
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണം 2028ല്‍ പൂര്‍ത്തീകരിക്കുമെന്നും അടുത്ത ഘട്ടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ജനുവരി 24ന് വൈകീട്ട് 4ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടര്‍ഘട്ട വികസനപ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആദ്യ കരാര്‍ പ്രകാരം 2045ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പുതുക്കിയ കരാര്‍ പ്രകാരം 2028ല്‍ പദ്ധതി പൂര്‍ണ്ണത കൈവരിക്കും. 10,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവിടുന്നത്. 2024 ഡിസംബര്‍ 3ന് ആണ് വാണിജ്യാടിസ്ഥാനത്തിലുള്ള തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിനോടകം 670 ഷിപ്പുകളിലായി 14.5 ലക്ഷം കണ്ടെയ്‌നറുകള്‍ തുറമുഖത്ത് എത്തി. ലോകത്തിലെ കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് തുറമുഖത്ത് എത്തിച്ചേരാന്‍ കഴിഞ്ഞത് അഭിമാന നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
മുമ്പ് നിശ്ചയിച്ച ലക്ഷ്യത്തിന് അപ്പുറത്തേക്ക് പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു. വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനില്‍ക്കുന്ന ഒന്നാണ്. കണ്ടെയ്‌നറുകളുടെ കരമാര്‍ഗ്ഗമുള്ള നീക്കത്തിനായി അപ്രോച്ച് റോഡും നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും 24ന് നടക്കും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാമ്പത്തിക, കാര്‍ഷിക, തൊഴില്‍ മേഖലകളില്‍ വന്‍ പുരോഗതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച എല്ലാ ആശങ്കകള്‍ക്കും പരിഹാരം ഉണ്ടാകും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം ഒരിക്കലും തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്.
ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമായി കാണാതെ നാടിന്റെ വികസനമായി കാണണം. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെ 116 കോടി രൂപ കൈമാറാന്‍ കഴിഞ്ഞു. കുടിവെള്ള പ്രശ്‌നം പരിഹരിച്ചു. വിഴിഞ്ഞം പ്രദേശത്തെ സ്‌കൂളുകളുടെ വികസനം സാധ്യമാക്കി. കരമടി തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി വി.ശിവന്‍കുട്ടി മുഖ്യരക്ഷാധികാരിയായും മന്ത്രിമാരായ ജി.ആര്‍ അനില്‍, സജി ചെറിയാന്‍ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി വി.എന്‍ വാസവനാണ് ചെയര്‍മാന്‍. എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, ഡി.കെ മുരളി, വി.ജോയ്, എം.വിന്‍സെന്റ് എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. തുറമുഖം സെക്രട്ടറി എ. കൗശിഗന്‍ ആണ് കണ്‍വീനര്‍.
എം.പിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ റഹീം, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എമാരായ വി.കെ പ്രശാന്ത്, ജി.സ്റ്റീഫന്‍, എ.കെ ശശീന്ദ്രന്‍, ഐ.ബി സതീഷ്, കെ.ആന്‍സലന്‍, വി.ശശി, ഒ.എസ് അംബിക, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ്.അയ്യര്‍, എ.വി.പി.പി.എല്‍ സിഇഒ പ്രദീപ് ജയരാമന്‍, മാങ്കോട് രാധാകൃഷ്ണന്‍, ശക്തന്‍ നാടാര്‍, കരമന ജയന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
എംഎല്‍എമാരായ എം.വിന്‍സെന്റ്, വി.ജോയ്, സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി, പോര്‍ട്ട് സെക്രട്ടറി എ കൗശിഗന്‍, എവിപിപിഎല്‍ സിഇഒ പ്രദീപ് ജയരാമന്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ എം.ഡി ദിവ്യ എസ് അയ്യര്‍, സാമുദായിക സംഘടനകളുടെ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |