
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ ആശങ്കയിലായ പ്രവാസികൾക്ക് ആശ്വാസവാക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം നടക്കുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഒരു ഇന്ത്യക്കാരനെ പോലും കൈവിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കലൂരിൽ നടന്ന 10,800കോടി രൂപയുടെ വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് രാജ്യങ്ങളിലും പശ്ചിമേഷ്യയിലും ജോലി ചെയ്യുന്ന ഇന്ത്യക്കാരെക്കുറിച്ച് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ബിജെപി-എൻഡിഎ സർക്കാർ സർവ്വ സജ്ജമാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. 'നമ്മുടെ പൗരന്മാർ എവിടെയെങ്കിലും അപകടത്തിൽപ്പെട്ടാൽ, അവരെ രക്ഷിക്കാനും സുരക്ഷിതമായി തിരിച്ചെത്തിക്കാനും ഞങ്ങൾ സർവ്വ ശക്തിയും ഉപയോഗിക്കും. ഇന്നത്തെ ഇന്ത്യ ഒരുകാലത്തും തങ്ങളുടെ പൗരന്മാരെ പ്രതിസന്ധിയിൽ ഉപേക്ഷിക്കില്ല.'- പ്രധാനമന്ത്രി പറഞ്ഞു.
മുൻകാലങ്ങളിലെ രക്ഷാദൗത്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ രക്ഷപ്പെടുത്തിയതും, യമനിലെ ഭീകരരുടെ പിടിയിൽ നിന്ന് ഫാദർ ടോമിനെ മോചിപ്പിച്ചതും, അഫ്ഗാനിസ്ഥാനിൽ നിന്ന് ഫാദർ അലക്സിസ് പ്രേംകുമാറിനെ സുരക്ഷിതനായി മടക്കിക്കൊണ്ടുവന്നതും അദ്ദേഹം അനുസ്മരിച്ചു. നിലവിൽ യുദ്ധമുഖത്ത് അകപ്പെട്ടവർക്ക് എല്ലാ സഹായങ്ങളും എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. മാർച്ച് എട്ട് വരെ 67,000 ഇന്ത്യക്കാർ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തി. ഇറാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് പൗരന്മാർക്കും ആവശ്യമായ സഹായങ്ങൾ ടെഹ്റാനിലെ ഇന്ത്യൻ എംബസി നൽകിവരുന്നുണ്ടെന്നും തിങ്കളാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രാജ്യസഭയെ അറിയിച്ചു.
ബിസിനസ് ആവശ്യങ്ങൾക്കായി പോയവരെ അർമേനിയ വഴി സുരക്ഷിതമായി പുറത്തെത്തിച്ചു. യുഎഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, ജോർദാൻ, ഇസ്രയേൽ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി പ്രധാനമന്ത്രി സംസാരിച്ചിട്ടുണ്ടെന്നും ജയശങ്കർ അറിയിച്ചു. 'സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്ന് അതാത് രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങൾ ഇന്ത്യയ്ക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ആറ് ജിസിസി രാജ്യങ്ങളിലായി ഏകദേശം ഒരു കോടിയിലധികം ഇന്ത്യക്കാരാണ് വസിക്കുന്നത്. ഇതിൽ 35 ലക്ഷത്തോളം പേർ യുഎഇയിൽ മാത്രമാണുള്ളത്' ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |