വാഷിംഗ്‌ടൺ: നിക്ഷേപത്തിന് ഇന്ത്യയേക്കാൾ മികച്ച സ്ഥലം വേറെയില്ലെന്നും ജനാധിപത്യം ഇഷ്‌ടപ്പെടുന്ന, നിക്ഷേപകരെ മാനിക്കുന്ന രാജ്യമാണ് ഇതെന്നും കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. യു.എസ് - ഇന്ത്യ സ്‌ട്രാറ്റജിക് ആൻഡ് പാർട്‌ണർഷിപ്പിന്റെ സഹകരണത്തോടെ ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കൂടുതൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ലോകത്തെ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാനവവിഭവ ശേഷിയിലും ഇന്ത്യ മുന്നിലാണ്. നിക്ഷേപകരുമായി വിശ്വാസ്യതക്കുറവില്ല. നിക്ഷേപകർക്കും കോർപ്പറേറ്റുകൾക്കും പറയാനുള്ളത് കേൾക്കാൻ സർക്കാർ ശ്രമിക്കുന്നു.
ഉപഭോക്തൃ വാങ്ങൽശേഷി വർദ്ധിപ്പിക്കാനായി അടിസ്ഥാനസൗകര്യ വികസനത്തിനും തളർച്ച നേരിടുന്ന മേഖലകളുടെ ഉണർവിനും ഊന്നൽ നൽകിയുള്ള പരിഷ്‌കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. ധനക്കമ്മി നിയന്ത്രിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |