൽ അറിയിച്ചത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുവിന്റെ ഭാഗങ്ങൾ റോഡിൽ നിന്നും കണ്ടെത്തി. തുടർന്നാണ് പൊട്ടിയത് പടക്കമാണെന്ന് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |