SignIn
Kerala Kaumudi Online
Friday, 06 March 2026 11.09 AM IST

'അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി, ക്ഷണക്കത്ത് കിട്ടിയത് പരിപാടി കഴിഞ്ഞ് നാലാം ദിവസം'

Increase Font Size Decrease Font Size Print Page
shammi-thilakan

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ പങ്കെടുക്കാൻ ചലച്ചിത്ര അക്കാദമി അയച്ച ക്ഷണക്കത്ത് വൈകി ലഭിച്ചതിനെ പരിഹസിച്ച് ഷമ്മി തിലകൻ. ജനുവരി 25ന് നടന്ന പരിപാടിയുടെ ക്ഷണക്കത്ത് ജനുവരി 29നാണ് ഷമ്മി തിലകന് ലഭിച്ചത്. പരിപാടിയിൽ പങ്കെടുത്തവരെല്ലാം വീട്ടിലേക്ക് മടങ്ങി നാലുദിവസത്തിനു ശേഷമാണ് തനിക്ക് ക്ഷണക്കത്ത് ലഭിച്ചതെന്ന് ഷമ്മി തിലകൻ പറയുന്നു. തിരുവനന്തപുരത്ത് നിന്നും ഒരു കൊറിയർ കൊല്ലത്തേക്കെത്താൻ നാലു ദിവസം പിടിക്കില്ലെന്നും സാംസ്‌കാരിക വകുപ്പിന്റെ സമയ നിഷ്ഠത പ്രശംസ അർഹിക്കുന്നുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു. അടുത്ത വർഷത്തേക്കുള്ള ക്ഷണക്കത്ത് കൂടി ഇതിന്റെ കൂട്ടത്തിൽ അയച്ചിരുന്നെങ്കിൽ ചടങ്ങ് കഴിയും മുൻപ് കത്ത് കൈയിൽ കിട്ടുമായിരുന്നെന്നും ഷമ്മി തിലകൻ പരിഹസിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

കുറിപ്പിന്റെ പൂർണരൂപം

'സമയം കഴിഞ്ഞ് എത്തിയ 'മഹനീയ' സാന്നിധ്യം. സംഭവം കൗതുകകരമാണ്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷമായി തന്നെ അത് നടന്നു കഴിഞ്ഞു. പക്ഷേ, എന്റെ 'മഹനീയ സാന്നിധ്യം' അവിടെ വേണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള അക്കാദമിയുടെ സ്നേഹനിർഭരമായ ക്ഷണക്കത്ത് എന്റെ കൈകളിൽ എത്തുന്നത് ഇന്നാണ്. ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5.30-ന്! അതായത്, അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി നാല് ദിവസം കഴിഞ്ഞു എന്ന് ചുരുക്കം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയർ എത്താൻ നാല് ദിവസം പിടിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അപ്പോൾ പിന്നെ ചടങ്ങ് കഴിഞ്ഞ് 26-നോ 27-നോ കത്തയച്ച സാംസ്കാരിക വകുപ്പിന്റെ ആ 'സമയനിഷ്ഠ'യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത്?

ഇതിനെ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അനാസ്ഥ എന്നോ കൊറിയർ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇതിലെ 'ആർട്ട്' ആണ് ഞാൻ ശ്രദ്ധിക്കുന്നത്! ചില നിരീക്ഷണങ്ങൾ: "വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുന്നത് നമ്മുടെ ശീലമല്ല" എന്നത് മുൻകൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ 'അഡ്വാൻസ്ഡ്' ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു.

'സമയം എന്ന മഹാപ്രവാഹത്തിന് തടയിടാൻ ആർക്കും കഴിയില്ല' എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓർമ്മിപ്പിക്കുകയാണോ? അതോ, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നതിനേക്കാൾ നല്ലത്, അത് ചരിത്രമായ ശേഷം ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നതാണോ? പരാതികളില്ല, പരിഭവങ്ങളുമില്ല. പക്ഷേ ഒരു ചെറിയ സംശയം മാത്രം ബാക്കി നിൽക്കുന്നു. അടുത്ത വർഷത്തെ അവാർഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാൽ, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുൻപെങ്കിലും അത് എന്റെ കയ്യിൽ കിട്ടുമായിരുന്നില്ലേ? സാംസ്കാരിക കേരളമേ, നിങ്ങളിത് കാണുന്നുണ്ടോ? അതോ കണ്ണ് തുറക്കാൻ ഇനിയും 'കൊറിയർ' വരേണ്ടതുണ്ടോ?' എന്നും ഷമ്മി തിലകൻ പറഞ്ഞു.

TAGS: MOVIE, SHAMMI THILAKAN, FILM AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.