
ഇൻസ്റ്റഗ്രാമിൽ 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ട് ജനുവരി ആദ്യവാരം പുറത്തുവന്നിരുന്നു. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്ബിൽ വില്പനയ്ക്ക് വച്ചെന്ന വിവരം സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർ ബൈറ്റ്സാണ് പുറത്തുവിട്ടത്. പേര്, യൂസർ നെയിം, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ലൊക്കേഷൻ ഉൾപ്പെടെയാണ് ചോർന്നത്. എന്നാൽ റിപ്പോർട്ട് തള്ളിയ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ തങ്ങളുടെ സംവിധാനങ്ങളിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും അക്കൗണ്ടുകൾ ചോർന്നിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം പാസ്‌വേഡ് റീസെറ്റ് ലിങ്കുകളോടെയുള്ള ഇമെയിലുകൾ ഉപഭോക്താക്കൾക്ക് ലഭിച്ചത് തങ്ങളിൽ നിന്നാണെന്നും അവർ സമ്മതിച്ചിരുന്നു.
ഓൺലൈൻ സുരക്ഷയും വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണവും എത്ര പ്രധാനമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സൈബർ സുരക്ഷയുടെ അനിവാര്യതയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും 'കേരളകൗമുദി ഓൺലൈനി'നോട് സംസാരിക്കുകയാണ് സൈബർ സുരക്ഷാ വിദഗ്ദ്ധനും യു.എസ്.ടി ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗം ഡയറക്ടറും ഗ്ലോബൽ ഹെഡുമായ ആദർശ് നായർ.
എന്താണ് സൈബർ സുരക്ഷ?
സ്മാർട്ട് ഫോണുകൾ, കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ് എന്നിവ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ബാങ്കിംഗ്, ഷോപ്പിംഗ്, സമൂഹമാദ്ധ്യമങ്ങളിലെ ആശയവിനിമയം, ജോലി സംബന്ധമായ കാര്യങ്ങൾ തുടങ്ങി നിരവധി ആവശ്യങ്ങൾ ഓൺലൈൻ ആയാണ് നടത്തിവരുന്നത്. പുതിയ സൈബർ സാങ്കേതിക വിദ്യസ്വീകരിക്കുമ്പോൾ ഇതിനൊപ്പം പുതിയ സൈബർ ഭീഷണികളും ഉത്ഭവിക്കുന്നു.
നമ്മുടെ ഡിജിറ്റൽ വിവരങ്ങൾ, ആശയ വിനിമയങ്ങൾ, അതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൈക്കൊള്ളുന്ന ചില ശീലങ്ങൾ, സാങ്കേതികവിദ്യ ഉപയോഗിച്ചും അല്ലാതെയും സ്വീകരിക്കുന്ന നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സൈബർ സുരക്ഷ. ഇതു സാദ്ധ്യമാക്കുക വഴി ഹാക്കിംഗ്, ഫിഷിംഗ്, ഐഡന്റിറ്റി മോഷണം മുതലായ സൈബർ ആക്രമണങ്ങൾ, സാമ്പത്തികത്തട്ടിപ്പ് എന്നിവ തടയാനാകും. എങ്ങനെയാണോ നാം വീടുകൾ പൂട്ടി മോഷണം തടയുന്നത് അതിനുസമാനമാണ് സൈബർ സുരക്ഷാ നടപടികൾ കൈക്കൊള്ളുന്നത് വഴി സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കുന്നത്.?
പുതിയ കാലത്ത് സൈബർ സുരക്ഷയുടെ പ്രസക്തി
വ്യക്തികളെയും ബിസിനസുകളെയും കേന്ദ്രീകരിച്ചുള്ള പല സൈബർ തട്ടിപ്പുകളും നാം ദൈനംദിനം കാണുന്നവയാണ്. സൈബർ ആക്രമണങ്ങൾ കൂടുമ്പോൾ അതേ ഇടത്തിൽ സുരക്ഷാരീതികളും ശക്തിപ്പെടുത്തേണ്ടതുണ്ട്.
സൈബർ സുരക്ഷ കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ എന്താണ് ?
സ്വകാര്യവിവരങ്ങളുടെ സംരക്ഷണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, വ്യക്തിപരമായ വിവരങ്ങൾ, ബിസിനസ് വിവരങ്ങൾ എന്നിവ മോഷ്ടിക്കപ്പെടാതെ സംരക്ഷിക്കാൻ സൈബർ സുരക്ഷാ സംവിധാനങ്ങളും സാങ്കേതികവിദ്യയും സഹായിക്കുന്നു. ഹാക്കിംഗ് പോലുള്ള സൈബർ ആക്രമണങ്ങളിൽ നിന്ന് നമ്മളെയും നമ്മുടെ ഡിജിറ്റൽ വിവരങ്ങളെയും സംരക്ഷിക്കാൻ സൈബർ സുരക്ഷാസംവിധാനങ്ങൾക്ക് കഴിയും.
ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകൾ ഏറി വരികയാണ്. സുരക്ഷിത പാസ്‌വേഡുകൾ, ഒ.ടി.പികൾ, എൻക്രിപ്‌ടഡ് കണക്ഷനുകൾ എന്നിവ ഉറപ്പാക്കി സൈബർ സുരക്ഷാ സംവിധാനങ്ങൾക്ക് അത്തരം തട്ടിപ്പുകൾ ചെറുക്കാനാകും. രഹസ്യ സ്വഭാവമുള്ള ഡാറ്റ കൈകാര്യം ചെയ്യുന്ന കമ്പനികൾക്കും ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന വ്യക്തികൾക്കും ഏറെ അത്യാവശ്യമായ ഒന്നാണ് സൈബർ സുരക്ഷിതത്വം.
സാധാരണ വ്യക്തികൾക്ക് സൈബർ സുരക്ഷ എങ്ങനെ ഗുണകരമാകും?
പൊതുജനങ്ങളെ സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ ബാധിക്കുന്നു
സൈബർ കുറ്റവാളികൾ വലിയസ്ഥാപനങ്ങളെ മാത്രമല്ല ലക്ഷ്യമിടുന്നത് മറിച്ച് ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും സൈബർ കുറ്റവാളികളുടെ ഭീഷണി ഉണ്ട്. പണംതട്ടാനും സ്വകാര്യവിവരങ്ങൾ ചോർത്താനും സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ ചോർത്താനും സൈബർ കുറ്റവാളികൾ ശ്രമിക്കുന്നു. പൊതുജനങ്ങളെ ബാധിക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ ഇവയാണ്.
1.ഫിഷിംഗ്
ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, പ്രശസ്ത കമ്പനികൾ എന്നിവയുടെ പേരിൽ വ്യാജ ഇമെയിലുകളോ സന്ദേശങ്ങളോ അയച്ച് വ്യക്തികളെ തട്ടിപ്പിനിരയാക്കുകയാണ് ഫിഷിംഗ് വഴി ചെയ്യുന്നത്. ഇവർ അയക്കുന്ന ലിങ്കുകൾ തുറന്നാൽ സ്വ കാര്യവിവരങ്ങൾ ചോർത്താനുള്ള സാദ്ധ്യതകളുണ്ട്. ഉദാഹരണത്തിന് ബാങ്കിൽ നിന്ന് എന്ന് തോന്നിപ്പിക്കുന്ന ഒരുസന്ദേശത്തിലുള്ള ലിങ്കിലൂടെ അക്കൗണ്ട് വിവരങ്ങൾ അപ്‌ഡേറ്റ്‌ചെയ്യാൻ ആവശ്യപ്പെടും. അത്തരം ലിങ്ക് തുറന്ന് സ്വകാര്യ വിവരങ്ങൾ, ഇന്റർനെറ്റ് ബാങ്കിംഗ് യൂസർനെയിമും പാസ്‌വേഡും പങ്കുവച്ചാൽ അത് കുറ്റവാളികളുടെ കയ്യിലേക്ക് എത്തുകയും അയാളുടെ ബാങ്ക് അക്കൗണ്ട് തന്നെ ഹാക്ക് ചെയ്യപ്പെടുകയും ചെയ്യാം.
2.ഒ.ടി.പി തട്ടിപ്പ്
കസ്റ്റമർ സർവീസിൽ നിന്ന് എന്ന വ്യാജേന വ്യക്തികളെ ഫോണിൽ വിളിച്ച് ബാങ്കിംഗ് ഇടപാടുകൾ പരിശോധിക്കാൻ പങ്കുവച്ച ഒറ്റത്തവണ പാസ് വേഡുകൾ അഥവാ ഒ.ടി.പികൾ ആവശ്യപ്പെട്ടേക്കാം. ഒ.ടി.പി പങ്കുവച്ചാൽ ആ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുകളിൽ കയറി പണം തട്ടാനാകും.
3.വ്യാജ ലോൺ തട്ടിപ്പ്
ലോണുകൾ നൽകാമെന്ന വ്യാജേന വ്യക്തികളെ ഫോണിൽ ബന്ധപ്പെടുന്ന സൈബർ കുറ്റവാളികൾ ലോൺ ലഭ്യമാക്കാനുള്ള പ്രോസസിംഗ് ഫീസ് ആവശ്യപ്പെടാം. ആ പണം കൈമാറിയാൽ ഉടനെ കുറ്റവാളികൾ അപ്രത്യക്ഷരാകുകയും ചെയ്യും.
4.വാട്സാപ്പ് ഹാക്കിംഗ്
വാട്‌സാപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് ഒ.ടി.പി പങ്കുവച്ച് അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ സ്വന്തമാക്കുന്ന സൈബർ കുറ്റവാളികളുണ്ട്. വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക്‌ചെയ്യപ്പെട്ടാൽ അക്കൗണ്ടുകൾ ഉപയോഗിച്ച് മറ്റുള്ളവരിൽനിന്ന് പണം അഭ്യർത്ഥിക്കുക എന്നതാണ് കുറ്റവാളികളുടെ രീതി.
5.ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പ്
ഉപഭോക്താക്കളെ ആകർഷിക്കാനായി ജനപ്രിയ ഉത്പന്നങ്ങൾക്ക് മേൽ വലിയ വിലക്കിഴിവ് പ്രഖ്യാപിക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ ഉണ്ട്. പണമടച്ച് ഉത്പന്നങ്ങൾ ഓർഡർ ചെയ്തു കഴിഞ്ഞാൽ ഗുണനിലവാരമില്ലാത്ത ഉത്പന്നം കൊടുക്കുകയോ, ഒന്നും അയച്ചു കൊടുക്കാതിരിക്കുകയോ ചെയ്യാം.
6.വിർച്വൽ അറസ്റ്റ്
ഇന്നത്തെക്കാലത്ത് നിരവധിപേരെ വെട്ടിലാക്കിയ ഒരുതട്ടിപ്പാണ് വിർച്വൽ അറസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ എന്നിവരാണെന്ന വ്യാജേന വ്യക്തികളെ ഫോണിൽ ബന്ധപ്പെട്ട് അവർക്ക് കള്ളപ്പണം വെളുപ്പിക്കൽ, ലഹരിക്കടത്ത് തുടങ്ങിയ കുറ്റങ്ങളുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ച് ഭീഷണിപ്പടുത്തി പണം തട്ടുക എന്നരീതിയാണ് വിർച്വൽ അറസ്റ്റിനു പിന്നിലുള്ളവർ ചെയ്യുന്നത്.
7.എ.ഐ. ഡീപ്പ്ഫേക്ക് തട്ടിപ്പ്
സാങ്കേതികവിദ്യാ മേഖലയിൽ വൻപരിവർത്തനങ്ങൾ സാധ്യമാക്കുകയാണ് നിർമ്മിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ). എന്നാൽ സൈബർ കുറ്റവാളികൾ തട്ടിപ്പുകൾക്കായാണ് എ. ഐ ഉപയോഗിക്കുന്നത്. ഒരു വ്യക്തിയുടെ ഡീപ്‌ഫേക്ക് വീഡിയോകൾ, വോയ്‌സ് റെക്കോർഡിംഗുകൾ തുടങ്ങിയവ എ.ഐ ഉപയോഗിച്ചു നിർമ്മിച്ച് സൈബർ ഇടത്തിൽ അവരുടെ വ്യക്തിത്വം തന്നെ ഉണ്ടാക്കി എടുക്കുകയാണ് ഇവർ ചെയ്യുന്നത്. എന്നിട്ട് ആ വ്യക്തിക്കു പരിചിതരായവരെ ബന്ധപ്പെട്ട് അവരുടെ വിശ്വാസ്യത കവർന്ന് പണംതട്ടുന്നു.
ഓൺലൈനിൽ എങ്ങനെ സുരക്ഷിതരാകാം
സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ വേണ്ടത് സൈബർ ശുചിത്വം പാലിക്കുക എന്നതാണ്. പ്രധാനമായി സ്വീകരിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്
1.ഒടിപി , പാസ്‌വേഡുകൾഎന്നിവ പങ്കുവയ്ക്കാതിരിക്കുക
2.സംശയാസ്പദമായ ലിങ്കുകൾ തുറക്കാതിരിക്കുക
3.സുരക്ഷിത പാസ്‌വേഡുകൾ ഉപയോഗിക്കുക
4. പൊതുവൈഫൈ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ബാങ്ക് അക്കൗണ്ട്, പണമിടപാടുകൾ എന്നിവ ഒഴിവാക്കുക.
5.ഫോൺ,കമ്പ്യൂട്ടർ, ആപ്പുകൾ എന്നിവയിൽ സോഫ്ടവെയർ അപ്‌ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക
6.ടുഫാക്ടർ ഒഥെന്റിക്കേഷൻ ഉപയോഗിക്കുന്നത് വഴി പാസ്‌വേഡുകൾ മോഷ്ടിക്കപ്പെട്ടാലും അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ സാധിക്കും.
7. സൈബർ തട്ടിപ്പിനിരയായാലുടൻ 1930 എന്ന ഹെല്‌പ് ലൈൻനമ്പറിലോ cybercrime.gov.in എന്ന വെബ്‌സൈറ്റിലോ റിപ്പോർട്ട്‌ചെയ്യുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |