കാസർകോട്: പുത്തിഗെ -പെർള റൂട്ടിൽ അംഗഡി മുഗർ ഗ്രാമത്തിലെ പഴയ തറവാടിന്റെ ഉമ്മറത്ത് 94-ാം വയസിലും തിമ്മണ്ണ റൈ അസുഖബാധിതരായിയെത്തുന്നവരെ രക്ഷിക്കാനുള്ള പൊടിക്കൈകളുമായി പാരമ്പര്യ ചികിത്സയുടെ തിരക്കിലാണ്.
തിമ്മണ്ണ റൈയുടെ നാട്ടക്കല്ല് മണ്ഡപാടി തറവാട് ചികിത്സാലയം മാത്രമല്ല, പണ്ടുകാലം മുതൽ നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് തീർപ്പുകല്പിക്കുന്ന നാട്ടുകൂട്ടം എന്ന ജനകീയ കോടതി നടന്നുവന്നിരുന്ന കേന്ദ്രം കൂടിയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കണ്ടെത്തുന്ന മണ്ഡപാടി തറവാട്ടുകാരെ നാട്ടുകാർക്ക് ഏറെ പ്രിയവുമാണ്.
നിമയസഭാ ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എം. ശങ്കർ റൈയുടെ തറവാടാണ് മണ്ഡപാടി. അദ്ദേഹത്തിന്റെ പിതാവാണ് പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ തലമുറകൾ കൈമാറിക്കിട്ടിയ ചികിത്സാവിധികളുമായി ജനങ്ങളുടെ വ്യാധികൾ മാറ്രാൻ സദാവ്യാപൃതനായ തിമ്മണ്ണ റൈ.
സർപ്പ ധ്വംസനം ഏൽക്കുന്നവർക്കുള്ള ചികിത്സയാണ് മുഖ്യം. മഞ്ഞപ്പിത്തം, ചൊറിച്ചൽ, മറ്റ് ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിച്ചുമാറ്റുന്ന ഇദ്ദേഹത്തിന്റെ കൈപ്പുണ്യം പ്രസിദ്ധമാണ്. യാതൊരു പ്രതിഫലവും വാങ്ങിക്കാതെയുള്ള ഇദ്ദേഹത്തിന്റെ ചികിത്സ തേടി ദൂരദിക്കുകളിൽ നിന്ന് പോലും ആളുകൾ തറവാട്ടിൽ എത്തുന്നു. കാട്ടിൽ നിന്നും മറ്റും ശേഖരിച്ച് സ്വയം ഉണ്ടാക്കുന്ന പച്ചിലമരുന്നാണ് രോഗ ശമനത്തിന് തിമ്മണ്ണ റൈ നൽകുന്നത്.
ശങ്കർ റൈ എന്ന നാട്ടുകാരുടെ മാഷ് വോട്ടുതേടി ഓടി നടക്കുമ്പോഴും അച്ഛൻ ചികിത്സാ തിരക്കിലാണ്. അതേസമയം മകൻ മത്സരിക്കുന്നതിന്റെ വലിയ ആവേശത്തിലുമാണ് ഈ പിതാവ്. ''ഓൻ ഭാഗ്യവാനാണ്. ഓന് അറിയാത്ത ഒരു പണിയുമില്ല.., ആരൊപ്പരോം കൂടും, ചെറുപ്പക്കാരെല്ലാം കൂടി ഓനെ പൊന്തിക്കുന്നുണ്ട്, പിന്നെ ജയിക്കുന്ന കാര്യം അത് യോഗം പോലെ.. ബയ്യീന്ന് ആരെങ്കിലും ബലിച്ചീട്ടില്ലെങ്കി ജയിക്കും തീർച്ച.. ''- തിമ്മണ്ണ റൈ പറയുന്നു.
കേരളത്തിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ഗ്രാമമാണ് അംഗഡി മുഗർ. അവിടെ പതിറ്റാണ്ടുകളായി രാഷ്ട്രീയവും ചികിത്സയും ഒരുമിച്ച് കൊണ്ടുപോകുന്ന തിമ്മണ്ണ റൈയുടെ തറവാട്ടിൽ പഴയ കാല നേതാക്കളെല്ലാം എത്താറുണ്ടായിരുന്നു. കന്നഡയും തുളുവും അറബിയും ഉറുദുവും എല്ലാം ശങ്കർ റൈ പഠിച്ചത് സ്വപ്രയത്നം കൊണ്ടാണ്. വീട്ടിൽ എല്ലാവർക്കും യക്ഷഗാനം വശമുണ്ടായിരുന്നു. അതിൽ അഗ്രഗണ്യൻ ജ്യേഷ്ഠൻ ആയിരുന്നുവെന്ന് വീട്ടിൽ ഉണ്ടായിരുന്ന തിമ്മണ്ണ റൈയുടെ മറ്റൊരു മകൻ രഘുനാഥ റൈ പറഞ്ഞു. വേറെ വീട് പണിതെങ്കിലും ശങ്കർ റൈ അധിക സമയവും ചിലവഴിക്കുന്നത് തറവാട്ടിൽ അച്ഛൻ തിമ്മണ്ണ റൈയുടെയും അമ്മ ഗോപിയുടെയും കൂടെ തന്നെയാണ്.