SignIn
Kerala Kaumudi Online
Monday, 16 February 2026 1.28 AM IST

തലസ്ഥാനത്തേക്ക് മറ്റൊരു റൂട്ടിലൂടെ റെയില്‍പാത നീളും; 4800 കോടിയുടെ പദ്ധതി ഇങ്ങനെ

Increase Font Size Decrease Font Size Print Page
railway

തലസ്ഥാനം വളരും, മലയോരത്ത് ട്രെയിനോടും

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വഴിതുറക്കാന്‍ അങ്കമാലി-എരുമേലി ശബരി റെയില്‍ തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് സര്‍ക്കാര്‍. തലസ്ഥാനത്തേക്ക് പാത നീട്ടാനുള്ള പഠനത്തിന് ബഡ്ജറ്റില്‍ ഇന്നലെ രണ്ടുകോടി അനുവദിച്ചു.നിലവില്‍ എരുമേലി വരെയുള്ള പാത,പത്തനംതിട്ട-പുനലൂര്‍-നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടുകയാണ് ലക്ഷ്യം.ഇതിനുള്ള പഠനത്തിനും പദ്ധതിരേഖ തയ്യാറാക്കലിനും കെ-റെയിലിനെ ചുമതലപ്പെടുത്തും.

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം സംസ്ഥാനത്താകെ ലഭ്യമാകാന്‍ ശബരിറെയില്‍ വിഴിഞ്ഞത്തേക്ക് നീട്ടേണ്ടത് ആവശ്യമാണ്. തുറമുഖങ്ങളിലേക്ക് റെയില്‍ കണക്ടിവിറ്റിയൊരുക്കാനുള്ള റെയില്‍സാഗര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേന്ദ്രഫണ്ട് ലഭിക്കും. റാന്നി,പത്തനംതിട്ട,കോന്നി,പത്തനാപുരം,പുനലൂര്‍, അഞ്ചല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട, ബാലരാമപുരം വഴി വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാനാണ് പഠനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ബാലരാമപുരം സ്റ്റേഷനില്‍നിന്ന് ബ്രോഡ്ഗേജ് പാത നിര്‍മ്മിക്കുന്നുണ്ട്. ഇതുമായി ശബരിപാതയെ ബന്ധിപ്പിക്കുന്നതാണ് പരിഗണനയില്‍.

നിലവിലുള്ള തിരക്കേറിയ റെയില്‍പാതയിലൂടെ കൂടുതല്‍ ചരക്കുട്രെയിനുകളോടിക്കാനുള്ള തടസം മറികടക്കാനാണ് ശബരിപാതയെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്ന സമാന്തര പാതയാക്കണമെന്ന് ആവശ്യപ്പെടുന്നത്. വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടിയാല്‍ അങ്കമാലി-മൂവാറ്റുപുഴ-എരുമേലി-പുനലൂര്‍-നെടുമങ്ങാട്-വിഴിഞ്ഞം ഗ്രീന്‍ഫീല്‍ഡ് റെയില്‍ ചരക്ക് ഇടനാഴി നിര്‍മ്മിക്കാനാവും. നിലവിലെ റെയില്‍-ദേശീയ പാതകള്‍ ജനസാന്ദ്രതയേറിയ മേഖലകളിലായതിനാല്‍ അവിടെ വ്യവസായ വികസനത്തിന് ഭൂമിക്ക് സാദ്ധ്യത കുറവാണ്. നെടുമങ്ങാട്,പുനലൂര്‍, പത്തനാപുരം,കോന്നി,റാന്നി, കാഞ്ഞിരപ്പള്ളി,തൊടുപുഴ,കോതമംഗലം താലൂക്കുകളില്‍ സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്തിരിക്കുന്നതും അല്ലാത്തതുമായ എസ്റ്റേറ്റുകള്‍ വ്യവസായ സംരംഭങ്ങള്‍ക്കായി ഏറ്റെടുത്താല്‍ തുറമുഖ അനുബന്ധ സംരംഭങ്ങള്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാവുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

ഉപഗ്രഹ നഗരങ്ങള്‍ വരും

വിഴിഞ്ഞത്തേക്ക് ശബരിപാത നീട്ടിയാല്‍ ആകെ 26പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ ലഭിക്കും. കാട്ടാക്കടയും നെടുമങ്ങാടും വെഞ്ഞാറമൂടും കിളിമാനൂരും തിരുവനന്തപുരത്തിന്റെ ഉപനഗരങ്ങളായി വികസിക്കും. ഇവിടങ്ങളില്‍ ഭൂമിയേറ്റെടുപ്പിനും ചെലവ് കുറവാണ്.

നിലവിലെ റെയില്‍വേ ലൈനില്‍ തടസമുണ്ടായാല്‍ ബദല്‍ പാതയായും ഇതുമാറ്റാം. അരലക്ഷത്തിനു മേല്‍ ജനസംഖ്യയുള്ള നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും റെയില്‍വേ കണക്ടിവിറ്റിയൊരുക്കാനാണ് കേന്ദ്രനയം. നെടുമങ്ങാട് നഗരത്തില്‍ 62,000 ജനസംഖ്യയുണ്ട്.

കിളിമാനൂര്‍, വെഞ്ഞാറമൂട്, നെടുമങ്ങാട്,കാട്ടാക്കട, ബാലരാമപുരം,വിഴിഞ്ഞം സ്റ്റേഷനുകളാണ് ഇപ്പോള്‍ തലസ്ഥാനത്ത് പരിഗണനയിലുള്ളത്. ഫീല്‍ഡ് സര്‍വേയടക്കം നിരവധി ശാസ്ത്രീയപഠനങ്ങള്‍ക്ക് ശേഷമായിരിക്കും ഇത് അന്തിമമാക്കുക.


4800കോടി- അങ്കമാലി-എരുമേലി പാത വിഴിഞ്ഞത്തേക്ക് നീട്ടാനുള്ള ചെലവ്

TAGS: KERALA, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.