
കൊളംബോ: ഇന്ത്യക്കെതിരായ തുടര്‍ തോല്‍വികളില്‍ വലഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍. ട്വന്റി 20 ലോകകപ്പില്‍ കഴിഞ്ഞ ദിവസത്തെ മത്സരത്തോടെ വിവിധ ഫോര്‍മാറ്റുകളിലായി തുടര്‍ച്ചയായ ഒമ്പതാം തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങുന്നത്. 2022ല്‍ ദുബായില്‍ നടന്ന ഏഷ്യ കപ്പ് മത്സരത്തിലാണ് ഏറ്റവും ഒടുവിലായി പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. അതിന് ശേഷം ഒരുതവണ പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ചിരവൈരികളായ അയല്‍രാജ്യത്തിന് കഴിഞ്ഞിട്ടില്ല.
ഇപ്പോഴിതാ ലോകകപ്പില്‍ ഇന്ത്യയോട് 61 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയതോടെ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയാണ് പാകിസ്ഥാന്‍. സൂപ്പര്‍ എട്ടിലേക്ക് പ്രവേശിക്കാന്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയയെ മറികടക്കണം പാകിസ്ഥാന്. ഈ മത്സരത്തില്‍ നിന്ന് സീനിയര്‍ താരങ്ങളായ ഷഹീന്‍ ഷാ അഫ്രീദി, ബാബര്‍ അസം എന്നിവരെ ഒഴിവാക്കാനാണ് പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. മോശം പ്രകടനത്തിന്റെ പേരിലാണ് ഇരുവരെയും മാറ്റിനിര്‍ത്താന്‍ ആലോചിക്കുന്നത്.
ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ക്ക് പകരം യുവതാരങ്ങളെ പരീക്ഷിക്കാനാണ് പാക് മാനേജ്‌മെന്റിന് താത്പര്യം. ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തിയതിന് ശേഷം ഇന്ത്യക്കെതിരെ കളിക്കാനുള്ള തീരുമാനം സ്വീകരിക്കുകയായിരുന്നു പാകിസ്ഥാന്‍. മത്സരം കാണാന്‍ പിസിബി ചെയര്‍മാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി എത്തിയിരുന്നു. എന്നാല്‍ ടീം തോല്‍ക്കുമെന്ന് ഉറപ്പിച്ചതോടെ ചെയര്‍മാന്‍ സ്‌റ്റേഡിയം വിട്ടു. പിന്നീട് ടീമിന്റെ പ്രകടനത്തില്‍ മാനേജ്‌മെന്റിനെ നേരിട്ട് വിളിച്ച് കടുത്ത അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിശീലകന്‍ മൈക്ക് ഹെസ്സനും ടീമിന്റെ മോശം പ്രകടനത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. മൈക്ക് ഹെസ്സന്‍, ഡ്രസ്സിങ് റൂമില്‍വെച്ച് കളിക്കാരോട് കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഷഹീന്‍ അഫ്രീദിക്ക് പകരം സല്‍മാന്‍ മിര്‍സയേയോ നസീം ഷായേയോ ടീമിലെടുക്കാനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്. ബാബര്‍ അസമിന് പകരം ഫഖര്‍ സമാന് അവസരം ലഭിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |