
ബംഗളൂരു: സ്വയം നിറയൊഴിച്ച് മരണപ്പെട്ട കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി.ജെ.റോയിയുടെ പൊതുദർശനച്ചടങ്ങുകൾ പുരോഗമിക്കുന്നു. ബംഗളൂരു ബന്നാർഗട്ടെ റോഡിലെ നേച്ചേഴ്‌സ് കാസ്കേഡിലാണ് പൊതുദർശനം നടക്കുന്നത്. രാവിലെ ഒൻപത് മണിയോടെയാണ് റോയിയുടെ മൃതദേഹം എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് പൊതുദർശനം. ശേഷം സമീപത്തെ സെന്റ് ജോസഫ്‌സ് പള്ളിയിൽ അന്ത്യശുശ്രൂഷ നടക്കും. വൈകിട്ട് നാലുമണിക്ക് കാസ്‌കേഡിൽ തന്നെയാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. അതേസമയം, റോയിയുടെ മരണത്തെക്കുറിച്ച് വിശദീകരിക്കാൻ കോൺഫിഡന്റ് ഗ്രൂപ്പ് ചൊവ്വാഴ്‌ച നാലുമണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരിക്കുകയാണ്.
വെള്ളിയാഴ്‌ച വൈകിട്ട് ബംഗളൂരുവിലെ റിച്ച്‌മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ കേന്ദ്ര ഏജൻസികളുടെ റെയ്‌ഡ് നടക്കുന്നതിനിടെയാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്. സംഭവം നടന്നയുടൻ അദ്ദേഹത്തെ എച്ച്‌എസ്‌ആർ ലെയൗട്ടിലുള്ള നാരായണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സി ജെ റോയിക്ക് മറ്റേതെങ്കിലും കേന്ദ്രത്തിൽ നിന്ന് ഭീഷണിയുണ്ടായിരിക്കാനുള്ള സാദ്ധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. കർണാടക സർക്കാർ ഡി.ഐ.ജി വംശികൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണച്ചുമതല. ജോയിന്റ് കമ്മിഷണറും രണ്ട് എസ്.പിമാരും സംഘത്തിലുണ്ട്. ഇതിനൊപ്പം കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. പരിശോധനയ്ക്കിടെ സ്വയം വെടിയുതിർത്ത് മരിക്കാൻ തക്കമായ ഒന്നും സംഭവദിവസം ഓഫീസിൽ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്. റെയ്ഡിനെത്തുടർന്ന് കടുത്ത മാനസികസമ്മർദ്ദം നേരിടേണ്ടിവന്നതായും അതാണ് മരണത്തിലേക്ക് തള്ളിവിട്ടതെന്നും സഹോദരൻ സി.ജെ.ബാബു ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |