
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന് കനത്ത തിരിച്ചടി. സർവകലാശാലാ യൂണിയൻ പിരിച്ചുവിട്ട വിസിയുടെ നടപടി കോടതി തടഞ്ഞു. കാലാവധി പൂർത്തിയാകുന്നത് വരെ യൂണിയൻ പ്രവർത്തനം തുടരാമെന്നും സർവകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
യൂണിവേഴ്‌സിറ്റി കലോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് വിസിയും എസ്എഫ്ഐ നേതൃത്വം നൽകുന്ന സർവകലാശാലാ യൂണിയനും തമ്മിൽ കുറച്ചുനാളുകളായി തർക്കം നിലനിന്നിരുന്നു. കലോത്സവം നടത്താത്തതിലും കായിക താരങ്ങൾക്ക് ടിഎ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സർവകലാശാലാ ആസ്ഥാനത്ത് വലിയ രീതിയിൽ സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നാടകീയ നീക്കങ്ങളിലൂടെ യൂണിയൻ പിരിച്ചുവിടാൻ വിസി ഉത്തരവിട്ടത്. സമരത്തിനിടെ യൂണിയൻ ചെയർമാനെ അറസ്റ്റ് ചെയ്ത് നീക്കുന്ന സാഹചര്യവുമുണ്ടായി.
ഈ മാസം 28വരെ നിയമപരമായി കാലാവധിയുള്ള യൂണിയനെ മരവിപ്പിച്ച വിസിയുടെ നടപടിക്കെതിരെ എസ്എഫ്ഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കലോത്സവം നടത്താൻ അനുവദിക്കണമെന്നും നേരത്തെ ഫണ്ട് നീക്കിവച്ച രണ്ട് പരിപാടികൾ നടത്താൻ അനുമതി വേണമെന്നും വിദ്യാർത്ഥികൾ കോടതിയിൽ ആവശ്യപ്പെട്ടു. ഈ വാദങ്ങൾ അംഗീകരിച്ച കോടതി, കാലാവധി തീരുന്നത് വരെ ഭാരവാഹികൾക്ക് സ്ഥാനത്ത് തുടരാമെന്ന് വ്യക്തമാക്കി. ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താനും കോടതി അനുമതി നൽകി. കാലാവധി കഴിഞ്ഞ ശേഷം മാത്രമേ കേസ് വീണ്ടും കോടതി പരിഗണിക്കുകയുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |