
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള പോര് തുടരുകയാണ്. സ്വര്‍ണക്കൊള്ളയുടെ പേരില്‍ സഭയ്ക്കുള്ളില്‍ ഇരുവരും തമ്മില്‍ വാക്‌പോര് രൂക്ഷമായിരുന്നു. സോണിയ ഗാന്ധിക്കെതിരെ ശിവന്‍കുട്ടി നടത്തിയ പരാമര്‍ശത്തെ രൂക്ഷമായിട്ടാണ് സതീശന്‍ വിമര്‍ശിച്ചത്. ഇപ്പോഴിതാ സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സതീശനെ വെല്ലുവിളിച്ചിരിക്കുകയാണ് ശിവന്‍കുട്ടി.
നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്നാണ് ശിവന്‍കുട്ടിയുടെ ചോദ്യം. സംഘപരിവാര്‍ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാന്‍ ആര്‍ജ്ജവമുണ്ടെങ്കില്‍, പ്രതിപക്ഷ നേതാവിനെ നേമത്തെ പോരാട്ടത്തിന് ക്ഷണിക്കുന്നുവെന്നാണ് ശിവന്‍കുട്ടിയുടെ വെല്ലുവിളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചത്.
മന്ത്രി ശിവന്‍കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
സംഘപരിവാറിനെതിരെ പോരാടുന്ന വലിയ 'യോദ്ധാവായി' സ്വയം ചമയാന്‍ പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശന്‍ നടത്തുന്ന ശ്രമങ്ങള്‍ കൗതുകകരമാണ്. ബിജെപിയോടുള്ള മൃദുസമീപനവും കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണ്. വെറുതെ പ്രസംഗപീഠങ്ങളില്‍ ഇരുന്നു വാചകക്കസര്‍ത്ത് നടത്തിയാല്‍ സംഘപരിവാര്‍ വിരുദ്ധത തെളിയിക്കാനാവില്ല.
യഥാര്‍ത്ഥ പോരാട്ടം എങ്ങനെയെന്ന് നേമം മണ്ഡലം സാക്ഷ്യപ്പെടുത്തിയതാണ്. കേരളത്തിന്റെ മണ്ണില്‍ ബിജെപി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാന്‍ ആര്‍ജ്ജവമുണ്ടെങ്കില്‍, പ്രതിപക്ഷ നേതാവിനെ ഞാന്‍ ഈ പോരാട്ടത്തിലേക്ക് ക്ഷണിക്കുന്നു.
ശ്രീ. വി.ഡി സതീശന്‍ ശരിക്കും ഒരു സംഘപരിവാര്‍ വിരുദ്ധനാണെങ്കില്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഒരിക്കല്‍ വിജയിച്ച നേമം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അദ്ദേഹം തയ്യാറാകണം. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ധൈര്യമുണ്ടെങ്കില്‍, വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരാന്‍ അദ്ദേഹം ഈ ക്ഷണം സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളേക്കാള്‍, നിലപാടുകള്‍ പ്രവൃത്തിയിലൂടെ തെളിയിക്കാനുള്ള ആര്‍ജ്ജവമാണ് ഒരു നേതാവിന് വേണ്ടത്. വി ഡി സതീശന്‍ മത്സരിച്ചാലും ഇല്ലെങ്കിലും നേമത്ത് ക്‌ളോസ് ചെയ്ത ബിജെപിയുടെ അക്കൗണ്ട് തുറക്കാന്‍ ഇടതുപക്ഷം അനുവദിക്കില്ല. വിജയിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |