
ചെന്നൈ: നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌യെയും നടി തൃഷയെയും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് നടിയും ബിജെപി നേതാവുമായ ഖുഷ്‌ബു സുന്ദർ. അതവരുടെ സ്വകാര്യ ജീവിതമാണെന്നും അത് വലിയ കാര്യമായി എടുക്കേണ്ടതില്ലെന്നുമായിരുന്നു ഒരഭിമുഖത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് നടിയുടെ പ്രതികരണം.
'ആളുകൾക്ക് ഇതിലെന്താണ് കാര്യമെന്ന് എനിക്ക് മനസിലാകുന്നില്ല. അതവരുടെ സ്വകാര്യ ജീവിതമാണ്. അവരുടെ സ്വകാര്യജീവിതം ജനങ്ങളെ ബാധിക്കുകയാണെങ്കിൽ അപ്പോൾ നമുക്ക് സംസാരിക്കാം. അവരുടെ സ്വകാര്യ ജീവിതത്തിൽ തലയിടേണ്ട കാര്യം ജനങ്ങൾക്കില്ല. ആളുകൾ എന്തിനാണ് ഇത് വലിയ കാര്യമായെടുക്കുന്നത്? അവർക്ക് അവരുടെ ജീവിതം നോക്കാനറിയാം. ജനങ്ങളെ അത് ബാധിക്കുന്നില്ല'- എന്നായിരുന്നു വിജയ്‌യും തൃഷയും ഒരു ചടങ്ങിന് ഒരുമിച്ചെത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഖുഷ്‌ബുവിന്റെ മറുപടി.
വിവാദങ്ങൾ വിജയ്‌യുടെ ജനപ്രീതിയെ ബാധിക്കുമോയെന്ന ചോദ്യത്തിനും താരം മറുപടി നൽകി. 'ജനങ്ങൾക്ക് ശരിയായി വോട്ട് ചെയ്യാനറിയാം. എപ്പോൾ. എവിടെ വോട്ട് ചെയ്യണമെന്ന് അവർക്കറിയാം. ആരുടെയും സ്വകാര്യ ജീവിതത്തെ ഇക്കാര്യങ്ങൾ ബാധിക്കുമെന്ന് തോന്നുന്നില്ല. നേതാവാണെങ്കിലും അല്ലെങ്കിലും അദ്ദേഹം ഒരു മനുഷ്യനാണ്. നമ്മളെപ്പോലെ ഒരു സാധാരണക്കാരനാണ്. മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങൾ അദ്ദേഹത്തെ ബാധിക്കില്ല'- ഖുഷ്ബു കൂട്ടിച്ചേർത്തു.
വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന്റെ വിവരങ്ങൾ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സംഗീത വിവാഹമോചനക്കേസിൽ ആരോപിക്കപ്പെടുന്ന നടി തൃഷയാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇതിനിടെയാണ് നിർമ്മാതാവ് കല്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സത്കാരത്തിന് താരജോഡികൾ ഒന്നിച്ചെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |