
ആള്‍ത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകള്‍ കേരളത്തില്‍ നിരവധിയാണ്. കുറച്ച് കാലം മുമ്പത്തെ ഇതിന്റെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ അത് ലക്ഷക്കണക്കിന് ആയിരുന്നു. പൂട്ടിക്കിടക്കുന്ന വീടുകളുടെ എണ്ണം നമ്മുടെ നാട്ടില്‍ ദിവസംതോറും വര്‍ദ്ധിക്കുകയുമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റവും അവിടത്തെ പൗരത്വം ലഭിച്ചാല്‍ മാതാപിതാക്കളെ ഉള്‍പ്പെടെ അവിടേക്ക് കൊണ്ട് പോകുന്നതുമാണ് നാട്ടിലെ വീടുകള്‍ അടഞ്ഞ് കിടക്കുന്നതിന് ഒരു കാരണം.
അടുത്ത കാലത്താണ് ചില ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് വീടോ അപ്പാര്‍ട്‌മെന്റുകളോ സ്വന്തമായി വാങ്ങാനും രജിസ്റ്റര്‍ ചെയ്യാനും സൗകര്യം ലഭ്യമായിത്തുടങ്ങിയത്. ഈ സൗകര്യം ലഭ്യമായി തുടങ്ങിയപ്പോള്‍ മുതല്‍ കേരളത്തില്‍ പൂട്ടിക്കിടക്കുന്ന വീടുകളുടെ എണ്ണം കുത്തനെ കൂടാന്‍ തുടങ്ങി. ലക്ഷങ്ങളും കോടികളും ചെലവഴിച്ച് നാട്ടില്‍ നിര്‍മിച്ച വീടുകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ലീവിന് വരുമ്പോള്‍ ഒന്നോ രണ്ടോ മാസം തങ്ങാനുള്ള ഇടത്താവളം മാത്രമായി മാറി പലര്‍ക്കും.
ആള്‍ത്താമസമില്ലാത്ത വീടുകള്‍ നശിക്കുന്നത് സാധാരണയാണ്. കൃത്യമായ പരിപാലനമില്ലാത്തതാണ് ഇതിനുള്ള പ്രധാന കാരണം. നാട്ടിലേക്ക് വല്ലപ്പോഴും മാത്രം സന്ദര്‍ശനം നടത്തുന്നവര്‍ കേരളത്തിലെ വീടിന്റെ കാര്യം ഓര്‍ക്കുന്നത് പോലും നാട്ടിലേക്ക് വരുമ്പോഴാണ്. ഈ ഘട്ടത്തില്‍ അവര്‍ ഡീപ് ക്ലീനിംഗ് ഏജന്‍സികളെ സമീപിക്കുകയും വീട് അടിമുടി വൃത്തിയാക്കി താമസയോഗ്യമാക്കുകയും ചെയ്യും. എന്നാല്‍ ആള്‍ത്താമസമില്ലാതെ കിടന്ന വീടിന് പുറമേ മോടി കൂടുമെങ്കിലും കാലാന്തരത്തില്‍ സംഭവിക്കുന്ന കേടുപാടുകള്‍ക്ക് ഈ ഡീപ് ക്ലീനിംഗ് പരിഹരമല്ല എന്നതാണ് പലരുടേയും അനുഭവം.
അടച്ചിടപ്പെടുന്ന വീടുകളില്‍ ഭൂരിഭാഗവും നല്ല സൗകര്യങ്ങളുള്ള അതുവരെ നന്നായി പരിപാലിക്കപ്പെട്ടിരുന്നവയാണ്. എന്നാല്‍ കൃത്യമായ പരിപാലനം ഇല്ലാതെ ദീര്‍ഘകാലം അടച്ചിടുന്നതോടെ വീടുകളുടെ അവസ്ഥ വളരെ വേഗം ശോചനീയമാകുന്നു. ഘടനാപരമായ പ്രശ്‌നങ്ങളോ പ്ലമിങ്, ഇലക്ട്രിക്കല്‍ കേടുപാടുകളോ ഒന്നുമില്ലാത്ത വീടുകള്‍, നോക്കി നടത്താന്‍ ആളില്ലാത്തതു കൊണ്ട് മാത്രം നാശമാകുന്നത് കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്.
പൂട്ടിക്കിടക്കുന്ന വീടുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അവിടെ തെളിഞ്ഞ് വരുന്നത് കേരളത്തില്‍ അടുത്തിടെ മാത്രം ചുരുക്കം സ്ഥലങ്ങളില്‍ ആരംഭിച്ച ഒരു സംവിധാനമാണ്. വല്ലപ്പോഴും നാട്ടിലേക്ക് വരുമ്പോള്‍ ക്ലീനിംഗിന് ആളെ നിര്‍ത്തി മോടിപിടിപ്പിക്കുന്നതിന് പകരം വര്‍ഷം മുഴുവന്‍ വീട് നോക്കാനും കൃത്യമായി അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ ഒരു ഏജന്‍സിയെ ഏല്‍പ്പിക്കാവുന്നതുമാണ്. ഇത്തരം ഏജന്‍സികള്‍ ഇപ്പോള്‍ കേരളത്തില്‍ ചെറിയതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത്തരം ഏജന്‍സികള്‍ ആരംഭിക്കുകയെന്നത് ഒരു നല്ല ബിസിനസ് ആശയം കൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |