ന്യൂഡൽഹി: മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ മാനസിക രോഗിയായ യുവാവിനെ മൃഗശാലാ സൂക്ഷിപ്പുകാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയോടെ ഡൽഹി മൃഗശാലയിലാണ് ബീഹാർ സ്വദേശിയായ റെഹാൻ ഖാൻ(21) വേലി ചാടി സിംഹക്കൂട്ടിൽ എത്തിയത്. മൃഗശാലയിലെ ആൺ സിംഹം ആക്രമിക്കാതിരുന്നത് യുവാവിന് രക്ഷയായി.
സിംഹക്കൂടിന് വെളിയിൽ സ്ഥാപിച്ച ഇരുമ്പുവേലിക്കു മുകളിലൂടെ വലിഞ്ഞു കയറിയാണ് ഇയാൾ ഉള്ളിൽ കടന്നതെന്ന് മൃഗശാലയിലുള്ളവർ പറഞ്ഞു. ഗാർഡുകൾ ഓടിയെത്തിയപ്പോഴേക്കും യുവാവ് സിംഹത്തിന്റെ മുന്നിൽപ്പെട്ടിരുന്നു. ഏറെ നേരം സിംഹവും കൂസലില്ലാതെ യുവാവും മുഖാമുഖം നിൽക്കുന്നത് മൃഗശാലയിലെ സന്ദർശകർ എടുത്ത വീഡിയോയിൽ കാണാം. അൽപനേരം കഴിഞ്ഞ സിംഹം യുവാവിന് നേരെ കുതിച്ചെങ്കിലും ആക്രമിച്ചില്ല. അധികൃതർ കൂട്ടിനുള്ളിലേക്ക് ഏണി ഇട്ട് കയറി വരാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല. ഇടയ്ക്ക് സിംഹത്തിന്റെ ശ്രദ്ധ തിരിച്ച് മൃഗശാലാ സൂക്ഷിപ്പുകാരും വനപാലകരും അയാളെ രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തിച്ച യുവാവിനെ സൗത്ത് ഇൗസ്റ്റ് ഡി.സി.പി ചിൻമയി ബിശ്വവലിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.
2014ൽ ഡൽഹി മൃഗശാലയിലുണ്ടായ സമാനമായ സംഭവത്തിൽ വെള്ളകടുവയുടെ കടിയേറ്റ് ഒരു യുവാവ് മരിച്ചിരുന്നു. കടുവയെ പാർപ്പിപ്പിച്ചിരുന്ന ഭാഗത്തേക്ക് ചാടിയ യുവാവിനെ രക്ഷിക്കാനായില്ല. അന്നത്തെ സംഭവത്തെ തുടർന്ന് മൃഗങ്ങളെ പാർപ്പിച്ച കൂടുകൾക്ക് വെളിയിൽ സംരക്ഷണ മതിലുകൾ സ്ഥാപിക്കുകയും സന്ദർശകരെ നിയന്ത്രിക്കാൻ ഗാർഡുകളെ നിയമിക്കുകയും ചെയ്തതാണ്.