
അഹമ്മദാബാദ്: മറ്റൊരു ലോകകപ്പ് ഫൈനലിന് ഇന്ത്യ എത്തുകയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍. 2023 നവംബര്‍ 19ന് ഓസ്ട്രേലിയക്ക് മുന്നില്‍ തോല്‍വി വഴങ്ങി ലോക കിരീടം നഷ്ടപ്പെട്ട അതേ സ്റ്റേഡിയം. ആര്‍ക്കും തോല്‍പ്പിക്കാനാകാത്തവരുടെ സംഘം എന്ന വിശേഷണവുമായി എത്തിയ രോഹിത് ശര്‍മ്മയുടെ ടീം ഇന്ത്യയെ ഓസീസ് സംഘം ഒന്ന് പൊരുതാന്‍ പോലും അനുവദിക്കാതെ പരാജയപ്പെടുത്തുകയായിരുന്നു. പിന്നീട് ട്വന്റി 20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയുമൊക്കെ നേടിയെങ്കിലും അന്നത്തെ ആ വേദന ഇന്നും ആരാധകരുടെ മനസ്സില്‍ നിന്ന് മാറിയിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റിന് അത്ര നല്ല ഓര്‍മകളല്ല നരേന്ദ്ര മോദി സ്റ്റേഡിയത്തിലുള്ളത്. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ വിജയിച്ച് എത്തിയാണ് 2023ല്‍ ഫൈനലിലെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. ട്വന്റി 20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇന്ത്യക്ക് പക്ഷേ സ്റ്റേഡിയം മാത്രമല്ല ആശങ്ക സമ്മാനിക്കുന്നത്. ഒരു ക്രിക്കറ്റ് ആരാധകനും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യം കൂടിയുണ്ട് ഇത്തവണ ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍.
കാര്യം ഇന്ത്യ തകര്‍പ്പന്‍ ഫോമിലാണ്, സ്വന്തം നാട്ടില്‍ 1.30 ലക്ഷം കാണികളുടെ മുന്നില്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലാണ് ഫൈനല്‍.
ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. എന്നാല്‍ ട്വന്റി 20 ലോകകപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യ ഇതുവരെ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയിട്ടില്ല എന്ന ഒരു വസ്തുതയാണ് ആരാധകരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. 2007ലെ പ്രഥമ ലോകകപ്പ് മുതല്‍ നാളിതുവരെ നടന്ന വിവിധ എഡിഷനുകളിലായി മൂന്ന് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജയം ബ്ലാക് ക്യാപ്സിന് ഒപ്പമായിരുന്നു.
2007ലെ പ്രഥമ ലോകകപ്പില്‍ ജൊഹാനസ്ബര്‍ഗില്‍ ഏറ്റുമുട്ടിയപ്പോള്‍ 10 റണ്‍സിനായിരുന്നു കിവീസിന്റെ വിജയം. പിന്നീട് ഇരുവരും ഏറ്റുമുട്ടിയത് 2016ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ആയിരുന്നു. നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ വെറും 127 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 79 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 47 റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ 2021ലാണ് ഒടുവിലായി ഏറ്റുമുട്ടിയത് അന്ന് എട്ട് വിക്കറ്റുകള്‍ക്കായിരുന്നു കിവീസിന്റെ വിജയം.
കിരീടം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യക്ക് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത് ഈ ചരിത്രം തന്നെയാണ്. എന്നാല്‍ ട്വന്റി 20 ക്രിക്കറ്റിലെ ആകെ റെക്കോഡ് പരിശോധിച്ചാല്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 16 തവണയും ന്യൂസിലാന്‍ഡ് 11 തവണയും വിജയിച്ചിട്ടുണ്ട്. സമീപകാല റെക്കോഡ് പരിശോധിച്ചാലും ഇന്ത്യ ബഹുദൂരം മുന്നിലാണ്. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന പരമ്പരയില്‍ 4-1ന് ആയിരുന്നു ഇന്ത്യയുടെ വിജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |