SignIn
Kerala Kaumudi Online
Wednesday, 15 July 2020 5.56 PM IST

ഐ.എസ്.എൽ ആറാം സീസണിന് ഇന്ന് കൊച്ചിയിൽ ബ്ളാസ്‌റ്റേഴ്സ് - എ.ടി.കെ മത്സരത്തോടെ തുടക്കം

isl-kerala-blasters

കൊച്ചി : കാൽപ്പന്തുകളിയുടെ നാടായ കേരളത്തിന്റെ ഫുട്ബാൾ ആവേശത്തിന് കേരള ബ്ളാസ്റ്റേഴ്സിന്റെ മഞ്ഞനിറച്ചാർത്തണിഞ്ഞ് ഒരു ഐ.എസ്.എൽ ഫുട്ബാൾ സീസണിന് കൂടി തുടക്കമാകുന്നു.

ഇന്ന് കാെച്ചിയിലാണ് ആറാം പൂരത്തിന്റെ കൊടിയേറ്റ്. ആദ്യ അങ്കത്തിൽ മാറ്റുരയ്ക്കുന്നത് കേരളത്തിന്റെ സ്വന്തം കൊമ്പന്മാരായ ബ്ളാസ്റ്റേഴ്സും കൊൽക്കത്തയിൽ നിന്നെത്തുന്ന എ.ടി.കെയും. ഇത് തുടർച്ചയായ മൂന്നാംസീസണിലാണ് ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സും കൊൽക്കത്തയും ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി 7.30 നാണ് അഞ്ചുമാസത്തോളം നീളുന്ന ലീഗിന്റെ കിക്കോഫ്.

കഴിഞ്ഞ അഞ്ചുതവണ എഴുന്നള്ളത്തിനിറങ്ങിയിട്ടും ഇതുവരെ തിടമ്പേറ്റാൻ കഴിഞ്ഞിട്ടില്ലാത്ത ബ്ളാസ്റ്റേഴ്സിന്റെ മഞ്ഞക്കൊമ്പന്മാർ ഇക്കുറി കിരീടം നേടുകയെന്ന ഏക ലക്ഷ്യത്തോടെയാണ് കച്ചമുറുക്കിയിരിക്കുന്നത്. ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പരിശീലകരെ പരീക്ഷിച്ച ക്ളബുകളിലൊന്നായ മഞ്ഞപ്പട ഇക്കുറി അവതരിപ്പിക്കുന്നത് ഇൗൽക്കോ ഷാറ്റോരി എന്ന ഡച്ചുകാരനെയാണ്.

പ്രയാഗ് യുണൈറ്റഡ്, ഇൗസ്റ്റ് ബംഗാൾ തുടങ്ങിയ ക്ളബുകളെ ഐ ലീഗിൽ പരിശീലിപ്പിച്ച ഷാറ്റോരി കഴിഞ്ഞ സീസണിൽ ഒന്നുമല്ലാതിരുന്ന നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിനെ പ്ളേ ഒഫ് വരെയെത്തിച്ച പ്രതിഭയാണ്. വടക്കുകിഴക്കുനിന്ന് കൊച്ചിയിലേക്ക് എത്തിയ ഷാറ്റോരി നോർത്ത് ഇൗസ്റ്റിന്റെ ഗോളടിയന്ത്രം ബാർത്തലോമിയോ ഒഗുബച്ചെയെയും കാവൽ മാലാഖയും മലയാളിയുമായ ടി. പി.പി. രഹ്‌നേഷിനെയും ഒപ്പം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഐ.എസ്.എൽ അരങ്ങേറ്റം കുറിച്ച് 18 മത്സരങ്ങളിൽ നിന്ന് ഹാട്രിക് അടക്കം 18 ഗോളുകൾ അടിച്ചുകൂട്ടിയ വിസ്മയമാണ് 35 കാരനായ ഒഗുബച്ചെ. കഴിഞ്ഞ സീസണുകളിലൊക്കെ ബ്ളാസ്റ്റേഴ്സിനെ നയിച്ച സന്ദേശ് ജിംഗാനെ മാറ്റി ഒഗുബച്ചെയെ നായകനാക്കിയാണ് ഷാറ്റോരി അവതരിപ്പിക്കുന്നത്. ക്യാപ്ടൻസി നഷ്ടത്തിന് പിന്നാലെ പരിക്കും പിടികൂടിയ ജിംഗാന് ആദ്യഘട്ടത്തിൽ ബ്ളാസ്റ്റേഴ്സിനുവേണ്ടി കളിക്കാനുമാകില്ല. ജിംഗാന് പകരക്കാരനായി ഇന്ത്യൻ ഡിഫൻഡർ രാജുഗെയ്ക്ക്‌വാദിനെ ബ്ളാസ്റ്റേഴ്സ് സംഘത്തിലെടുത്തിട്ടുണ്ട്. എന്നാൽ രാജുവിന്റെ ഫിറ്റ്നെസിലും ആശങ്കകളുണ്ട്.

ബ്ളാസ്റ്റേഴ്സിന്റെ മിശ്രണം

വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള മികവുറ്റ താരങ്ങളെ കൂട്ടിയിണക്കിയാണ് ബ്ളാസ്റ്റേഴ്സ് ഇക്കുറി ടീമിനെ തയ്യാറാക്കിയിരിക്കുന്നത്. ഒഗുബച്ചെയെ കൂടാതെ ജിയാന്നി സുയിവർലൂൺ, മരിയോ ആർക്വേസ്, റാഫേൽ മെസി ബൗളി, ജയ്റോ റോഡ്രിഗസ്,​ ജെഡെൽ കാർണെയ്റോ,​ ഡാരൻ കാൽഡെയ്‌റ, സെർജിയോ സി ഡോഞ്ച തുടങ്ങിയവരാണ് വിദേശത്തുനിന്നു എത്തിയിരിക്കുന്നത്.

മലയാളി ആരാധകർക്ക് ആവേശം പകരാൻ യംഗ് സെൻ സേഷൻ സഹൽ അബ്ദുൽ സമദ് മധ്യനിരയിൽ അവതരിക്കും. രഹ്‌നേഷിന് സ്വന്തം നാട്ടിലെ ക്ളബിനെ പ്രതിനിധീകരിക്കാൻ അവസരം നൽകിയതിനൊപ്പം പഴയ പടക്കുതിര മുഹമ്മദ് റാഫിയെ തിരിച്ചുവിളിച്ചിരിക്കുന്നു. അണ്ടർ 17 ലോകകപ്പിന്റെ തിളക്കവുമായി കെ.വി. രാഹുലും മിഡ്ഫീൽഡർ കെ. പ്രശാന്തും അബ്ദുൽ ഹക്കുവും ഷിബിൻ രാജുമൊക്കെ മലയാളി സാന്നിദ്ധ്യമായി ടീമിലുണ്ട്.

ദേശീയ തലത്തിൽ കരുത്ത് തെളിയിച്ചിട്ടുള്ള മിഡ്ഫീൽഡർ സത്യസെൻ, ഗോളി ബിലാൽ ഖാൻ, രാജു ഗെയ്യ്ക്ക് വാദ്, ഹാളിചരൺ നർസാറി, ലാൽ റു താര, പ്രീതംസിംഗ്, ജീക്സൺ സിംഗ് തുടങ്ങിയവരും മഞ്ഞപ്പടയിലുണ്ട്.

ബ്ളാസ്റ്റേഴ്സ് ഇതുവരെ

2014 - റണ്ണേഴ്സ് അപ്പ്

2015 - 8-ാംസ്ഥാനം

2016- റണ്ണേഴ്സ് അപ്പ്

2017/18 - 6-ാം സ്ഥാനം

2018/19 - 9-ാം സ്ഥാനം

ബ്ളാസ്റ്റേഴ്സിന്റെ 9-ാമത്തെ പരിശീലകനാണ് ഇൗൽകോ ഷാറ്റോറി. റെനെ മ്യൂളൻസ്റ്റീനുശേഷം ഹോളണ്ടിൽ നിന്നെത്തുന്ന പരിശീലകൻ. പരിശീലനരംഗത്ത് രണ്ട് പതിറ്റാണ്ടിനെ പരിചയ സമ്പത്ത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഇടയ്ക്കുവച്ച് ബ്ളാസ്റ്റേഴ്സ് പരിശീലകനെ മാറ്റിയിരുന്നു. സഹപരിശീലകനായി പഴയ ബ്ളാസ്റ്റേഴ്സ് താരം ഇഷ്ഫഖ് അഹമ്മദ് ഒപ്പമുണ്ട്.

രാത്രി ഏഴരയ്ക്കാണ് മത്സരങ്ങൾ തുടങ്ങുന്നത്. സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റിലും മൂവീസിലും ലൈവ്. ഹോട്ട് സ്റ്റാറിലും ജിയോ ടിവിയിലും ലൈവ് സ്ട്രീമിംഗ്.

ടീമുകളാണ് ഇക്കുറി ഐ.എസ്.എല്ലിൽ മത്സരിക്കാനിറങ്ങുന്നത്. ഇതിൽ രണ്ട് ടീമുകൾ അരങ്ങേറ്റത്തിന്. പൂനെ സിറ്റി എഫ്.സിക്കുപകരം ഹൈദരാബാദ് എഫ്.സി ഡൽഹി ഡൈനാമോസ് ഒഡിഷ എഫ്.സിയെന്ന് പേരുമാറി ഇറങ്ങുന്നു.

കരുത്തോടെ എ.ടി.കെ

ക്ളബിന്റെ ആദ്യപരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസിന്റെ തിരിച്ചുവരവാണ് എ.ടി.കെയുടെ ഇൗ സീസണിലെ ഹൈലൈറ്റ്. ആദ്യ സീസണിൽ ഫൈനലിൽ ബ്ളാസ്റ്റേഴ്സിനെ കീഴടക്കി കിരീടം ചൂടിച്ചത് ഹബാസാണ്.

പ്രണോയ് ഹാൽദർ, പ്രീതം കോട്ടാൽ, കോമൾ തട്ടാൽ, ധീരജ് സിംഗ്, ബൽവന്ത് സിംഗ്, ജയേഷ് റാണേ, യാവി ഹെർണാണ്ടസ്, എഡു ഗാർഷ്യ, സലാം രഞ്ജൻ സിംഗ്, മൈക്കേൽ സൂസൈ രാജ്, അരിന്ദം ഭട്ടാചാര്യ , സെഹ്‌നാജ് സിംഗ്, ജോൺ ജോൺസൺ തുടങ്ങിയവരാണ് സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള ക്ളബിലെ പ്രധാനികൾ.

. മലയാളികളായ അനസ് എടത്തൊടികയും ജോബി ജസ്റ്റിനും എ.ടി.കെ ടീമിലുണ്ടെങ്കിലും ഇന്ന് കളിക്കാനാവില്ല. കഴിഞ്ഞ ഐ.എസ്.എൽ, ഐ ലീഗ് സീസണുകളിലെ അച്ചടക്കലംഘനത്തിനുള്ള വിലക്കാണ് പ്രശ്നം.

കേരള ബ്ളാസ്റ്റേഴ്സ്

രണ്ട് തവണ ഫൈനലിൽ കളിച്ച ടീം. കഴിഞ്ഞ രണ്ട് സീസണുകളായി മോശം പ്രകടനം. ഉയിർത്തെഴുന്നേൽപ്പിനുള്ള ശ്രമമാണ് ഇക്കുറി. മികച്ച വിദേശ താരങ്ങളെയും പരിശീലകനെയും എത്തിച്ചിട്ടുണ്ട്. ദുബായിലെ പരിശീലന മത്സരങ്ങൾ റദ്ദാക്കേണ്ടിവന്നത് തിരിച്ചടി.

ഹൈദരാബാദ് എഫ്.സി

ഇൗ സീസണിൽ അരങ്ങേറ്റം. പൂനെ എഫ്.സിക്ക് പകരമുള്ള ടീം. ഫിൽബ്രൗൺ കോച്ച്. മാഴ്സലീഞ്ഞോ സൂപ്പർ താരം.

നോർത്ത് ഇൗസ്റ്റ്

കഴിഞ്ഞ സീസണിൽ ആദ്യമായി പ്ളേ ഒാഫിലെത്തി.

എ.ടി.കെ

പ്രഥമ ലീഗ് ചാമ്പ്യന്മാർ. 2016 ലും കിരീടം നേടി. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ബംഗളൂരു

നിലവിലെ ചാമ്പ്യൻമാർ. 2017/18 സീസണിലായിരുന്നു ഐ.എസ്.എൽ അരങ്ങേറ്റം. ആ സീസണിൽ റണ്ണേഴ്സ് അപ്പ്. സുനിൽ ഛെത്രിയാണ് നായകൻ.

ഒഡിഷ എഫ്.സി

ഡൽഹി ഡൈനാമോസിന്റെ പുതിയ രൂപം. ആസ്ഥാനം ഭുവനേശ്വർ. സ്പാനിഷ് താരം മാർക്കോസ് ടെബറാണ് ക്യാപ്ടൻ. സ്പെയ്ൻ കാരം ജോസഫ് ഗൊംബാവു കോച്ച്.

ജംഷഡ്പൂർ

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ക്ളബിന്റെ മൂന്നാമത്തെ ഐ.എസ്.എൽ സീസൺ. കഴിഞ്ഞ രണ്ട് സീസണുകളിലും അഞ്ചാം സ്ഥാനക്കാരായിരുന്നു.

എഫ്.സി ഗോവ

രണ്ട് തവണ ഫൈനലിൽ തോറ്റവർ. നാലുതവണ സെമിയിൽ കളിച്ചു. കഴിഞ്ഞ സീസണിൽ ഫൈനലിൽ തോറ്റു.

മുംബയ് സിറ്റി

കഴിഞ്ഞ സീസണിൽ സെമിയിൽ കളിച്ച ടീം. 2016 ലും സെമിയിലെത്തിയിരുന്നു.

ചെന്നൈയിൻ എഫ്.സി

രണ്ടുതവണ കിരീടം നേടിയവരാണ് ചെന്നൈയിൻ എഫ്.സി. 2015, 2017/18 സീസണുകളിലായിരുന്നു കിരീടധാരണം. പക്ഷേ കഴിഞ്ഞ സീസണിൽ ഏറ്റവും പിന്നിൽ പത്താമതായി ഫിനിഷ് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, ISL BLASTERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.