
ന്യൂഡൽഹി: അരുണാചൽപ്രദേശിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈന നടത്തിയ മുന്നേറ്റം തടയാൻ എഐ സാങ്കേതിക വിദ്യയുള്ള പ്രവചന ഉപകരണങ്ങൾ ഇന്ത്യ വിജയകരമായി ഉപയോഗിച്ചതായി സൈന്യം. സ്ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡ് കമാൻഡർ - ഇൻ - ചീഫ് ലെഫ്.ജനറൽ ദിനേശ് സിംഗ് റാണയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഇന്ത്യ എഐ ഇംപാക്‌ട് സമ്മിറ്റിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക യുദ്ധം, തന്ത്രപരമായ സിദ്ധാന്തങ്ങൾ, ദേശീയ സുരക്ഷാ ആസൂത്രണം എന്നിവയെ എഐ പരിവർത്തനം ചെയ്യുകയാണെന്നും അദ്ദേഹം സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
തർക്കമേഖലയിലെ ചൈനീസ് സാന്നിധ്യത്തെക്കുറിച്ച് സൂചനകൾ നൽകാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും ചെലവ് കുറഞ്ഞതുമായ എഐ സംവിധാനം സഹായിച്ചതായി ലെഫ്. ജനറൽ റാണ പറഞ്ഞു. 'അവർ എന്തോ ഒരു കാര്യത്തിന് തയ്യാറെടുക്കുന്നത് എഐ സംവിധാനത്തിലൂടെ നമുക്ക് കണ്ടെത്താൻ കഴിഞ്ഞു. അവരുടെ നീക്കത്തിന്റെ സമയം പ്രവചിക്കാനും ഞങ്ങൾക്ക് കൃത്യമായി കഴിഞ്ഞു.
അഭൂതപൂർവമായ നീക്കമായിരുന്നു ചൈന നടത്തിയത്. എഐ സഹായത്തോടെ സമയബന്ധിതമായി രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിച്ചു. ഇതിലൂടെ സേനയെ കൃത്യമായി വിന്യസിച്ചു, ഒഴിപ്പിക്കൽ ആസൂത്രണം ചെയ്തു. അതിന്റെ ഫലമായി ഇന്ത്യൻ ഭാഗത്ത് ആർക്കും ജീവൻ നഷ്ടമായില്ല. ഇന്ത്യ ഒരു സൂപ്പർ പവർ ആകാൻ ആഗ്രഹിക്കുമ്പോൾ, ഉത്തരവാദിത്തമുള്ള ആണവ ശക്തിയായിരിക്കുന്നതുപോലെ നമ്മൾ ഉത്തരവാദിത്തമുള്ള ഒരു എഐ ശക്തിയായും മാറണം'- അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |