മജീഷ്യൻ ഗോപിനാഥ് മുതുകാട് ചെയ്യുന്നത് മഹത്തരമായ ഒരു കാര്യമാണെന്ന് നടിയും അവതാരകയുമായ വിധുബാല. മാജിക് പ്ളാനറ്റിലെ ഗോപിയുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ മജീഷ്യനായിരുന്ന അച്ഛനെയാണ് ഓർമ്മവരുന്നതെന്ന് വിധുബാല കൂട്ടിച്ചേർത്തു. മാജിക് പ്ളാനറ്റ് സന്ദർശിച്ച ശേഷം കൗമുദി ടിവിയോട് സംസാരിക്കുകയായിരുന്നു അവർ.
'മാജിക് പ്ളാനറ്റ് എന്നുപറയുന്നത്, ഒരു പക്ഷേ ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കാം ഇത്തരത്തിലൊരു സ്ഥാപനം. എന്റെ അച്ഛൻ മജീഷ്യൻ ഭാഗ്യനാഥ്, പലരും കേട്ടിട്ടുണ്ടാകാം. ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. പഴയ തലമുറക്കാർക്ക് അറിയാം. അദ്ദേഹത്തിന്റെ ഒരു സ്വപ്നമായിരുന്നു ഇതുപോലൊരു തീം പാർക്ക്. അതുശരിക്കും ഗോപിനാഥ് മുതുകാട് സാക്ഷാത്കരിക്കുകയായിരുന്നു എന്നേ എനിക്ക് പറയാനുള്ളൂ. ഇവിടെ വന്നപ്പോൾ അച്ഛന്റെ ഒരുപാട് ഓർമ്മ വന്നു. പലതും കാണുമ്പോൾ ഞാൻ വല്ലാതെ ഇമോഷണലായി. സത്യത്തിൽ വർഷങ്ങൾക്ക് ശേഷമാണ് ഞാനൊരു മാജിക് ഷോ കാണുന്നത്.
ഭിന്നശേഷിക്കാർക്ക് വേണ്ടി ഗോപി ചെയ്യുന്ന കാര്യങ്ങൾ വളരെ പ്രശംസനീയമാണ്. അവരുടെ പേരന്റ്സിനുമെല്ലാം ഇത് വലിയൊരു സാന്ത്വനമാണ്. അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്ന ഒരു വേദിയാണ് ഒരുക്കി കൊടുത്തിരിക്കുന്നത്. വലിയ മഹത്തായ ഒരു കാര്യമാണ് ഗോപിനാഥ് ചെയ്യുന്നത്'-വിധുബാലയുടെ വാക്കുകൾ.