
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട നിരവധി പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ എപ്സ്റ്റീൻ അതീവ ശക്തിയുള്ള മയക്കുമരുന്ന് ചെടി നട്ടുവളർത്തിയിരുന്നുവെന്ന വാർത്തകളാണ് പ്രചരിക്കുന്നത്. സ്വന്തം നഴ്‌സറിയിൽ 'ട്രമ്പറ്റ് പ്ളാന്റ്‌സ്' എന്ന ചെടിയാണ് ഇയാൾ വളർത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഇമെയിൽ വിവരങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത്.
'ഡെവിൾസ് ബ്രെത്ത്', 'ഡെവിൾസ് ട്രമ്പറ്റ് ' എന്നും ട്രംപറ്റ് പ്ളാന്റ്‌സ് അറിയപ്പെടുന്നു. സ്‌കോപോലാമൈൻ എന്ന മരുന്ന് അടങ്ങിയിട്ടുള്ളതിനാലാണ് ഈ പേര് ലഭിച്ചത്. സ്‌കോപോലാമൈന് പുറമെ അട്രോപിൻ, ഹയോസയാമിൻ തുടങ്ങിയ 'ട്രോപെയ്ൻ ആൽക്കലോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ബ്രഗ്മാൻസിയ അല്ലെങ്കിൽ ഡാറ്റുറ ഇനത്തിൽപ്പെട്ട ചെടിയാണിത്. മയക്കുമരുന്ന് സംഘങ്ങൾ കാലങ്ങളായി ഉപയോഗിക്കുന്ന മയക്കുമരുന്നാണിത്. ഈ മയക്കുമരുന്ന് കഴിക്കുന്നവർ ചെയ്യാൻ പറയുന്ന എന്ത് കാര്യവും ചെയ്യും. മാത്രമല്ല ഇക്കാര്യം പിന്നീട് ഓർക്കുകയുമില്ല.
2014ൽ എപ്സ്റ്റീൻ ആൻ റോഡ്രിഗസ് എന്നയാൾക്കയച്ച കത്തിൽ ട്രമ്പറ്റ് പ്ളാന്റ്‌സിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. നഴ്‌സറിലെ തന്റെ ട്രമ്പറ്റ് പ്ളാന്റ്‌സിനെക്കുറിച്ച് ക്രിസിനോട് ചോദിക്കൂവെന്നാണ് ഇമെയിലിൽ പറയുന്നത്. 2015ൽ എപ്സ്റ്റീന് ഫോട്ടോഗ്രാഫർ അന്റോയിൻ വെർഗ്ളാസ് അയച്ച ഇമെയിലിൽ ട്രമ്പറ്റ് പ്ളാന്റിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. 'സ്‌കോപോലാമൈൻ: കൊളംബിയൻ കാടുകളിൽ വളരുന്ന അതീവശക്തിയുള്ള മരുന്ന്. ഇത് സ്വതന്ത്ര ഇച്ഛാശക്തി ഇല്ലാതാക്കുന്നു'- എന്നാണ് ഇമെയിലിൽ പറയുന്നത്. ഈ മരുന്ന് കഴിക്കുന്നവർ കുട്ടികളെപ്പോലെയാകുമെന്നും പരാമർശമുണ്ട്.
അതേസയം, ഹിന്ദു പുരാണങ്ങളിൽ വളരെയധികം പരാമർശമുള്ള ചെടിയാണ് ട്രമ്പറ്റ് പ്ളാന്റ്. ശിവഭഗവാനുമായി ബന്ധപ്പെട്ടിരിക്കുന്ന ചെടിയാണിത്. കഠിനമായ സാഹചര്യങ്ങളിൽ വളരുന്ന കാട്ടുചെടിയായതിനാൽ ട്രമ്പറ്റ് പ്ളാന്റിനെ സഹിഷ്ണുതയുടെയും സന്യാസത്തിന്റെയും പ്രതീകമായി കണക്കാക്കുന്നു. ഇന്ത്യയിലുടനീളമുള്ള പല ക്ഷേത്രങ്ങളിലും ആരാധനയുടെ ഭാഗമായി, പ്രത്യേകിച്ച് മഹാ ശിവരാത്രി നാളുകളിൽ ട്രമ്പന്റ് ചെടിയുടെ പൂക്കളും പഴങ്ങളും ശിവന് സമർപ്പിക്കാറുണ്ട്. ഉമ്മം എന്നാണ് കേരളത്തിൽ ഈ ചെടി അറിയപ്പെടുന്നത്. ഇതിന്റെ ഇല, വേര്, വിത്ത് എന്നിവയിൽ മയക്കുമരുന്ന് ഗുണമുള്ള ആൽക്കലോയിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ അമിതമായാൽ മരണം സംഭവിക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |