
പത്തനംതിട്ട: ജീവിച്ചിരിക്കുന്ന വ്യക്തിയോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകിയതിൽ ക്ഷമ ചോദിച്ച് പത്തനംതിട്ട പ്രമാടം പഞ്ചായത്ത് അധികൃതർ. ഇളകൊള്ളൂർ സ്വദേശി 64കാരനായ ഗോപിനാഥൻ നായർ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയാണ് താൻ ജീവിച്ചിരിപ്പുണ്ട് എന്ന് അധികൃതരെ അറിയിച്ചത്. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നും പെൻഷൻ ലഭിക്കുന്നതിൽ മറ്റ് തടസങ്ങൾ ഇല്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായും ഗോപിനാഥൻ പറഞ്ഞു.
മരണസർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് പ്രമാടം പഞ്ചായത്തിൽ നിന്ന് ഗോപിനാഥൻ നായർക്ക് ലഭിച്ച നോട്ടീസിൽ പറയുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിനായിരുന്നു നോട്ടീസ്. മൂന്ന് ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദേശം. ഗോപിനാഥനെ ആധാർ കാർഡുമായി ഇന്ന് പഞ്ചായത്തിൽ നേരിട്ട് എത്തിച്ച് ജീവനോടെയുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുമെന്ന് മകൻ നേരത്തേ അറിയിച്ചിരുന്നു. ജോയിന്റ് ഡയറക്‌ടറുടെ ഓഫീസിൽ നിന്ന് ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |