SignIn
Kerala Kaumudi Online
Thursday, 12 March 2026 9.56 AM IST

കൊല്ലുന്ന ചേട്ടന്‍മാര്‍, തിന്നുന്ന അനിയന്‍മാര്‍; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം

Increase Font Size Decrease Font Size Print Page
ind-won

ഹരാരെ (സിംബാബ്വെ): അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം. 100 റണ്‍സിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ തങ്ങളുടെ ആറാം കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 412 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ മറുപടി 40.2 ഓവറില്‍ 311 റണ്‍സില്‍ അവസാനിച്ചു. സൂപ്പര്‍താരം വൈഭവ് സൂര്യവംശി തകര്‍പ്പന്‍ സെഞ്ച്വറിയുമായി തകര്‍ത്തടിച്ചതോടെയാണ് കലാശപ്പോരില്‍ ഇന്ത്യ റെക്കോഡ് സ്‌കോര്‍ കുറിച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി കാലിബ് ഫാല്‍ക്‌നര്‍ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യയെ വീഴ്ത്താന്‍ അത് മതിയാകുമായിരുന്നില്ല.

80 പന്തില്‍ നിന്ന് 175 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. 15 ഫോറും 15 സിക്സറുകളുമാണ് 14കാരന്റെ ബാറ്റില്‍ നിന്ന് ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാഞ്ഞത്. ക്യാപ്റ്റന്‍ ആയുഷ് മാത്രെ 53(51) അര്‍ദ്ധ സെഞ്ച്വറി നേടി വൈഭവിന് മികച്ച പിന്തുണ നല്‍കി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് മുന്നില്‍ ആക്രമിച്ച് കളിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. ഓപ്പണര്‍ ബെന്‍ ഡോകിന്‍സ് 66(56), ബെന്‍ മേയ്സ് 45(28) എന്നിവര്‍ ഈ ദൗത്യം ഏറ്റെടുത്തപ്പോള്‍ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്.

മറ്റൊരു ഓപ്പണര്‍ ജോസഫ് മൂര്‍സ് 17(16) ആണ് ആദ്യം പുറത്തായത്. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ തോമസ് റ്യൂ 31(18) ഡോകിന്‍സിന് ഒപ്പം ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ഒരവസരത്തില്‍ 142ന് രണ്ട് എന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. കനിഷ്‌ക് ചൗഹാന്റെ പന്തില്‍ ഇംഗ്ലീഷ് നായകന്‍ മടങ്ങിയതോടെ മദ്ധ്യനിര ബാറ്റിംഗ് തകര്‍ച്ചയിലേക്ക് വീണു. റാല്‍ഫി ആല്‍ബര്‍ട്ട് 0(2), ഹര്‍ഹാന്‍ അഹമ്മദ് 1(2), സെബാസ്റ്റ്യന്‍ മോര്‍ഗന്‍ 0(2) എന്നിവര്‍ വന്നത് പോലെ മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 177ന് ഏഴ് എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് കാലിബ് ഫാല്‍ക്‌നര്‍ നടത്തിയ ഒറ്റയാന്‍ പോരാട്ടം 115(67) ഇംഗ്ലണ്ടിനെ 311 എന്ന സ്‌കോറിലേക്ക് എത്തിച്ചു. ജെയിംസ് മിന്റോ 28(41), മാനി ലുംസ്ഡന്‍ 3(10) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍. ഇന്ത്യക്ക് വേണ്ടി ആര്‍എസ് ആംബ്രിഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും ഖിലന്‍ പട്ടേല്‍, ആയുഷ് മാത്രെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി വേദാന്ത് ത്രിവേദി 32(36), വിഹാന്‍ മല്‍ഹോത്ര 30(36), അഭിഗ്യാന്‍ കുണ്ഡു 40(31), ആര്‍എസ് അംബ്രിഷ് 18(24), കനിഷ്‌ക് ചൗഹാന്‍ 37*(20) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. സെമിയില്‍ സെഞ്ച്വറി നേടിയ മലയാളി താരം ആരണ്‍ ജോര്‍ജ് ഫൈനലില്‍ ഒമ്പത് റണ്‍സ് മാത്രം നേടി പുറത്തായി.

TAGS: NEWS 360, SPORTS, INDIA, U19, CHAMPIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.