
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുന്നതിന്റെ വീഡിയോ തെളിവ് ഹാജരാക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്. ഒരു പവൻ സ്വർണമാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് കണ്ണൂർ, യൂത്ത് കോൺഗ്രസ് കേരള ഫേസ്‌ബുക്ക് പേജുകളിൽ ഇതുസംബന്ധിച്ച പോസ്റ്റർ പുറത്തുവന്നു.
വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോ ദൃശ്യം വ്യക്തമല്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർപിഎഫ്) വ്യക്തമാക്കിയിരുന്നു. ആക്രമണം നടന്നെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ആർപിഎഫ് സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. എന്നാൽ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്ന് കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി), ആർപിഎഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങൾ ഇല്ലെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം ആരോഗ്യ മന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അതിന് കഴിഞ്ഞിരുന്നില്ല. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്താണ് പൊലീസ് കേസുമായി മുന്നോട്ടുപോകുന്നത്. റെയിൽവേ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |