
ബംഗളൂരു: ഒരു സാധാരണ ദോശ കാരണം ബംഗളൂരു വിമാനത്താവളത്തിലുണ്ടായത് അസാധാരണ സുരക്ഷാ പരിശോധന. ഒരു യാത്രക്കാരിയുടെ ബാഗ് മറ്റൊരു സ്ത്രീ മാറിയെടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ആമി പലൻ എന്ന യുവതി ഇന്നലെ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തുവന്നത്.
'ബംഗളൂരുവിലെ ടി1 അറൈവൽസ് സ്ഥലത്തിരുന്ന് ദോശ കഴിക്കുകയായിരുന്നു ഞാൻ. എന്റെ മേശയ്ക്ക് തൊട്ടരികിലായാണ് ബാഗ് വച്ചിരുന്നത്. ഇതിനിടെ ആരോ എന്റെ ബാഗ് എടുത്ത് വിമാനത്താവളത്തിൽ നിന്ന് പുറത്തുപോയി. കഴിച്ചുകഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് എന്റെ ബാഗ് കാണാനില്ലെന്ന് മനസിലാക്കിയത്. തുടർന്ന് ഞാൻ സിഐഎസ്‌എഫിന്റെ കൺട്രോൾ റൂമിലെത്തി ബാഗ് കാണാനില്ലെന്ന് പരാതി നൽകി. ഇതിനിടെ ഞാൻ ഭക്ഷണം കഴിക്കുകയായിരുന്ന അതേസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബാഗ് ഇരിക്കുന്നതായി ആരോ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു.
താമസിയാതെ പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥർ വളയുകയും പൊലീസ് നായ്‌ക്കളെ എത്തിച്ച് പരിശോധന നടത്തുകയും ചെയ്തു. ഈസമയം കുറേ പരിശോധനകൾക്കും ഫോൺ കോളുകൾക്കും ശേഷം എന്റെ ബാഗ് എടുത്തയാളെ കണ്ടെത്തി. അവർ ഇതിനോടകം യശ്വന്ത്‌പൂരിലെത്തിയിരുന്നു. ഇപ്പോൾ ഞാൻ എന്റെ ബാഗിനായി കാത്തിരിക്കുകയാണ്. ഒരു സാധാരണ പ്രഭാത ഭക്ഷണം ഇത്രത്തോളം സംഭവവികാസങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിച്ചില്ല. ഒരു ദിവസം തുടങ്ങാനുള്ള എത്രയോ മനോഹരമായ മാർഗം'- എന്നാണ് യുവതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |