
ബാങ്ക (ബീഹാർ): പ്രായം വെറും സംഖ്യയാണെന്ന് ഓർമ്മിപ്പിച്ച് അതിന്റെ എല്ലാ അതിർവരമ്പുകളും ഭേദിച്ച പ്രണയവും അതിനെത്തുടർന്നുണ്ടായ സംഘർഷങ്ങളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബീഹാറിലെ ബാങ്ക ജില്ലയിലെ ഒരു ബസ്റ്റാന്റിൽ വച്ച് 60കാരിയും 35കാരനും തമ്മിലുള്ള പ്രണയബന്ധം വീട്ടുകാർ കൈയോടെ പൊക്കിയതാണ് സംഘർഷത്തിന് വഴിവച്ചത്. ഒടുവിൽ ദമ്പതികൾക്ക് സംരക്ഷണമൊരുക്കാൻ പൊലീസ് ഇടപെടേണ്ടി വന്നു.
ഏകദേശം നാല് മാസം മുമ്പാണ് ആര സ്വദേശിയായ വക്കീൽ മിശ്ര (35) എന്ന യുവാവും അറുപതുകാരിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ഒരു റോംഗ് നമ്പറിൽ നിന്ന് വന്ന ഫോൺ കോളാണ് ഇരുവരെയും പരിചയത്തിലാക്കിയത്. സംസാരം പതിവായതോടെ പ്രണയമായി മാറുകയായിരുന്നു. തുടർന്ന് ഇരുവരും ഭാഗൽപൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് നേരിട്ട് കാണാൻ തീരുമാനിച്ചു. ഇവിടെ നിന്ന് ലുധിയാനയിലേക്ക് പോയ ഇരുവരും അവിടെ വച്ച് വിവാഹിതരായെന്നും ഭാര്യാഭർത്താക്കന്മാരായി താമസിച്ചു വരികയായിരുന്നുവെന്നുമാണ് 60കാരി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച അമർപൂർ ബസ് സ്റ്റാൻഡിൽ വച്ച് സ്ത്രീയുടെ ഭർത്താവും മകനും ഇവരെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് രംഗം വഷളായത്. പൊതുമദ്ധ്യത്തിൽ വച്ച് മിശ്രയെ സ്ത്രീയുടെ ബന്ധുക്കൾ മർദ്ദിച്ചു. ബസ് സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാർ നോക്കി നിൽക്കെയാണ് മർദനവും ബഹളവും നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവാവിനെ വിട്ടുനൽകാൻ തയ്യാറാകാതെ സ്ത്രീ കെട്ടിപ്പിടിച്ചു കരയുന്നതും ദൃശ്യങ്ങളിൽ കാണാം. 'ഇദ്ദേഹം എന്റെ ഭർത്താവാണ്, ഞാൻ എന്റെ ഇഷ്ടപ്രകാരമാണ് ഇദ്ദേഹത്തെ വിവാഹം കഴിച്ചത്' സ്ത്രീ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് മർദനം തടഞ്ഞത്. തുടർന്ന് സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് ദമ്പതികളെ അമർപൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തങ്ങൾ പരസ്പരം സനേഹിക്കുന്നുണ്ടെന്നും ലുധിയാനയിൽ വച്ച് വിവാഹം കഴിഞ്ഞതാണെന്നും 60കാരി പൊലീസിനോട് വെളിപ്പെടുത്തി. സംഭവം ഗൗരവമായതിനാൽ വിവാഹത്തിന്റെ നിയമസാധുത അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് പൊലീസ് അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |