SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.12 PM IST

മെറ്റേർണിറ്റി ഷൂട്ട് മുതൽ പൂരക്കാഴ്‌ച്ചകൾ വരെ; ക്യാമറയിൽ അതിശയമൊരുക്കുന്ന നാലുവയസുകാരി

Increase Font Size Decrease Font Size Print Page

pihu

കഴിഞ്ഞ ദിവസം മുഴുവൻ അവൾ അച്ഛനൊപ്പം പൂരപ്പറമ്പിലായിരുന്നു. തൃശൂർ പൂരത്തിന്റെ ഒരു മിനി വേർഷനാണ് പാലക്കാട്‌ മണപ്പുള്ളിക്കാവിലെ പൂരം. അച്ഛന്റെ തോളിലിരുന്ന് പൂരകാഴ്ചകൾ കാണുമ്പോൾ പലഹാരങ്ങളിലേക്കോ കളിപ്പാട്ടങ്ങളിലേക്കോ ആ നാലുവയസുകാരിയുടെ ശ്രദ്ധപോയില്ല. അവളുടെ കണ്ണുടക്കിയതെല്ലാം നല്ല ഫ്രെയിമുകളിലേക്കാണ്. പറഞ്ഞുവരുന്നത് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ താരമായ ഒരു ക്യാമറ ഗേളിനെക്കുറിച്ചാണ്. പിഹു എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുമിടുക്കിക്ക് നാലു വയസാണ് പ്രായം.

​ഓരോ കാഴ്ചയും ക്യാമറയിൽ പകർത്തിയ ശേഷം അവൾ അച്ഛന് കാണിച്ചുകൊടുക്കും. അച്ഛൻ അതിന് അഭിപ്രായം പറഞ്ഞു കഴിയുമ്പോഴാണ് അവൾക്ക് മനസ് നിറയുന്നത്. ഷാഫി പറമ്പിൽ എം പി ഷെയർ ചെയ്ത ഒരു വീഡിയോയിലൂടെയാണ് കുഞ്ഞി പിഹുവിനെ ആളുകൾ അറിഞ്ഞു തുടങ്ങിയത്. കുഞ്ഞിപിഹുവിന് മുന്നിൽ ഓരോ ഫോട്ടോയ്‌ക്കും പോസ് ചെയ്യുന്ന ഷാഫി പറമ്പിലിനെ വീഡിയോയിൽ കാണാം.

pooram

കൽപ്പാത്തി രഥോത്സവത്തിനിടെ പിഹു പകർത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രങ്ങളും വൈറലായിരുന്നു. അമ്മയുടെ മെറ്റേർണിറ്റി ഷൂട്ടിനും ക്യാമറ കൈയിലെടുക്കാൻ അവൾ മറന്നില്ല. വെറും നാലുവയസിലാണ് പിഹു ഈ ചിത്രങ്ങളെല്ലാം പകർത്തുന്നതെന്ന കാര്യമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. പിഹുവിന്റെ കുഞ്ഞുനാളിലെ ചിത്രങ്ങൾ സൂക്ഷിച്ച് വയ്‌ക്കുന്നതിനായാണ് അച്ഛനമ്മമാർ മകളുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. എന്നാൽ, ഇന്ന് ആ അക്കൗണ്ടിൽ നിറയെ പിഹു കാമറയിൽ പകർത്തിയ ചിത്രങ്ങളാണ്.

sreeshma

പിഹുവിന് ഫോട്ടോഗ്രാഫി ആരും പഠിപ്പിച്ച് കൊടുത്തതല്ല. അതവൾ പഠിച്ചെടുത്തതാണ്. 15 വർഷമായി ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന അച്ഛൻ വിപിൻ തന്നെയാണ് പിഹുവിന് പ്രചോദനമായത്. രണ്ടുവയസിന് മുൻപ് തന്നെ ഫോണിൽ ചിത്രങ്ങളെടുക്കാൻ പിഹു ശ്രമിക്കുമായിരുന്നു. രണ്ട് വയസുള്ളപ്പോൾ ഒരു കൂട്ടുകാരന്റെ മകളുടെ ബർത്ത്ഡേ പാർട്ടിയിൽ വച്ചാണ് കാമറ കൈകാര്യം ചെയ്യാനുള്ള പിഹുവിന്റെ കഴിവ് വിപിൻ ശ്രദ്ധിച്ചത്. ഒരു കൗതുകത്തിനായാണ് പിഹുവിന്റെ കൈയിലേക്ക് കാമറ നൽകിയത്. രണ്ട് വയസുള്ള ഒരു കുട്ടിക്ക് താങ്ങാവുന്നതിലധികം ഭാരം കാമറയ്‌ക്കുണ്ടായിരുന്നു. വീഴാതെ നടക്കാനായി പാടുപെടുമ്പോഴും അവൾ കാമറ സുരക്ഷിതമായി കൈയിലൊതുക്കിയിരുന്നു. വളരെ പ്രൊഫഷണലായാണ് അവൾ കാമറ പിടിച്ചിരുന്നതെന്ന് വിപിൻ ഓർക്കുന്നു. കാമറയുടെ സാങ്കേതിക വശങ്ങളൊന്നും പിഹുവിനറിയില്ല. അടിസ്ഥാനമായിട്ടുള്ള അപ്പർച്ചറും ഷട്ടർസ്‌പീഡും എന്താണെന്ന് പറഞ്ഞുകൊടുത്തിട്ടുണ്ട്. അവളുടെ സംശയങ്ങൾക്കനുസരിച്ച് ഓരോ കാര്യങ്ങൾ പറഞ്ഞുകൊടുക്കാമെന്ന് വിപിൻ പറയുന്നു. ഇന്ന് വിപിന്റെ ഒരു പഴയ സോണി കാമറയാണ് പിഹു ഉപയോഗിക്കുന്നത്. അതിപ്പോൾ പിഹുവിന്റെ സ്വന്തം കാമറായാണ്.

പാലക്കാട് സ്വദേശികളായ വിപിൻ ദാസിന്റെയും ശ്രീഷ്‌മയുടെയും മൂത്തമകളാണ് പിഹു എന്ന ശ്രീസായ്‌വി. രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ട് ഒരു മാസം കഴിയുന്നതേയുള്ളു. അമ്മ ശ്രീഷ്‌മ പ്രസവകാലയളവിലായതിനാൽ അച്ഛന്റെ ജോലിസംബന്ധമായ യാത്രകളിലെല്ലാം പിഹുവും ഒപ്പം കൂടും. പോകുന്ന ഓരോ സ്ഥലങ്ങളും അവൾ ഓർത്ത് വയ്‌ക്കും. നല്ല ഫ്രെയിമുകളുണ്ടെങ്കിൽ അച്ഛന് കാണിച്ചുകൊടുക്കും. അനുജത്തിയുടെ പേരിടൽ ചടങ്ങിന്റെ ദിവസം പക്ഷേ പിഹു പാർട്ടി വൈബിലായിരുന്നു. അപ്പോഴും പാർട്ടിയിലെത്തിയ ഫോട്ടോഗ്രാഫർമാരോട് എവിടെ നിന്നാൽ നല്ല ഫ്രെയിം കിട്ടുമെന്ന് നിർദേശം നൽകാൻ അവൾ മറന്നില്ല.

pihu

​​ഓട്ടോഫോക്കസ് ഉള്ള കാമറകളിൽ ആർക്കുവേണമെങ്കിലും ഫോട്ടോയെടുക്കാൻ സാധിക്കുമെന്ന് പറയുന്നവരുമുണ്ട്. അതേസമയം അവളെക്കാൾ പ്രായമുള്ളവർ പകർത്തുന്ന ചിത്രങ്ങളോട് താരതമ്യപ്പെടുത്തിയല്ല അവളുടെ കഴിവിനെ അളക്കേണ്ടതെന്ന ചിന്ത പലർക്കുമില്ലെന്ന് വിപിൻ പറയുന്നു.

'നല്ലൊരു ഫോട്ടോഗ്രാഫർ ആകണമെന്നാണ് ഇന്നവളുടെ ആഗ്രഹം. അതൊരുപക്ഷേ മാറിമറിയാം. ഇന്ന് മോൾക്ക് ഏറ്റവും കൂടുതൽ അടുത്തറിയുന്ന തൊഴിൽ ഫോട്ടോഗ്രാഫിയാണ്.നാളെ അവൾക്കുമുന്നിൽ തുറന്നുകിടക്കുന്ന സാദ്ധ്യതകളുടെ ലോകത്തെക്കുറിച്ച് തിരിച്ചറിയുമ്പോൾ പിഹുവിന് മറ്റേതെങ്കിലും പ്രൊഫഷൻ തിരഞ്ഞെടുക്കാനാകും ആഗ്രഹം. അപ്പോഴും എപ്പോഴും അവളുടെ ആഗ്രഹങ്ങളെ പിന്തുണയ്‌ക്കാനാണ് ഞാനാഗ്രഹിക്കുന്നത്. മക്കൾക്ക് വളരാനും തിരിച്ചറിയാനുമുള്ള സാഹചര്യമൊരുക്കുകയാണ് മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം'- വിപിൻ പറയുന്നു.

TAGS: KIDS, KIDS, PHOTOGRAPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.