
മുംബയ്: ട്വന്റി-20 ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ അമേരിക്കയെ പരാജയപ്പെടുത്തി വിജയത്തുടക്കമാണ് ഇന്ത്യ കുറിച്ചത്. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗും (84), ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനവുമാണ് ഇന്ത്യക്ക് 29 റൺസിന്റെ ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ 77 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിൽ പതറുകയായിരുന്നു. യുഎസിന്റെ ഷാഡ്ലി വാൻ ഷാൽക്വിക് ഒരോവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ മദ്ധ്യനിരയെ തകർത്തു. എന്നാൽ 49 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയ സൂര്യകുമാർ ഇന്ത്യയെ 161/9 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചതോടെയാണ് നിർണായകമായത്. ഇപ്പോഴിതാ മത്സരത്തിന് ശേഷം ക്യാപ്ടൻ സുര്യകുമാർ നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.
'ആറ് വിക്കറ്റ് നഷ്ടത്തിൽ 77 എന്ന നിലയിൽ നിൽക്കുമ്പോൾ എത്രത്തോളം സമ്മർദ്ദമുണ്ടായിരുന്നു എന്ന് എനിക്ക് മാത്രമേ അറിയൂ. ഞങ്ങൾ ഇതിലും നന്നായി ബാറ്റ് ചെയ്യേണ്ടിയിരുന്നു. ഇതേ സാഹചര്യം മുമ്പും നേരിട്ടിട്ടുണ്ട്. അതുകൊണ്ട് മത്സരം തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. മുംബയ് മൈതാനങ്ങളിലെ അനുഭവപരിചയം സമ്മർദ്ദഘട്ടത്തിൽ തുണച്ചു. മത്സരത്തിനിടയിൽ കോച്ച് നൽകിയ ഉപദേശവും ഇന്നിംഗ്സിന് കരുത്തായി. 14 ഓവറുകൾക്ക് ശേഷമുള്ള ഇടവേളയിൽ ഗൗതി ഭായ് എന്നോട് പറഞ്ഞു, അവസാനം വരെ ക്രീസിൽ നിൽക്കാൻ ശ്രമിക്കൂ, റൺറേറ്റ് എപ്പോൾ വേണമെങ്കിലും വർദ്ധിപ്പിക്കാനാകും,' സൂര്യ പറഞ്ഞു. ആദ്യ മത്സരം ജയിച്ചെങ്കിലും ടീമിന്റെ ബാറ്റിംഗ് പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
ജസ്പ്രീത് ബുംറയും വാഷിംഗ്ടൺ സുന്ദറും ടീമിൽ ഇല്ലാതിരുന്നതിനെക്കുറിച്ചും സൂര്യ പ്രതികരിച്ചു. 'കാലാവസ്ഥ മാറ്റത്തെതുടർന്ന് കടുത്ത പനി ബാധിച്ചതിനാലാണ് ബുംറയ്ക്ക് വിശ്രമം അനുവദിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ല. താരം പൂർണ ആരോഗ്യവാനാണ്. ഡൽഹിയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ സുന്ദർ ടീമിനൊപ്പം ചേരും. അടുത്ത മത്സരത്തിന് മുൻപ് അഞ്ച് ദിവസത്തെ ഇടവേളയുണ്ടെന്നത് ടീമിന് ആശ്വാസമാണ്. ഈ സമയം കൊണ്ട് കൂടുതൽ കരത്തോടെ വ്യക്തമായ പ്ലാനുകളോടെ ടീം തിരിച്ചുവരും' സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.
162 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎസിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനേ സാധിച്ചുള്ളൂ. മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, അക്സർ പട്ടേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളിംഗ് നിര യുഎസിനെ പിടിച്ചു കെട്ടി. മിലിന്ദ് കുമാർ, ശുഭം രഞ്ജനെ, സൂരജ് കൃഷ്ണമൂർത്തി എന്നിവർ പൊരുതിയെങ്കിലും ഇന്ത്യയുടെ അനുഭവപരിചയത്തിന് മുന്നിൽ അവർക്ക് അടിതെറ്റുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |