
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ നടത്തിയ വർഗീയ ധ്രുവീകരണ പ്രയോഗത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയ നിലപാടുകൾ വച്ചുപുലർത്തുന്ന ആരുമായും സിപിഎമ്മിന് യാതൊരു വിധത്തിലുള്ള യോജിപ്പുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് വർഗീയതയെന്നും എന്താണ് മതേതരത്വമെന്നുമുള്ള വ്യക്തമായ ബോധ്യം സിപിഎമ്മിനുണ്ട്. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വർഗീയതയ്‌ക്കെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. പാർട്ടിയുടെ ഭാഗത്തുനിന്ന് ഒരിക്കലും വർഗീയ പരാമർശങ്ങൾ ഉണ്ടാകില്ല. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് അവസരത്തിനനുസരിച്ച് വർഗീയ ശക്തികളുമായി കൂട്ടുചേരുകയാണ്. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നുപോകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശന് യാതൊരു മടിയുമില്ല. സിപിഎമ്മിനെ ബോധപൂർവം കടന്നാക്രമിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പാർട്ടിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ ജനങ്ങൾ തിരിച്ചറിയണം' അദ്ദേഹം പറഞ്ഞു.
വർഗീയ വിരുദ്ധതയാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്നും, ആര് എത്ര നല്ല ഭാഷയിൽ വർഗീയത അവതരിപ്പിച്ചാലും അതിനോട് പാർട്ടിക്ക് യോജിക്കാനാവില്ല. വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും പാർട്ടി ഈ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി സജി ചെറിയാൻ നടത്തിയ വർഗീയ ധ്രുവീകരണപ്രയോഗം രാഷ്ട്രീയ കോളിളക്കത്തിന് ദിശമാറ്റുകയായിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എൻഎസ്എസ് ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ആക്രമിക്കുന്നതിനിടെയാണ് ചെറിയാന്റെ പ്രയോഗം വിഷയമായത്. പറഞ്ഞ കാര്യം സജിചെറിയാൻ തിരുത്തിയെങ്കിലും കോൺഗ്രസും യുഡിഎഫും വിഷയം ചൂടുപിടിപ്പിച്ചു. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അറിവോടെയാണ് പരാമർശമെന്ന വ്യാഖ്യാനവും ഉണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |