
കൊളംബോ: ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ബഹിഷ്കരിക്കുമെന്ന ഭീഷണി പിൻവലിച്ച് വീണ്ടും ഇന്ത്യയ്‌ക്കൊപ്പം നേർക്കുനേർ എത്തുന്ന പാകിസ്ഥാനെ ഒരിക്കൽ കൂടി ഒടിച്ചുമടക്കാൻ തന്നെയായിരിക്കും സൂര്യകുമാർ യാദവും സംഘവും തീരുമാനിച്ചുറപ്പിച്ചിരിക്കുക. അതേസമയം, മത്സരത്തിന് മുന്നോടിയായി പാക് പടയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് ടീമിന്റെ മുൻ നായകൻ ഷാഹിദ് അഫ്രീദി. സൂര്യകുമാർ യാദവ് നയിക്കുന്ന ശക്തരായ ഇന്ത്യൻ നിരയ്‌ക്കെതിരെ സൽമാൻ അലി ആഗയും സംഘവും കരുതലോടെ കളിക്കണമെന്നാണ് അഫ്രീദിയുടെ ഉപദേശം.
'മത്സരങ്ങളിൽ പിഴവുകൾ സംഭവിക്കാം. എന്നാൽ ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് മേഖലകളിലും ഏറ്റവും കുറഞ്ഞ പിഴവുകൾ വരുത്തുന്ന ടീം വിജയിക്കും.' ഷാഹിദ് അഫ്രീദി പറഞ്ഞു. നിലവിലെ പാക് ടീമിന്റെ ബാറ്റിംഗ് നിരയിലെ ആഴം ടീമിന് മുതൽക്കൂട്ടാണെന്നും അഫ്രീദി ചൂണ്ടിക്കാട്ടി. വാലറ്റം വരെ ബാറ്റ് ചെയ്യാൻ കെൽപ്പുള്ളവർ ടീമിലുണ്ട്. ഇത് ആദ്യ ഓവറുകളിൽ വിക്കറ്റുകൾ വീണാലും ആത്മവിശ്വാസത്തോടെ മുന്നേറാൻ ടീമിനെ സഹായിക്കും.

സ്‌പെഷ്യലിസ്റ്റ് ബാറ്റർമാർ ക്രീസിൽ ചെലവഴിക്കുക എന്നതാകണം ടീമിന്റെ പ്രാഥമിക ലക്ഷ്യം. ആദ്യ ആറ് ബാറ്റർമാർ 15-16 ഓവർ വരെ ബാറ്റ് ചെയ്താൽ, അവസാന നാലോവറുകളിൽ (24 പന്തുകളിൽ) വാലറ്റത്തെ ബാറ്റർമാർക്ക് നിഷ്പ്രയാസം കളിച്ച് സ്‌കോർ പടുത്തുയർത്താൻ സാധിക്കുമെന്നും അഫ്രീദി ചൂണ്ടിക്കാണിച്ചു.
കളിയുടെ തുടക്കം മികച്ചതാവാൻ വ്യക്തമായ സന്ദേശമാണ് അഫ്രീദി ഓപ്പണർമാർക്ക് നൽകുന്നത്. റൺ റേറ്റ് ഉയർത്തിക്കൊണ്ടുതന്നെ വിക്കറ്റ് വലിച്ചെറിയാതെ ശ്രദ്ധിക്കണമെന്നും അനാവശ്യമായി വിക്കറ്റുകൾ വീഴാതെ നോക്കണമെന്നും അതോടൊപ്പം റൺറേറ്റ് കുറയാതെ ബാറ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി ഏഴ് മണിക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |