
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള (സി.എ.എ) ഹർജികളിൽ മേയ് 5 മുതൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനം. മുസ്ലിം ലീഗിന്റെയടക്കം 240ൽപ്പരം ഹർജികളാണുള്ളത്. 2020ൽ കൊവിഡ് കാലത്താണ് കൂടുതൽ ഹർജികളുമെത്തിയത്. കേന്ദ്രം 2024 മാർച്ച് 11ന് ഇറക്കിയ സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് കേരളം ഹർജി നൽകിയിരുന്നു. അസാമിന്റെയും ത്രിപുരയുടെയും വിഷയം പ്രത്യേകം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയം തേടിയെത്തിയ ഹിന്ദു, സിഖ്, ജെയിൻ, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിലുള്ളവർക്കാണ് പൗരത്വം നൽകാൻ തീരുമാനിച്ചത്. മുസ്ലിം സമുദായത്തെ ഒഴിവാക്കി. മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ അഭയാർത്ഥികൾക്ക് പൗരത്വം നൽകാനുള്ള നീക്കം തുല്യത അടക്കം മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ഹർജികളിൽ പറയുന്നു.
മേയ് 5നും 6നും ഹർജിക്കാരെ കേൾക്കും
കേന്ദ്രസർക്കാർ അടക്കം എതിർകക്ഷികളെ 6,7 തീയതികളിൽ കേൾക്കും
ഇരുഭാഗത്തിനും മറുവാദം പറയാൻ മേയ് 12ന് അവസരം നൽകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |