
പവന്‍ വില@1,04,240 രൂപ
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളുടെ ചുവടുപിടിച്ച് കേരളത്തില്‍ സ്വര്‍ണ വില വീണ്ടും റെക്കാഡ് ഉയരത്തിലെത്തി. ഗ്രാമിന്റെ വില 155 രൂപയുടെ കുതിപ്പോടെ 13,030 രൂപയിലെത്തി. പവന്‍ വില 1,240 രൂപ വര്‍ദ്ധിച്ച് 1,04,240 രൂപയിലെത്തി റെക്കാഡിട്ടു. വെള്ളി വിലയും കിലോഗ്രാമിന് 2.7 ലക്ഷം രൂപയെന്ന പുതിയ റെക്കാഡിലാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവലിനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് സ്വര്‍ണത്തില്‍ വിലക്കുതിപ്പുണ്ടായത്.
ഫെഡറല്‍ റിസര്‍വിന്റെ വാഷിംഗ്ടണിലെ ആസ്ഥാനം 250 കോടി ഡോളര്‍ മുടക്കി നവീകരിച്ചതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജെറോം പവലിനെ നീക്കുമെന്നാണ് വാര്‍ത്തകള്‍. ട്രംപിന്റെ ഇംഗിതത്തിന് അനുസരിച്ച് പലിശ കുറയ്ക്കാന്‍ തയ്യാറാകുന്ന മറ്റൊരാളെ ചെയര്‍മാനാക്കുമെന്ന് അഭ്യൂഹമുണ്ട്. ട്രംപ് പലതവണ ആവശ്യപ്പെട്ടിട്ടും പലിശ കുറയ്ക്കാന്‍ പവല്‍ തയ്യാറായിരുന്നില്ല. പലിശ കുറയുന്നത് സ്വര്‍ണ വിപണിക്ക് കരുത്താകുന്ന തീരുമാനമാണ്.
ഇതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ചരിത്രത്തിലാദ്യമായി ഔണ്‍സിന്(31.1 ഗ്രാം) 4,600 ഡോളറിലെത്തി. വെള്ളി വില ഇന്നലെ ഔണ്‍സിന് 84 ഡോളറിലെത്തി .
സ്വര്‍ണത്തിന് അനുകൂലമായ ഘടകങ്ങള്‍
1. ഫെഡറല്‍ റിസര്‍വും ട്രംപ് ഭരണകൂടവുമായുള്ള ഏറ്റുമുട്ടല്‍ പലിശയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു
2. ഡോളറിന് ബദലായി കേന്ദ്ര ബാങ്കുകള്‍ വിദേശ നാണയശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് കൂട്ടുന്നു
3. രാഷ്ട്രീയ സംഘര്‍ഷം കണക്കിലെടുത്ത് ആഗോള ഫണ്ടുകള്‍ സ്വര്‍ണത്തിലേക്ക് പണമൊഴുക്കുന്നു
4. അമേരിക്കയില്‍ പലിശ കുറയുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |