പാരീസ്: സിഗരറ്റ് വലിച്ചപ്പോൾ പോയത് ആറുകോടിരൂപ. പാരീസ് സന്ദർശനത്തിനെത്തിയ ജപ്പാൻകാരനായ വ്യവസായിക്കാണ് സിഗരറ്റ് വലിക്കാൻ തോന്നിയതുകാരണം ഇത്രഭീമമായ നഷ്ടമുണ്ടായത്. സിഗരറ്റ് വലിക്കാനായി താമസിക്കുന്ന നക്ഷത്ര ഹോട്ടലിന് പുറത്തിറങ്ങിയ വ്യവസായിയുടെ ആറു കോടി വിലവരുന്ന വാച്ച് കള്ളന്മാർ അടിച്ചുമാറ്റുകയായിരുന്നു.
രാത്രി ഒമ്പതരയോടെയാണ് വ്യവസായി ഹോട്ടലിന് പുറത്തിറങ്ങിയത്. ഇതിനിടെസിഗരറ്റ് ചോദിച്ച് ഒരു യുവാവ് അടുത്തെത്തി. വ്യവസായി പോക്കറ്റിൽനിന്ന് സിഗരറ്റെടുത്തു നീട്ടുന്നതിനിടെ മോഷ്ടാവ് കൈത്തണ്ടയിൽനിന്ന് വാച്ച് ഊരിയെടുത്ത് കടന്നുകളയുകയായിരുന്നു.
റിച്ചാർഡ് മില്ലെ ടൂർബിലോണ് ഡയമണ്ട് ട്വിസ്റ്റർ വാച്ചാണു നഷ്ടമായത്. രത്നങ്ങൾ പതിപ്പിച്ച അപൂർവ വാച്ചാണിത്. പോലീസിൽ വിവരമറിയിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ല.
കള്ളന്റേതെന്നു കരുതുന്ന ഫോൺ സംഭവസ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. . ഇതുപയോഗിച്ച് കള്ളനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പാരീസിൽ വിദേശിളെ കൊള്ളയടിക്കുന്ന സംഭവം കൂടിവരികയാണ്. ഈ വർഷം മാത്രം 71 വാച്ച് മോഷണങ്ങൾ നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങൾ വിലവരുന്ന വാച്ചുകളാണ് മോഷണം പോയവയിലധികവും.