Kerala Kaumudi Online
Saturday, 25 May 2019 2.05 PM IST

പൊന്തൻപുഴ വനം സർക്കാർ അലംഭാവം കാട്ടിയപ്പോൾ പെരുവഴിയിലായത് ആയിരത്തോളം കുടുംബങ്ങൾ

ponthanpuzha

അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങൾക്ക് 150 വർഷത്തെ പഴക്കുമുണ്ടെങ്കിലും ആ പ്രത്യക്ഷ സമരത്തെ കേരളം അറിഞ്ഞു തുടങ്ങിയത് ഈയടുത്താണ്. ജനിച്ചുവളർന്ന ആവാസ വ്യവസ്ഥ പതിച്ച് കിട്ടുന്നതിനും പ്രകൃതിയെ പ്രകൃതിയായി നിലനിറുത്താനുമുള്ള ജനകീയ പോരാട്ടം ഇപ്പോഴും തുടരുകയാണ്. പറഞ്ഞുവരുന്നത് പത്തനംതിട്ടകോട്ടയം ജില്ലകളിലായി 5000 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന പൊന്തൻപുഴ, വലിയകാവ് വന ഭൂമിയെ കുറിച്ചാണ്. ദശാബ്ധങ്ങളായി തുടർന്നുവന്ന കോടതി വ്യവഹാരത്തിലൂടെ ഈ സംരക്ഷിത വനപ്രദേശം സ്വകാര്യ വ്യക്തികളിലേക്ക് മാറ്റപ്പെടുകയാണ്. സംസ്ഥാന സർക്കാർ കോടതിയിൽ ദയനീയമായി പരാജയപ്പെടുകയായിരുന്നു. നൂറ്റാണ്ടിലേറെയായി താമസിച്ചുവന്ന സ്ഥലത്തിന് ഉടമസ്ഥാവകാശം തേടി ആയിരങ്ങൾ ഇപ്പോഴും അലഞ്ഞുകൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെടുന്ന ഒരു ജനവിഭാഗത്തിലേക്കാണ് നേർക്കണ്ണിന്റെ ഇന്നത്തെ യാത്ര.

മാറിവരുന്ന സർക്കാരുകൾ നടത്തുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിനും പ്രഖ്യാപനങ്ങൾക്കും നടുവിൽ ആ ജനത ഇന്നും കബളിപ്പിക്കപ്പെട്ട് കൊണ്ടേയിരിക്കുന്നു.പൊന്തൻപുഴ വനഭൂമി കേസിന് വർഷങ്ങളുടെ പഴക്കമുണ്ട്. സംരക്ഷിത വനം സ്വകാര്യ ഭൂമിയായി മാറിയതിന്റെ നാൾ വഴികൾ ചരിത്രത്തോട് കൂട്ടിവായിക്കപ്പെടേണ്ടതാണ്. മൂന്നുതലമുറ പിന്നിട്ടിട്ടും പട്ടയ അവകാശത്തിനായി സർക്കാരിന് മുന്നിൽ കൈനീട്ടുകയാണ് ഈ പ്രദേശവാസികൾ.കോട്ടയം പത്തനംതിട്ട ജില്ലകളിലെ റാന്നി, എരുമേലി ഫോറസ്റ്റ് ഡിവിഷനുകളിൽപ്പെട്ട ആലപ്ര, വലിയകാവ്, കറിക്കാട്ടൂർ റിസർവുകളാണ് പൊന്തൻപുഴവനം എന്ന പൊതുനാമത്തിൽ അറിയപ്പെടുന്നത്.

1905 ൽ ദിവാൻ സംരക്ഷിത വനമായി പ്രഖ്യാപിക്കുകയും തുടർന്ന് 1959 ൽ ഗസറ്റ് വിജ്ഞാപനത്തിലൂടെ വനംവകുപ്പ് ഏറ്റെടുക്കുകയും ചെയ്തതാണ് പൊന്തൻപുഴ വനം. എന്നാൽ തിരുവിതാംകൂർ രാജാവിനെ യുദ്ധത്തിൽ സഹായിച്ചതിന് പ്രതിഫലമായി നെയ്തല്ലൂർ കോവിലകത്തിന് രാജാവ് നീട്ടു നൽകിയ ഭൂമിയാണിതെന്ന് വാദിച്ച് സ്വകാര്യ വ്യക്തികൾ 1960 ൽ കോടതിയെ സമീപിക്കുകയും കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതിനെതിരെ വനംവകുപ്പ് വീണ്ടും കോടതിയെ സമീപിച്ച് 1979 ൽ സർക്കാരിന് അനുകൂലമായ വിധി നേടി. എന്നാൽ 1981 ൽ നെയ്തല്ലൂർ കോവിലകത്തിൽ നിന്ന് വാങ്ങിയ ഭൂമിയാണിതെന്നും ചെമ്പ് പട്ടയങ്ങൾ കൈവശം ഉണ്ടെന്നും കാണിച്ച് പാലാ സ്വദേശി കോടതിയെ സമീപിക്കുകയും കോവിലകത്തിന്റെ അവകാശികൾ അടങ്ങുന്ന ട്രസ്റ്റ് ഉൾപ്പെടെ ഉള്ള 283 പേർ അവകാശമുന്നയിച്ച് കേസിൽ കക്ഷി ചേർക്കുകയുമുണ്ടായി. ഈ കേസിലാണ് സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിടുവിച്ചിരിക്കുന്നത്.

പൊന്തൻപുഴയിലേയും പെരുമ്പെട്ടിയിലേയും സംരക്ഷിത വനമാണെന്നതിന് മതിയായ തെളിവുകൾ ഉണ്ടായിട്ടും അത് കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെടുകയായിരുന്നു. തലമുറകളായി വനാതിർത്തിയിൽ താമസിക്കുന്ന 1200 കുടുംബങ്ങൾ തങ്ങളുടെ വീടിനും ഭൂമിക്കും പുതിയ അവകാശികളായതിന്റെ അങ്കലാപ്പിലാണ്. 1910 ൽ തിരുവിതാംകൂർ ഭരണകാലത്ത് സീനിയർ ദിവാൻ പേഷ്‌കാർ ആയിരുന്ന എസ്. പത്മനാഭൻ അയ്യർ തയ്യാറാക്കിയ റവന്യൂ സെറ്റിൽമെന്റ് രേഖയിൽ സ്വകാര്യ വ്യക്തികൾ അവകാശം ഉന്നയിച്ച ഭൂമി സംരക്ഷിത വനമാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിർണായക രേഖകൾ കയ്യിലുണ്ടായിട്ടും പൊന്തൻപുഴയിലേത് സംരക്ഷിതവനമാണെന്ന് തെളിയിക്കാൻ സർക്കാരിനായില്ല എന്നതാണ് ഗുരുതര വീഴ്ചയായി ഉയർത്തിക്കാട്ടുന്നത്. ഹൈക്കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുമ്പോഴും വനഭൂമിയോട് ചേർന്ന് കിടക്കുന്ന 1200 കുടുംബങ്ങൾക്ക് പട്ടയം നൽകുന്ന കാര്യത്തിൽ തീരുമാനം അനന്തമായി നീളുകയാണ്.തലമുറകളായി താമസിച്ചിരുന്ന വീടിനും കൃഷിയിടത്തിനും കൊല്ലത്തും, ആലപ്പുഴയിലും, പാലായിലും, കോട്ടയത്തും പുതിയ അവകാശികൾ ഉണ്ടായിരിക്കുന്നു. അവകാശത്തർക്കം നിലനിൽക്കുന്ന ഭൂമി കുറ്റിക്കാടെന്ന വാദമാണ് ഹർജിക്കാർ ഉയർത്തിയത്. തലമുറകളായി കൈവശാവകാശമുള്ള ഭൂമി വനത്തിന്റെ അതേ സർവേ നമ്പരിൽ വന്നതോടെ തെരുവിലാക്കപ്പെട്ട ജീവിതമാണ് ഓരോരുത്തരുടേയും.

ponthanpuzha

വിദ്യാഭ്യാസ ലോണുകൾ കിട്ടാതെ വന്നതോടെ പഠനം മുടങ്ങിയ എത്രയോ പേരെ നമുക്ക് ഇവിടെ കാണാനാകും. മാറി മാറി അധികാരത്തിൽ വരുന്ന സർക്കാരുകൾ കൈവശഭൂമിയ്ക്ക് പട്ടയം നൽകാതെ കബളിപ്പിക്കുകയാണ്. വനഭൂമിയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾക്ക് നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ട നീതി നടപ്പാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ഇവിടെ എത്താറുള്ള ഭരണ പ്രതിപക്ഷ നേതാക്കൾ ഈ അവകാശ ലംഘനം കാണാതെ പോവുകയാണോ.1943 ൽ കുത്തകപ്പാട്ടമായി നൽകപ്പെട്ട വളകോടി ചതുപ്പ്, നെടുമ്പ്രം ചതുപ്പ് പ്രദേശങ്ങളിൽ ഇന്ന് 200 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഗ്രോമോർ പദ്ധതി പ്രകാരം സർക്കാർ തന്നെ നൽകിയ ഇടം 1955 ൽ റവന്യൂ വകുപ്പിന് കൈമാറുകയായിരുന്നു. എന്നാൽ വർഷം 2018 ൽ എത്തി നിൽക്കുമ്പോഴും പട്ടയം ഇവർക്ക് ഇന്നും അന്യമാണ്.

പൊന്തൻപുഴ, വലിയകാവ് വനാതിർത്തിയിൽ താമസിക്കുന്ന ഓരോരുത്തരും പട്ടയത്തിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിമടുത്തവരാണ്. മക്കളുടെ വിവാഹം ഉൾപ്പടെ പട്ടയപ്രശ്നത്താൽ മുടങ്ങിപ്പോകുന്ന സാഹചര്യവും. വനസംരക്ഷണ സമരമിതി നടത്തിവരുന്ന സമരങ്ങൾ മാധ്യമ ചർച്ചയാകുമ്പോൾ മാത്രം ഓടിയെത്താറുള്ള രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് ഇവർ നീതി പ്രതീക്ഷിക്കുന്നില്ല. തീരുമാനം എടുക്കാൻ ബാധ്യസ്ഥമായ ഭരണകൂടത്തിൽ മാത്രമാണ് ഏക പ്രതീക്ഷ. പച്ചപ്പിലും ഹരിത സമ്പത്തിലും ഊറ്റം കൊള്ളുന്ന കേരളത്തിൽ രാജ ശാസനകളുടെ പേര് പറഞ്ഞുള്ള കയ്യേറ്റങ്ങളെ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ.പൊന്തൻപുഴവലിയകാവ് വനസംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരം 200ാം ദിവസത്തിലേക്ക് അടുക്കുകയാണ്. വന ഭൂമി സംരക്ഷിച്ചുകൊണ്ട് തലമുറ കൈമാറി വന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന ആവശ്യം മാത്രമെ ഇവർക്കുള്ളു. വനഭൂമിയിൽ നിന്ന് മരുഭൂമിയിലേക്ക് ഒരു മഴുവിന്റെ ദൂരം മാത്രം ശേഷിക്കെ ശക്തമായ ഇടപെടൽ നടത്താൻ അധികാര വർഗത്തിന് കഴിയാതെ പോകരുത്. ഇവിടെ തോറ്റുപോയാൽ അതിന് മറുപടി പറയേണ്ടത് പല തലമുറകളോട് കൂടിയാണ്. നൂറ്റാണ്ടുകളുടെ നീതി നൽകുന്ന നാളേയ്ക്കായി അവർ കാത്തിരിക്കുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PONTHANPUZHA, FOREST
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY