
ഭോപ്പാൽ: സ്ത്രീവിരുദ്ധവും ജാതീയവുമായ പ്രസ്ത്താവനയുമായി മദ്ധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫൂൽ സിംഗ് ബാരൈയ. പട്ടിക ജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുന്ന തരത്തിലാണ് എംഎൽഎയുടെ വാക്കുകൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാരൈയയുടെ വിവാദ പരാമർശം.
'ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബലാത്സംഗത്തിന് ഇരയാകുന്നത് ആരാണ്? പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളാണ്. മാനസികാവസ്ഥ എന്തുതന്നെയായാലും ഒരു പുരുഷൻ റോഡിലൂടെ നടക്കുമ്പോൾ സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ അത് അയാളുടെ മനസിനെ വ്യതിചലിപ്പിക്കുകയും ആ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്നതാണ് ബലാത്സംഗത്തിന്റെ സിദ്ധാന്തം.
ഈ ജാതിയിൽപ്പെട്ട സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നിങ്ങൾക്ക് തീർത്ഥാടന പുണ്യം ലഭിക്കുമെന്ന് ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുണ്ട്. ഇനി, പുരുഷന് തീർത്ഥാടനത്തിന് പോകാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ബദൽ? വീട്ടിലിരുന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക. നിങ്ങൾക്ക് പുണ്യം ലഭിക്കും. ഇരുട്ടിലോ വെളിച്ചത്തിലോ സ്ത്രീയെ പിടികൂടി പുരുഷൻ ബലാത്സംഗം ചെയ്യാൻ ശ്രമിക്കും. പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിലും അവർ പീഡിപ്പിക്കപ്പെടുന്നു. ഒരു പുരുഷന് സ്ത്രീയുടെ സമ്മതമില്ലാതെ ബലാത്സംഗം ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് നാല് മാസവും ഒരു വയസുള്ള പെൺകുട്ടികളെ അടക്കം ബലാത്സംഗം ചെയ്യുന്നത്'. ബാരൈയ കൂട്ടിച്ചേർത്തു.
ബാരൈയയുടെ പ്രസ്താവനയെ തള്ളി മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിതു പട്വാരി രംഗത്തെത്തി. 'ബലാത്സംഗത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. കുറ്റവാളി കുറ്റവാളി മാത്രമാണ്. അതിനെ ജാതിയും മതവുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.' പട്വാരി വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ ബിജെപി കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളെ സൗന്ദര്യത്തിന്റെ പേരിൽ അളക്കുന്നതും ദളിത് ആദിവാസി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ വിശുദ്ധമായി ചിത്രീകരിക്കുന്നതും സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് ബിജെപി മീഡിയ ഇൻചാർജ് ആശിഷ് അഗർവാൾ പറഞ്ഞു. ബാരൈയയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ സാമൂഹിക സംഘടനകളും ബാരൈയയുടെ പ്രസ്താവനക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പരാമർശം പിൻവലിച്ച് എംഎൽഎ പരസ്യമായി മാപ്പ് പറയണമെന്നാണ് ഉയരുന്ന ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |